ചന്ദ്രനിൽ വെള്ളമുണ്ടാകുന്നത് എങ്ങനെയെന്ന് കണ്ടെത്തി ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-1. ഭൂമിയിൽനിന്നുള്ള ഉയർന്ന ഊർജമുള്ള ഇലക്ട്രോണുകളാണ് ചന്ദ്രനിൽ ജലം രൂപപ്പെടാൻ സഹായിക്കുന്നതെന്നാണ് ചന്ദ്രയാൻ-1ൽനിന്നുള്ള ഡേറ്റ വിശകലനം ചെയ്ത് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.
ചന്ദ്രയാൻ-1 പേടകത്തിലെ ഇമേജിങ് സ്പെക്‌ട്രോമീറ്ററായ മൂൺ മിനറോളജി മാപ്പർ (എം3) 2008-നും 2009-നും ഇടയിൽ ശേഖരിച്ച റിമോട്ട് സെൻസിങ് ഡേറ്റയാണ് വിശകലനം ചെയ്തത്. യുഎസിലെ മനോവയിലുള്ള ഹവായ് സർവകലാശാല(യുഎച്ച്)യിലെ ഗവേഷക സംഘത്തിന്റേതാണ് കണ്ടെത്തൽ.
ഭൂമിയുടെ പ്ലാസ്മ ഷീറ്റിലുള്ള ഈ ഇലക്‌ട്രോണുകൾ ചന്ദ്രോപരിതലത്തിലെ പാറകളും ധാതുക്കളും അലിയിക്കുന്നു. ഇതുവഴി കാലാവസ്ഥയിൽ മാറ്റങ്ങളുണ്ടാകുന്നുവെന്നാണ് കണ്ടെത്തൽ. ചന്ദ്രൻ ഭൂമിയുടെ മാഗ്നറ്റോടെയിലിലൂടെ (സൗരക്കാറ്റിൽനിന്ന് ചന്ദ്രനെ സംരക്ഷിക്കുന്ന പ്രദേശം) കടന്നുപോകുമ്പോൾ ഉപരിതല കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും സംഘം നിരീക്ഷിച്ചു.
ചന്ദ്രൻ മാഗ്നറ്റോടെയിലിന് പുറത്തായിരിക്കുമ്പോഴാണ് ചന്ദ്രോപരിതലത്തിൽ സൗരക്കാറ്റ് ഉണ്ടാകുന്നത്. മാഗ്നറ്റോടെയിലിനുള്ളിൽ പ്രോട്ടോണുകളുടെ സാന്നിധ്യമില്ലെന്നും അതിനാൽ ജലരൂപീകരണം സാധിക്കില്ലെന്നും ഗവേഷകർ കണ്ടെത്തി.
ഭാവിയിൽ നടക്കാനിരിക്കുന്ന മനുഷ്യ പര്യവേക്ഷണത്തിന് ജലം ലഭ്യമാക്കുന്നതിന് ചന്ദ്രനിലെ ജലത്തിന്റെ രൂപീകരണവും പരിണാമവും മനസ്സിലാക്കുന്നത് അനിവാര്യമാണെന്ന് ഗവേഷകർ പറയുന്നു.
ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-1 2008 ഒക്ടോബർ 22നാണ് വിക്ഷേപിച്ചത്. ദൗത്യത്തിന്റെ ഭാഗമായി ദേശീയപതാക ആലേഖനം ചെയ്ത പേടകം മൂൺ ഇംപാക്റ്റ് പ്രോബ് ചന്ദ്രോപരിതലത്തിൽ വീഴ്ത്തിയിരുന്നു. ആ സമയത്ത് ഉയർന്ന പൊടിപടലങ്ങൾ പേടകത്തിലെ സെൻസറുകൾ വിലയിരുത്തിയതിനെത്തുടർന്ന് ചന്ദ്രനെ സംബന്ധിച്ച് ധാരാളം വിവരങ്ങളാണ് ഐഎസ്ആർഒയ്ക്കും ശാസ്ത്രലോകത്തിനും ലഭിച്ചത്.
2009 ഓഗസ്റ്റ് വരെ പ്രവർത്തിച്ച ചന്ദ്രയാൻ-1ദൗത്യത്തിൽ ഒരു ഓർബിറ്ററും ഒരു ഇംപാക്‌ടറും ഉൾപ്പെടുന്നു. 1380 കിലോ ഗ്രാം വരുന്ന പേടകത്തിൽ അഞ്ച് ഇന്ത്യൻ പേലോഡുകളും ആറ് വിദേശ പേലോഡുകളുമാണുണ്ടായിരുന്നത്. ടെറെയ്ൻ മാപ്പിങ് ക്യാമറ, ഹൈപ്പർ സ്പെക്ട്രൽ ഇമേജർ, ലൂണാർ ലേസർ റേഞ്ചിങ് ഇൻസ്ട്രുമെന്റ്, ഹൈ എനർജി എക്സ്-റേ സ്പെക്ടോമീറ്റർ, മൂൺ ഇംപാക്റ്റ് പ്രോബ് എന്നിവയായിരുന്നു ഇന്ത്യൻ പേലോഡുകൾ.