Science

ചരിത്രംകുറിച്ച് അഗ്നികുൽ കോസ്മോസ്, അഗ്നിബാൻ വിക്ഷേപണം വിജയം; ലോകത്തിലെ ആദ്യ 3ഡി പ്രിന്റഡ് സെമി ക്രയോജനിക് എൻജിൻ

ഇന്ത്യയിലെ ആദ്യ സെമി ക്രയോജനിക് എൻജിനാണ് ചെന്നൈ ആസ്ഥാനമായ ബഹിരാകാശ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസ് വികസിപ്പിച്ച അഗ്നിബാൻ റോക്കറ്റിന്റേത്

വെബ് ഡെസ്ക്

ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ വ്യവസായത്തിൽ സുപ്രധാന നാഴികക്കല്ലായി അഗ്നിബാൻ റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം വിജയം. ലോകത്തിലെ ആദ്യ സിംഗിൾ പീസ് 3ഡി പ്രിൻ്റഡ് സെമി-ക്രയോജനിക് എൻജിനായ അഗ്‌നിലെറ്റാണ് റോക്കറ്റിന്റെ കരുത്തെന്നതാണു ദൗത്യത്തിന്റെ പ്രത്യേകത.

ചെന്നൈ ആസ്ഥാനമായ ബഹിരാകാശ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസ്, നാല് ശ്രമങ്ങൾ പരാജയപ്പെട്ടശേഷമാണു അഗ്നിബാൻ വിക്ഷേപണത്തിൽ വിജയം കണ്ടിരിക്കുന്നത്. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സ്വന്തം വിക്ഷേപണത്തറയിൽനിന്നാണ് അഗ്നികുൽ കോസ്മോസ് വിക്ഷേപിച്ചത്.

ഒറ്റ ഘട്ടം മാത്രമുള്ള വിക്ഷേപണവാഹനമാണ് അഗ്നിബാൻ. സാങ്കേതികവിദ്യയുടെ പ്രദർശനമായിരുന്നു സബ് ഓർബിറ്റൽ വിക്ഷേപണത്തിന്റെ ലക്ഷ്യം. രണ്ടു മിനുറ്റ് നീണ്ട വിക്ഷേപണത്തിനൊടുവിൽ റോക്കറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചു. ഇന്ത്യയിലെ ആദ്യ സെമി ക്രയോജനിക് എൻജിനാണ് അഗ്നിബാന്റേത്.

575 കിലോഗ്രാം ഭാരവും 6.2 മീറ്റര്‍ നീളവുമുള്ളതാണ് അഗ്നിബാൻ റോക്കറ്റിന് 300 കിലോഗ്രാം പേലോഡ് 700 കിലോമീറ്റർ ഉയരമുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിയും. തദ്ദേശീയമായി കസിപ്പിച്ച സബ്-കൂള്‍ഡ് ലിക്വിഡ് ഒക്‌സിജന്‍ അടിസ്ഥാനമാക്കിയുള്ളതാണ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം. മണ്ണെണ്ണയും മെഡിക്കല്‍ ഗ്രേഡ് ലിക്വിഡ് ഓക്‌സിജനും അടങ്ങുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനമാണ് റോക്കറ്റില്‍ ഉപയോഗിച്ചത്.

"ഐഎസ്ആർഒയുടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ (എസ്‌ഡിഎസ്‌സി)-ഷാറിലെ ഞങ്ങളുടേതായ ഇന്ത്യയിലെ ആദ്യ സ്വകാര്യ ലോഞ്ച്പാഡിൽനിന്നുള്ള അഗ്നിബാൻ സബ് ഓർബിറ്റൽ ടെക്നോളജി ഡമോൺസ്ടേറ്ററിന്റെ ആദ്യ പരീക്ഷണ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതായി അറിയിക്കുന്നു. ഈ നിയന്ത്രിത ലംബ ആരോഹണ പരീക്ഷണം എല്ലാ ദൗത്യ ലക്ഷ്യങ്ങളും ഉദ്ദേശിച്ചതരത്തിൽ പൂർത്തിയാക്കി. പൂർണമായും സ്വന്തമായി നിർമിച്ച റോക്കറ്റിനു കരുത്തുപകരുന്നത് ലോകത്തിലെ ആദ്യ സിംഗിൾ പീസ് 3 ഡി പ്രിൻ്റഡ് എൻജിനാണ്. സെമി ക്രയോ എൻജിൻ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ റോക്കറ്റ് വിക്ഷേപണവുമാണിത്,” അഗ്നികുൽ കോസ്‌മോസ് അറിയിച്ചു.

അഗ്നിബാൻ വിക്ഷേപണം വിജയകരമാക്കിയ അഗ്നികുൽ കോസ്മോസിനെ ഐഎസ്ആർഒ അഭിനന്ദിച്ചു.

"അഗ്നിബാൻ-01 ദൗത്യം വിജയകരമായി വിക്ഷേപിച്ചതിന് അഭിനന്ദനങ്ങൾ. ഒരു പ്രധാന നാഴികക്കല്ല് ആണിത്. സെമി-ക്രയോജനിക് ലിക്വിഡ് എൻജിന്റെ ആദ്യ നിയന്ത്രിത വിക്ഷേപണം സ്വന്തം നിർമാണത്തിലൂടെ യഥാർത്ഥ്യമാക്കിയതിലൂടെ സുപ്രധാന നാഴികക്കല്ലാണ് കൈവരിച്ചിരിക്കുന്നത്," ഐഎസ്ആർഒ എക്‌സിൽ കുറിച്ചു.

ടീമിൻ്റെ 1000 മണിക്കൂർ നീണ്ട അവലോകനങ്ങളുടെയും കഠിനാധ്വാനത്തിൻ്റെയും പരിസമാപ്തിയാണ് വിക്ഷേപണവിജയമെന്ന് അഗ്നികുൽ കോസ്‌മോസ് സഹസ്ഥാപകനും സിഇഒയുമായ ശ്രീനാഥ് രവിചന്ദ്രൻ പറഞ്ഞു. ഇന്ത്യയിൽ യഥാർത്ഥ ബഹിരാകാശ യോഗ്യമായ ഹാർഡ്‌വെയർ രൂപകൽപ്പന ചെയ്യാനും നിർമിക്കാനും ഇൻ-സ്‌പേസിൻ്റെയും ഐഎസ്ആർഒയുടെയും പൂർണ പിന്തുണയും അവസരവും ലഭിച്ചതിൽ ഞങ്ങൾ അനുഗ്രഹീതരാണെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

എയറോസ്പേസ് എൻജിനീയര്‍മാരായ ശ്രീനാഥ് രവിചന്ദ്രനും എസ്‌പിഎം മോയിനും ചേര്‍ന്ന് 2017 ലാണ് അഗ്‌നികുല്‍ കോസ്മോസ് കമ്പനി സ്ഥാപിച്ചത്. സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് അഗ്നിബാന്‍ റോക്കറ്റിന്റെ വിക്ഷേപണം മാർച്ച് 22 മുതൽ നാല് തവണ മാറ്റിവെച്ചിരുന്നു.

റോക്കറ്റ് വിക്ഷേപണം വിജയകരമാക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ മാത്രം സ്വകാര്യ ബഹിരാകാശ കമ്പനിയാണ് അഗ്നികുൽ കോസ്മോസ്. ഹൈദരാബാദ് ആസ്ഥാനമായ സ്കൈറൂട്ട് എയ്റോസ്പേസാണ് ഈ മേഖലയിലെ മുമ്പൻ. സ്കൈറൂട്ടിന്റെ റോക്കറ്റായ വിക്രം എസ് 2022 നവംബറിൽ വിജയകരമായി വിക്ഷേപിച്ചിരുന്നു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി