കുറച്ച് ഫ്രെഞ്ച് ഫ്രൈസൊക്കെ പാകം ചെയ്ത്, അതും കൊറിച്ചുകൊണ്ടിരുന്ന് സിനിമ കാണാൻ എന്ത് രസമായിരിക്കും. അതിലിത്ര പറയാന്‍ എന്തിരിക്കുന്നു എന്നാണെങ്കില്‍, ഭൂമിയിൽ ഇത് സാധ്യമാണ്. പക്ഷേ, ബഹിരാകാശത്തോ? ബഹിരാകാശത്ത് ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ സാധിക്കുന്നില്ല എന്ന വിഷമം ഇനി വേണ്ട. ബഹിരാകാശത്തും ഫ്രെഞ്ച് ഫ്രൈസ് പാകം ചെയ്ത് കഴിക്കാനുള്ള സംവിധാനവുമായി എത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.
കൂടുതൽ ദൈർഘ്യമുള്ള ദൗത്യങ്ങൾക്കായി മനുഷ്യനെ ചന്ദ്രനിലേക്കും മറ്റ് ഗ്രഹങ്ങളിലേക്കും അയയ്ക്കാനുള്ള ആലോചനകൾ നടക്കുകയാണ്. ഈ സാഹചര്യത്തിൽ ദൗത്യത്തിനായി പോകുന്നവർക്ക് നല്ല ഭക്ഷണം ലഭ്യമാക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷണം പാകം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നത്.
മൈക്രോ ഗ്രാവിറ്റിയിൽ (ആളുകളോ വസ്തുക്കളോ ഭാരമില്ലാത്തതായി കാണപ്പെടുന്ന അവസ്ഥ) ഫ്രൈയിങ് പരീക്ഷിക്കുന്നതിനായി ശാസ്ത്രജ്ഞരുടെ ടീം ഒരു പുതിയ ഉപകരണം രൂപകൽപ്പന ചെയ്‌തു. രണ്ട് പാരാബോളിക് ഫ്ലൈറ്റുകളിലാണ് ഉപകരണം പരീക്ഷിച്ചത്. ബഹിരാകാശത്തേക്ക് പോകാതെ തന്നെ ശാസ്ത്രജ്ഞർക്ക് ഗവേഷണം നടത്താനുള്ള മൈക്രോഗ്രാവിറ്റി അന്തരീക്ഷം സൃഷ്ടിക്കുന്നതാണ് പാരാബോളിക് ഫ്ലൈറ്റുകൾ. ഉരുളക്കിഴങ്ങ് ഫ്രൈ ചെയ്യാൻ വച്ച ശേഷം ഹൈ റെസൊല്യൂഷൻ ക്യാമറ ഉപയോഗിച്ച് അവർ പരീക്ഷണം ചിത്രീകരിച്ചു.
എണ്ണയിൽ ഇട്ടതിന് ശേഷം ഉരുളക്കിഴങ്ങിന്റെ ഉപരിതലത്തിൽ നിന്ന് എളുപ്പത്തിൽ തന്നെ നീരാവി ഉയരുന്നതായി കണ്ടെത്തി. സാധാരണ ഗതിയിൽ ഗുരുത്വാകർഷണമില്ലാത്ത സാഹചര്യത്തിൽ ഉരുളക്കിഴങ്ങ് പാകം ചെയ്യാൻ സാധിക്കില്ല. എന്നാൽ പുതുതായി രൂപകൽപ്പന ചെയ്ത ഉപകരണത്തിലെ പരീക്ഷണം വിജയകരമായി. ഫ്രൈയിങ് പ്രക്രിയ കൃത്യമായി നിരീക്ഷിക്കുന്നതിന് തിളയ്ക്കുന്ന എണ്ണയുടെ താപനിലയും ഉരുളക്കിഴങ്ങിനുള്ളിലെ താപനിലയും പരീക്ഷണത്തിൽ അളന്നിരുന്നു.
ഫ്രൈയിങ് മുതൽ മൈക്രോഗ്രാവിറ്റിയിൽ സൗരോർജ്ജത്തിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത് വരെയുള്ള വിവിധ മേഖലകളിലെ മുന്നേറ്റത്തിലേക്ക് ഈ പഠനം നയിക്കുമെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.