Science

ചാന്ദ്രയാത്രയ്ക്ക് ഒരുങ്ങുന്ന ബഹിരാകാശ സഞ്ചാരികളെ അടുത്തമാസം അറിയാം

വെബ് ഡെസ്ക്

അര നൂറ്റാണ്ടിന് ശേഷം മനുഷ്യനെയും വഹിച്ചുള്ള ചാന്ദ്ര ദൗത്യത്തിന് ഒരുങ്ങുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. 2024ല്‍ ആർട്ടെമിസ് രണ്ട്- മനുഷ്യനേയും വഹിച്ച്, ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തും. ചന്ദ്രോപരിതലത്തില്‍ വീണ്ടും മനുഷ്യനിറങ്ങുന്ന മൂന്നാം ആർട്ടെമിസ് ദൗത്യം അതിന് പിന്നാലെയുണ്ടാകും. ചരിത്രം കുറിക്കുന്ന ചാന്ദ്രദൗത്യത്തിനുള്ള ബഹിരാകാശ യാത്രികരെ നാസ അടുത്തമാസം പ്രഖ്യാപിക്കും.

ചന്ദ്രനെ ഇടത്താവളമാക്കി ചൊവ്വയിലേക്കുള്ള യാത്രയാണ് ആർട്ടെമിസിലൂടെ നാസ പരമമായി ലക്ഷ്യമിടുന്നത്. ഇതിന്‌റെ ആദ്യ ഘട്ടമാണ് ചന്ദ്രനിലേക്ക് മനുഷ്യനെയും വഹിച്ചുള്ള യാത്ര. 50 വര്‍ഷത്തിന് മുകളിലായി ചന്ദ്രോപരിതലത്തില്‍ മനുഷ്യന്‍ അവസാനമായി കാലുകുത്തിയിട്ട്. അപ്പോളോ ദൗത്യത്തിന്‌റെ ഭാഗമായിരുന്നു ഇത്. ഇപ്പോള്‍ ആർട്ടെമിസിലൂടെ ബഹിരാകാശ ഗവേഷണ രംഗത്ത് പുത്തന്‍ ചുവടുവയ്പ്പിനൊരുങ്ങുകയാണ് നാസ.

ആർട്ടെമിസ് പദ്ധതിയുടെ ഭാഗമായ വിക്ഷേപണ വാഹനത്തിന്‌റെയും ഒറിയോണ്‍ പേടകത്തിന്‌റെയുമെല്ലാം പരീക്ഷണമായിരുന്നു ആർട്ടെമിസ് -1. നിരവധി സാങ്കേതിക പ്രശ്‌നങ്ങളും കാലാവസ്ഥാ വ്യതിയാനവും മറികടന്ന് പലതവണ മാറ്റിവച്ചതിന് ശേഷമാണ് ആദ്യ വിക്ഷേപണം വിജയകരമായി നടത്താനായത്. മനുഷ്യനെ ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തിച്ച് ഭൂമിയിലേക്ക് തിരിച്ചിറക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് രണ്ടാമത്തെ വിക്ഷേപണം.

ആർട്ടെമിസ് രണ്ടിനായുള്ള ബഹിരാകാശ യാത്രികരെ നാസ തീരുമാനിച്ചു കഴിഞ്ഞു. ഇവരുടെ പേരു വിവരങ്ങള്‍ ഏപ്രില്‍ മൂന്നിന് പ്രഖ്യാപിക്കും. മൂന്ന് അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികളും കാനഡയില്‍ നിന്നുള്ള ഒരു ബഹിരാകാശ യാത്രികനുമാണ് സംഘത്തിലുള്ളതെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ വ്യക്തമാക്കി. 10 ദിവസം ദൈര്‍ഘ്യമുള്ള യാത്രയാണ് ആര്‍ട്ടിമിസ് രണ്ടിന്‌റേത്.

ആർട്ടെമിസ്- 1ന്‌റെ ഹാര്‍ഡ് വെയറില്‍ മാറ്റം വരുത്തിയതാണ് ആർട്ടെമിസ് രണ്ടിന് നാസ തയ്യാറെടുക്കുന്നത്. ഒറിയോണ്‍ ബഹിരാകാശ പേടകത്തിന്‌റെ താപ കവചത്തിനും മാറ്റം വരുത്തുന്നുണ്ട്. ആർട്ടെമിസ് -2 ന് സമാന്തരമായി ആര്‍ട്ടിമിസ് മൂന്നിന്‌റെ തയ്യാറെടുപ്പും നാസ നടത്തി വരുന്നു. സ്വകാര്യ സ്ഥാപനമായ ആക്‌സിയോം ആണ് യാത്രികര്‍ക്കായുള്ള സ്‌പേസ് സ്യൂട്ട് നിര്‍മിക്കുന്നത്. ഇത് മാര്‍ച്ച് 15 ന് പുറത്തിറക്കും.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും