Science

ചന്ദ്രയാന്‍-4, ശുക്ര, ബഹിരാകാശനിലയ ദൗത്യങ്ങള്‍ക്ക് കേന്ദ്രത്തിന്റെ അംഗീകാരം; ഗഗന്‍യാന്‍ ട്രാക്കിങ് സ്‌റ്റേഷന്‍ സൈറ്റ് നിശ്ചയിച്ചു

വെബ് ഡെസ്ക്

ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തിനുശേഷം ചന്ദ്രോപരിതലത്തില്‍നിന്നു കല്ലും മണ്ണും കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള ഐഎസ്ആര്‍ഒയുടെ പുതിയ ദൗത്യമായ ചന്ദ്രയാന്‍-4നു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം, ശുക്രപര്യവേഷണം, പുതിയ വിക്ഷേപണവാഹനം എന്നീ പദ്ധതികള്‍ക്കും മന്ത്രിസഭ അനുമതി നല്‍കി. അതിനിടെ, ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശയാത്രാ ദൗത്യമായ ഗഗന്‍യാന്റെ ട്രാക്കിങ് സ്‌റ്റേഷന്‍ സൈറ്റ് ഐഎസ്ആര്‍ഒ നിശ്ചയിച്ചു.

ചന്ദ്രയാന്‍-4

മൂന്നുവര്‍ഷത്തിനുള്ള പ്രാവര്‍ത്തികമാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന ചന്ദ്രയാന്‍-4 ദൗത്യത്തിനായി 2104 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയിരിക്കുന്നത്. അഞ്ച് മൊഡ്യൂളുകള്‍ അടങ്ങുന്ന രണ്ട് ഭാഗങ്ങളായാണു ദൗത്യം രൂപകല്പന ചെയ്തിരിക്കുന്നത്.

ചന്ദ്രോപരിതലത്തില്‍നിന്നു കല്ലും മണ്ണും ഉള്‍പ്പെടെയുള്ള സാമ്പിളുകള്‍ ശേഖരിക്കുന്നതിനുള്ള അസെന്‍ഡര്‍, ഡിസെന്‍ഡര്‍ മൊഡ്യൂളുകള്‍ ഉള്‍പ്പെടുന്നതാണു ദൗത്യത്തിന്റെ ഒന്നാം ഭാഗം. പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, ശേഖരിച്ച സാമ്പിളുകള്‍ സ്വീകരിക്കുന്നതിനുള്ള ട്രാന്‍സ്ഫര്‍ മൊഡ്യൂള്‍, സാമ്പിളുകള്‍ ഭൂമിയിലേക്കു തിരികെ കൊണ്ടുവരുന്നതിനുള്ള റീ-എന്‍ട്രി മൊഡ്യൂള്‍ എന്നിവ ഉള്‍പ്പെടുന്നതാണു രണ്ടാം ഭാഗം.

ചാന്ദ്രഭ്രമണപഥത്തില്‍ വെച്ചുള്ള ഡോക്കിങ്, അണ്‍ഡോക്കിങ് പ്രവര്‍ത്തനങ്ങള്‍ ചന്ദ്രയാന്‍-4 ദൗത്യത്തിന്റെ വലിയ പ്രത്യേകയാണ്. രണ്ടു തവണയായി വിക്ഷേപിക്കുന്ന ദൗത്യത്തിന്റെ രണ്ടു ഭാഗവും ചന്ദ്രോപരിതലത്തില്‍വച്ച് കൂടിച്ചേരുകയും സാമ്പികളുകള്‍ ഭൂമിയിലെത്തിക്കുന്നതിനായി വീണ്ടും വേര്‍പെടുകയും ചെയ്യും. എല്‍വിഎം3, പിഎസ്എല്‍വി എന്നീ റോക്കറ്റുകള്‍ ഉപയോഗിച്ചായിരിക്കും ഇരു ദൗത്യങ്ങളുടെയും വിക്ഷേപണം.

ആദ്യ ദൗത്യത്തിലെ മൊഡ്യൂള്‍ ചന്ദ്രോപരിതലത്തിലിറങ്ങി സാമ്പികളുകള്‍ ശേഖരിക്കും. തുടര്‍ന്ന്, അവ രണ്ടാം ദൗത്യത്തില്‍ ചാന്ദ്രഭ്രമണപഥത്തിലെത്തുന്ന ട്രാന്‍സ്ഫര്‍ മൊഡ്യൂളിനു കൈമാറുകയും റീ-എന്‍ട്രി മൊഡ്യൂള്‍ ഭൂമിയിലെത്തിക്കുകയും ചെയ്യും. തുടർ ചാന്ദ്രദൗത്യത്തിൽ 2040-ഓടെ ഇന്ത്യക്കാരെ ചന്ദ്രനിലിറക്കാനും ഐഎസ്ആർഒ ലക്ഷ്യമിടുന്നു.

വീനസ് ഓര്‍ബിറ്റര്‍ മിഷന്‍

ഗ്രഹാന്തര പര്യവേഷണങ്ങളുടെ ഭാഗമായാണ് ഐഎസ്ആര്‍ഒയുടെ ശുക്രദൗത്യം. വീനസ് ഓര്‍ബിറ്റര്‍ മിഷന്‍ (വോം) എന്ന ദൗത്യത്തിനായി 1236 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെക്കുന്നത്. ഇതില്‍ 824 കോടി രൂപ പേടകം വികസിപ്പിക്കുന്നതിനാണ്. ശുക്രന്റെ ഉപരിതലം, ഭൂഗര്‍ഭം, അന്തരീക്ഷ പ്രക്രിയകള്‍, ശുക്രന്റെ അന്തരീക്ഷത്തില്‍ സൂര്യന്റെ സ്വാധീനം എന്നിവയെക്കുറിച്ച വിശദമായി മനസിലാക്കുന്നതിനുള്ള ദൗത്യം 2028 മാര്‍ച്ചില്‍ വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.

ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ അഥവാ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ (മോം) 2013 നവംബര്‍ അഞ്ചിനാണ് ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ച് പഠിക്കുകയായിരുന്നു മംഗള്‍യാന്റെ പ്രധാന ലക്ഷ്യം. ആറ് മുതല്‍ എട്ട് മാസം വരെയാണ് മംഗള്‍യാന് ആയുസ് കരുതിയിരുന്നത് എന്നാല്‍ എട്ട് വര്‍ഷത്തോളം പേടകം പ്രവര്‍ത്തനയോഗ്യമായിരുന്നു.

സൗരരഹസ്യം തേടിയുള്ള ആദിത്യ-എല്‍ 1 ഇപ്പോഴും ദൗത്യം തുടരുകയാണ്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിച്ച ആദിത്യ - എല്‍ 1 125 ദിവസങ്ങളോളം സഞ്ചരിച്ചാണ് സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ലഗ്രാഞ്ച് - 1 എന്ന ബിന്ദുവില്‍ എത്തിയത്. ഏഴ് പേലോഡുകളാണ് സൂര്യരഹസ്യം അനാവരണം ചെയ്യാനും പഠിക്കുന്നതിനുമായി ആദിത്യ എല്‍ - 1 പേടകത്തിലുള്ളത്.

ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും ചൈനയുടെ ബഹിരാകാശ നിലയമായ തിയാൻഗോങ്ങിനും ബദലായി ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ (ബിഎഎസ്) ഒന്നാം മൊഡ്യൂളിനു മന്ത്രിസഭ അംഗീകാരം നല്‍കി. ഘട്ടംഘട്ടമായാണു നിലയം യാഥാർഥ്യമാക്കുക. ആദ്യ മൊഡ്യൂൾ (ബിഎഎസ്-1) 2028ൽ വിക്ഷേപിക്കും. 2035-ഓടെ നിലയം പൂർണമായും പ്രവർത്തനക്ഷമമാകും.

2028 ഡിസംബറോടെ എട്ട് മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യങ്ങൾ പൂർത്തിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഈ പുതിയ സംഭവവികാസങ്ങളും അധിക ആവശ്യകതകളും ഉൾപ്പെടുത്തി ഗഗൻയാൻ പദ്ധതി പരിഷ്കരിക്കും. നേരത്തെ അനുമതി നല്‍കിയ ഗഗൻയാൻ പദ്ധതിക്കായി 11, 170 കോടി രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചു. ഇതോടെ പദ്ധതിക്കുള്ള മൊത്തം ധനസഹായം 20,193 കോടി രൂപയായി വര്‍ധിച്ചു. ലോ എർത്ത് ഓർബിറ്റി(LEO)ലേക്ക് മനുഷ്യ ബഹിരാകാശ യാത്രയും ഭാവിയിലെ ബഹിരാകാശ പര്യവേഷണങ്ങളെ പിന്തുണയ്ക്കാനും ലക്ഷ്യമിടുന്ന ഗഗൻയാൻ പദ്ധതിക്ക് 2018 ഡിസംബറിലാണ് സർക്കാർ ആദ്യം അനുമതി നൽകിയത്.

എൻജിഎൽവി

കൂടുതൽ സങ്കീർണമായ ബഹിരാകാശ യാത്രാ- പര്യവേഷണ ദൗത്യങ്ങൾ ആവിഷ്കരിക്കുന്ന സാഹചര്യത്തിൽ അടുത്ത തലമുറ വിക്ഷേപണവാഹനം (എൻജിഎൽവി) വികസിപ്പിക്കുന്നതിനും മന്ത്രിസഭ അനുമതി നൽകി. എൻജിഎൽവി പദ്ധതിക്കായി 8240 കോടി രൂപയുടെ ബജറ്റിനാണു മന്ത്രിസഭ അനുമതി നൽകിയിരിക്കുന്നത്. പുതിയ വാഹനം എട്ടുവർഷത്തിനുള്ളിൽ വികസിപ്പിക്കാനാണു ലക്ഷ്യമിടുന്നത്. ഇതിനുള്ളിൽ മൂന്ന് പരീക്ഷണ വിക്ഷേപണം നടത്തും.

നിലവിൽ പിഎസ്എൽവി, ജിഎസ്എൽവി, എൽവിഎം3, എസ്എസ്എൽവി എന്നിവയാണ് ഐഎസ്ആർഒയുടെ പക്കലുള്ള റോക്കറ്റുകൾ. 'ഫാറ്റ് ബോയ്' എന്നറിയപ്പെടുന്ന ലോഞ്ച് വെഹിക്കിൾ മാർക്ക് 3 (എൽവിഎം3) ആണ് ഏറ്റവും ഭാരം വഹിക്കാൻ കഴിയുന്നതും ഏറ്റവും ഉയരത്തിൽ പേലോഡുകൾ എത്തിക്കാൻ കഴിയുന്നതുമായ വിക്ഷേപണവാഹനം. ഇതിന്റെ ശേഷിയുടെ മൂന്നിരട്ടി ഭാരമുള്ള പേലോഡ് വഹിക്കാൻ കഴിവുള്ളതായിരിക്കും പുതിയ വാഹനം.

എസ്എസ്എൽവി എന്ന കുഞ്ഞൻ റോക്കറ്റാണ് ഐഎസ്ആർഒ ഏറ്റവും ഒടുവിൽ വികസിപ്പിച്ചത്. എസ്എസ്എൽവിയുടെ മൂന്നാം പരീക്ഷണവിക്ഷേപണം അടുത്തിടെ വിജയകരമായി നടത്തിയിരുന്നു. ഇനി സാങ്കേതികവിദ്യ സ്വകാര്യമേഖലയ്ക്കു കൈമാറും.

ഗഗന്‍യാൻ: ട്രാക്കിങ് സ്‌റ്റേഷന്‍ ഓസ്ട്രേലിയയിൽ

ഓസ്ട്രേലിയയിലെ കൊക്കോസ് (കീലിങ്) ദ്വീപാണ് ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശയാത്രാ ദൗത്യമായ ഗഗന്‍യാന്റെ ട്രാക്കിങ് സ്‌റ്റേഷന്‍ സ്ഥലമായി ഐഎസ്ആര്‍ഒ നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ താല്‍ക്കാലിക ഗ്രൗണ്ട് സ്റ്റേഷന്‍ ട്രാക്കിങ് സൗകര്യങ്ങള്‍ ഒരുക്കും.

കൊക്കോസ് ദ്വീപ് സന്ദര്‍ശിച്ച ഐഎസ്ആര്‍ഒ സംഘം ഇത് കൃത്യമായ സ്ഥലമാണെന്ന് ഉറപ്പുവരുത്തിയതായും സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതിന് ഓസ്ട്രേലിയന്‍ പ്രോജക്ട് മാനേജരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഓസ്ട്രേലിയന്‍ സ്പേസ് ഏജന്‍സി (എഎസ്എ) മേധാവി എന്റിക്കോ പലെര്‍മോയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

ഗഗന്‍യാന്‍ പ്രചോദനാത്മക ദൗത്യമാണെന്നും ഇക്കാര്യത്തില്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരിക്കുമെന്നും പലെര്‍മോ പറഞ്ഞു. ദൗത്യത്തില്‍ അപ്രതീക്ഷിതായി എന്തെങ്കിലുമുണ്ടായാല്‍ ഐഎസ്ആര്‍ഒയ്ക്ക് എല്ലാ പിന്തുണയും എഎസ്എ ഉറപ്പുവരുത്തുമെന്നു അദ്ദേഹം പറഞ്ഞു.

ഗഗന്‍യാന്‍ ദൗത്യം 2025ല്‍ യാഥാര്‍ഥ്യമാക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. അതിനു മുന്നോടിയായി ഗഗന്‍യാന്‍ 1 (ജി1), ഗഗന്‍യാന്‍ 2 (ജി2) എന്നീ രണ്ട് ആളില്ലാ പരീക്ഷണദൗത്യങ്ങളും ഐഎസ്ആര്‍ഒ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതില്‍ ആദ്യത്തേത് ഈ വര്‍ഷം അവസാനം നടക്കും.

യഥാര്‍ഥ ഗഗന്‍യാന്‍ ദൗത്യപേടകത്തിന്റെ അതേ വലുപ്പത്തിലും മാതൃകയിലുള്ളതായിരിക്കും ഇരു പരീക്ഷണദൗത്യങ്ങളിലും ഉപയോഗിക്കുന്ന പേടകങ്ങള്‍. ഈ വര്‍ഷം അവസാനത്തോടെയാണ് ആദ്യ ആളില്ലാ പരീക്ഷണ ദൗത്യം. അടുത്തവര്‍ഷം ലക്ഷ്യമിട്ടിരിക്കുന്ന രണ്ടാമത്തെ പരീക്ഷണം റോബോട്ടിക് സ്വഭാവത്തിലുള്ള വ്യോംമിത്ര എന്ന ഹ്യൂമനോയ്ഡിനെ അയച്ചുകൊണ്ടുള്ളതാണ്. അന്തിമ ദൗത്യത്തില്‍ പുറപ്പെടുന്ന ബഹിരാകാശയാത്രികരുടെ സുരക്ഷ പരിശോധിക്കുന്നതിനാണ് ആദ്യ രണ്ട് പരീക്ഷണങ്ങളും നടത്തുന്നത്.

ചെപ്പോക്കില്‍ ചിതറി ബംഗ്ലാദേശ്; ഇന്ത്യയ്ക്ക് 227 റണ്‍സിന്റെ കൂറ്റൻ ലീഡ്

തിരുപ്പതി ലഡു വിവാദം; ആന്ധ്ര സര്‍ക്കാരിനോട് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ

ഹേമ കമ്മിറ്റി റിപ്പോർട്ട്‍; പോക്സോ സ്വഭാവമുള്ള മൊഴികളിൽ സ്വമേധയാ കേസെടുക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം; പുറത്തിറങ്ങുന്നത് ഏഴര വര്‍ഷത്തിനുശേഷം

ലെബനനിലെ പേജർ സ്ഫോടനം: അന്വേഷണം മലയാളിയായ നോർവീജിയൻ യുവാവിലേക്കും