20,000 വര്‍ഷങ്ങള്‍ പഴക്കമുള്ള പതക്കത്തില്‍ നിന്ന് പുരാതന മനുഷ്യന്റെ ഡിഎന്‍എ വേര്‍തിരിച്ചെടുത്ത് ശാസ്ത്രജ്ഞര്‍. സൈബീരിയയിലെ ഡെനിസോവ ഗുഹയില്‍ നിന്ന് കണ്ടെത്തിയ പതക്കം മാന്‍ വിഭാഗത്തില്‍ വരുന്ന എല്‍ക്കിന്റെ പല്ലുകൊണ്ട് നിര്‍മ്മിച്ചതാണ്. ഏകദേശം ഇരുപതിനായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ പല്ല് ധരിച്ചിരുന്നത് ഒരു പെണ്‍ ഹോമോ സാപ്പിയനായിരുന്നു എന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.
മാനിന്റെ പല്ലുകൊണ്ട് നിര്‍മ്മിച്ച പതക്കം പുതിയ ഡിഎന്‍എകളുമായി കൂടി കലരുകയോ മലിനീകരിക്കുകയോ ചെയ്യാതിരിക്കുന്നതിനായി, വളരെ ശ്രദ്ധാപൂര്‍വ്വം മാസ്‌കുകളും ഗ്ലൗസുകളും ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ ഇത് കുഴിച്ചെടുത്തത്
ഇവര്‍ സൈബീരിയയുടെ കിഴക്കന്‍ മേഖലയില്‍ താമസിച്ചിരുന്നവരായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു എന്ന് ഡിഎന്‍എകളുടെ സാമ്യം സൂചിപ്പിച്ചതായി ശാസ്ത്രജ്ഞര്‍ പറയുന്നു. ഡിഎന്‍എ വേർതിരിച്ചെടുത്ത പുതിയ സാങ്കേതിക വിദ്യ ശിലായുഗത്തിലെ മനുഷ്യരുടെ ജീവിതത്തെക്കുറിച്ചുള്ള പഠനങ്ങളിലേയ്ക്ക് വെളിച്ചം വീശുമെന്നാണ് പ്രതീക്ഷ.
മാനിന്റെ പല്ലുകൊണ്ട് നിര്‍മ്മിച്ച പതക്കം പുതിയ ഡിഎന്‍എകളുമായി കൂടി കലരുകയോ മലിനീകരിക്കുകയോ ചെയ്യാതിരിക്കുന്നതിനായി, വളരെ ശ്രദ്ധാപൂര്‍വ്വം മാസ്‌കുകളും ഗ്ലൗസുകളും ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ ഇത് കുഴിച്ചെടുത്തത്. ഇതുവരെ കണ്ടെത്തിയ പുരാവസ്തുക്കളിൽ, ഡിഎന്‍എ ഉപയോഗിച്ച് ഒരു നിർദ്ദിഷ്ട വ്യക്തിയുടേതാണെന്ന് കണ്ടെത്തുന്ന ചരിത്രത്തിലെ തന്നെ ആദ്യത്തെ പുരാവസ്തുവായി മാറിയിരിക്കുകയാണിത്. എന്നാല്‍ ഈ പതക്കം ഉപയോഗിച്ചിരുന്ന സ്ത്രീ തന്നെ സ്വന്തമായി നിര്‍മ്മിച്ചതാണോ അതോ അവര്‍ ഇത് ധരിക്കുക മാത്രമാണോ ചെയ്തത് എന്നതിനെ കുറിച്ച് വ്യക്തമല്ല.
നൂതന വിദ്യ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ ഡിഎൻഎ വേർതിരിച്ചെടുക്കുന്നത്. പുരാതനകാലത്തെ പല്ലുകള്‍, എല്ലുകള്‍ എന്നിവയില്‍ നിന്ന് ചെറിയ അളവില്‍ പൊടികള്‍ തുരന്നെടുത്താണ് ഡിഎന്‍എ വേര്‍തിരിച്ചെടുക്കുന്നത്. പുരാവസ്തുക്കളായ അസ്ഥികള്‍, പല്ലുകള്‍, കൊമ്പുകള്‍, ഉപകരണങ്ങള്‍ എന്നിവയുടെ സുഷിരങ്ങളില്‍ ഹോമോ സാപ്പിയനുകളുടെ ചര്‍മ്മ കോശങ്ങളോ, വിയര്‍പ്പോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ശാരീരിക ദ്രവങ്ങളോ ആഗിരണം ചെയ്തിട്ടുണ്ടാകും. ഇത് അവരുടെ ഡിഎൻഎ കണ്ടെത്താൻ സഹായിക്കുന്നതാണ്. കൂടാതെ, പതക്കം, മാലകള്‍, മോതിരങ്ങള്‍ മുതലായവ- പുരാതന മനുഷ്യരുടെ ജീവിതത്തെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചും ആഴത്തിലറിയാനും സഹായിക്കുന്നു.
ഹോമോ സാപ്പിയന്‍സ് 3,00,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഫ്രിക്കയില്‍ ഉത്ഭവിക്കുകയും പിന്നീട് ലോകമെമ്പാടും വ്യാപിക്കുകയും ചെയ്തു എന്നാണ് പഠനം. അലങ്കാര വസ്തുവായി ആളുകള്‍ ഉപയോഗിച്ചിരുന്നതായി കരുതുന്ന ഏറ്റവും പഴക്കം ചെന്ന വസ്തുക്കള്‍ ആഫ്രിക്കയില്‍ നിന്നുള്ളതാണ്. ഇതിന്റെ പഴക്കം ഏകദേശം 1,00,000 വര്‍ഷങ്ങളാണെന്നും ലൈഡന്‍ സര്‍വകലാശാലയിലെ മുതിര്‍ന്ന പുരാവസ്തു ഗവേഷകനായ മാരി സോറെസി പറയുന്നു.