Science

വിക്രം ലാന്‍ഡറിന്റെ ചിത്രങ്ങള്‍ പകര്‍ത്തി ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സ്ലീപ് മോഡിലുള്ള ലാൻഡറിന്റെ ചിത്രം സെപ്റ്റംബര്‍ ആറിനാണ് ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ പകർത്തിയത്

വെബ് ഡെസ്ക്

ചന്ദ്രോപരിതലത്തിലുള്ള ചന്ദ്രയാന്‍-3 വിക്രം ലാന്‍ഡറിന്റെ ചിത്രങ്ങള്‍ പകര്‍ത്തി ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍. ഡുവല്‍-ഫ്രീക്വന്‍സ് സിന്തറ്റിക് അപര്‍ച്വര്‍ റഡാര്‍ (ഡിഎഫ്എസ്എആർ) പേലോഡാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഓഗസ്റ്റ് 23ന് ഇറങ്ങിയ വിക്രം ലാന്‍ഡര്‍ ഇപ്പോൾ 'സ്ലീപ് മോഡി'ലാണ്. സെപ്റ്റംബര്‍ ആറിനാണ് ലാൻഡറിന്റെ ചിത്രം ചന്ദ്രയാൻ-2 ഓർബിറ്ററിലെ ഡിഎഫ്എസ്എആർ പകർത്തിയത്.

2019-ൽ വിക്ഷേപിച്ച ചന്ദ്രയാൻ-2 സോഫ്റ്റ് ലാൻഡിങ്ങിൽ പരാജയപ്പെട്ടെങ്കിലും ഓര്‍ബിറ്റര്‍ പൂർണതോതിൽ പ്രവർത്തനക്ഷമമാണ്. ചന്ദ്രയാൻ-3 ലാൻഡറും റോവറും ശേഖരിക്കുന്ന വിവരങ്ങളും പകർത്തുന്ന ചിത്രങ്ങളും ലഭ്യമാക്കുന്നതിൽ ഇതേ ഓർബറ്ററിന്റെ സേവനം കൂടി ഐഎസ്ആർഒ ഉപയോഗപ്പെടുത്തുന്നു.

വിദൂര വസ്‌തുക്കളുടെ കൃത്യമായ സ്ഥാനനിർണയത്തിന് ഉപയോഗിക്കുന്ന റഡാർ സംവിധാനമായ ഡിഎഫ്എസ്എആർ ചന്ദ്രയാൻ-2 ഓർബറ്ററിലെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രീയ ഉപകരണങ്ങളിലൊന്നാണ്. എൽ, എസ് ബാൻഡുകളുള്ള സൂക്ഷ്മതരംഗങ്ങൾ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. തദ്ദേശീയമായി നിർമിച്ച ഈ ഉപകരണം ഗ്രഹാന്തര ദൗത്യങ്ങളില്‍ മികച്ച റസലൂഷനിലുള്ള പോളറിമെട്രിക് ചിത്രങ്ങൾ ലഭ്യമാക്കുന്നു.

ദീർഘ റഡാർ തരംഗദൈർഘ്യം ഡിഎഫ്എസ്എആറിനെ ചന്ദ്രോപരിതലത്തിൽ ഏതാനും മീറ്ററുകള്‍ വരെ ആഴത്തില്‍ പരിശോധിക്കാന്‍ പ്രാപ്തമാക്കുന്നു. ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ട് നാല് വര്‍ഷമായി ഉയര്‍ന്ന നിലവാരത്തിലുള്ള വിവരങ്ങളാണ് ഡിഎഫ്എസ്എആര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.

എന്താണ് എസ്എആർ?

നിശ്ചിത ആവൃത്തിക്കുള്ളിൽ സൂക്ഷ്മതരംഗങ്ങളെ പ്രക്ഷേപണം ചെയ്യാനും ഉപരിതലത്തില്‍നിന്ന് സിഗ്നലുകളെ തിരിച്ച് സ്വീകരിക്കാനും സിന്തറ്റിക് അപര്‍ച്വര്‍ റഡാറി‍ (എസ്എആർ)ന് സാധിക്കും. സൂര്യപ്രകാശത്തെ ആശ്രയിക്കാതെ തന്നെ വസ്തുക്കളുടെ സ്ഥാനം കണ്ടെത്താൻ ഇത്തരം റഡാറിന് കഴിയും.

ലക്ഷ്യമിട്ട വസ്തു നിലകൊള്ളുന്ന ദൂരവും അതിന്റെ ഭൗതിക സവിശേഷതകളും മനസ്സിലാക്കാന്‍ എസ്എആറിന് സാധിക്കും. ഭൂമിയുടെയും ആകാശഗോളങ്ങളുടെയും വിദൂര സംവേദനത്തിന് എസ്എആർ ഉപയോഗിക്കുന്നു.

ചന്ദ്രോപരിതലത്തിലുള്ള വിക്രം ലാൻഡറിന്റെ ത്രീഡി ചിത്രം ഐഎസ്ആർഒ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ലാൻഡറിൽനിന്ന് പുറത്തിറങ്ങിയ പ്രഗ്യാൻ റോവർ അതിന്റെ നാവിഗേഷനൽ ക്യാമറയിൽ പകർത്തിയ ചിത്രങ്ങൾ സംയോജിപ്പിച്ചാണ് ത്രീഡി ചിത്രം തയാറാക്കിയത്. രണ്ട് ചിത്രങ്ങൾ ചേർത്താണ് ത്രീഡി രൂപം നിർമിച്ചതെന്ന് ഐഎസ്ആർഒ എക്സിൽ അറിയിച്ചു. ഇടത് ഭാഗത്തുനിന്നും വലതുഭാഗത്തുനിന്നുമുള്ള ചിത്രങ്ങളാണ് സംയോജിപ്പിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 23ന് സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രയാൻ -3 ദൗത്യത്തിലെ പ്രഗ്യാൻ റോവറിനുപിന്നാലെ വിക്രം ലാൻഡറിനെയും കഴിഞ്ഞദിവസങ്ങളിൽ ഐഎസ്ആർഒ സ്ലീപ് മോഡിലേക്ക് സജ്ജീകരിച്ചിരുന്നു. എന്നാൽ ലാൻഡറിലെ റിസീവറുകൾ പ്രവർത്തനക്ഷമമാണ്.

ലാൻഡറും റോവറുമുള്ള ദക്ഷിണധ്രുവത്തിലെ പ്രദേശത്തുനിന്ന് സൂര്യൻ മറഞ്ഞതോടെയാണ് ലാൻഡറിനെയും റോവറിനെയും സ്ലീപ്പ് മോഡിലേക്ക് മാറ്റിയത്. 14 ഭൗമദിനങ്ങളാണ് ഒരു ചാന്ദ്രപ്പകൽ. ഈ കാലയളവ് പൂർത്തിയായ സാഹചര്യത്തിലാണ് ലാൻഡറിനെയും റോവറിനെയും സ്ലീപ് മോഡിലേക്ക് മാറ്റിയത്. സൂര്യപ്രകാശം ഉപയോഗിച്ച് പ്രവർത്തിക്കുന്ന തരത്തിലാണ് ലാൻഡറിനെയും റോവറിനെയും ഐഎസ്ആർഒ സൃഷ്ടിച്ചത്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഉപകരണങ്ങളെ മരവിപ്പിക്കും വിധത്തിലുള്ള തണുപ്പാണ് അനുഭവപ്പെടുന്നത്. എന്നാല്‍ വിക്രം ലാന്‍ഡറിനും പ്രഗ്യാന്‍ റോവറിനും ഈ തണുപ്പ് സഹിക്കാനാകുമെന്നും സെപ്റ്റംബര്‍ 22ന് സൂര്യന്‍ ചന്ദ്രനില്‍ വീണ്ടും ഉദിക്കുമ്പോള്‍ ഇവ വീണ്ടും പ്രവര്‍ത്തനക്ഷമമാകുമെന്നാണ് ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ.

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം