Science

ചന്ദ്രയാൻ 3ന്റെ ആദ്യഘട്ട ഭ്രമണപഥം താഴ്ത്തൽ ഇന്ന്

അഞ്ചുഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തി പേടകത്തെ ഒടുവില്‍ ചന്ദ്രന്റെ നൂറ് കിലോമീറ്റര്‍ അടുത്തുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലത്തിച്ച ശേഷമാണ് സോഫ്റ്റ് ലാന്‍ഡിങ്ങിന് തയ്യാറാകുക

വെബ് ഡെസ്ക്

ചാന്ദ്ര ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാൻ-3ന്റെ ആദ്യഘട്ട ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ ഇന്ന് നടക്കും. രാത്രി ഏകദേശം പതിനൊന്ന് മണിയോടെയാണ് ആദ്യഘട്ട ഭ്രമണപഥം താഴ്ത്തലിന് ഐഎസ്ആർഒ പദ്ധതിയിട്ടിരിക്കുന്നത്. ചന്ദ്രനിൽ നിന്ന് കുറഞ്ഞ ദൂരം 164 കിലോമീറ്ററും കൂടിയ ദൂരം 18074 കിലോമീറ്ററുമുള്ള ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകം ഇപ്പോഴുള്ളത്. അതിൽ നിന്നാണ് ഒന്നാമത്തെ ഘട്ടം വീണ്ടും കുറയ്ക്കുക.

വരും ദിവസങ്ങളിൽ അഞ്ച് ഘട്ടങ്ങളിലായി ഭ്രമണപഥം താഴ്ത്തി പേടകത്തെ ചന്ദ്രന്റെ നൂറ് കിലോമീറ്റർ അടുത്തുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് എത്തിക്കും. ഇവിടെ വച്ചാണ് ലാൻഡറും പ്രൊപ്പൽഷൻ മൊഡ്യൂളും വേർപിരിയുക. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെടുന്ന ലാൻഡർ ഏത് നിമിഷവും ലാൻഡിങ്ങിന് തയ്യാറാണ്.

ലാൻഡർ പ്രധാനമായും സോളാറിൽ പ്രവർത്തിക്കുന്നതിനാൽ ചന്ദ്രനിലെ സൂര്യോദയം കണക്കാക്കിയാണ് ലാൻഡിങ് നടത്തുക. ചന്ദ്രോപരിതലത്തിൽ നിന്ന് പരമാവധി 100 കിലോമീറ്ററും കുറഞ്ഞത് 30 കിലോമീറ്ററുമുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറിയതിന് ശേഷം പതിയെ സോഫ്റ്റ് ലാൻഡിങ് നടത്തും. ത്രസ്റ്ററുകൾ എതിർ ദിശയിൽ പ്രവർത്തിപ്പിച്ച് വേഗത കുറച്ചാണ് സോഫ്റ്റ് ലാൻഡിങ് സാധ്യമാക്കുക. ഓഗസ്റ്റ് 23ന് വൈകീട്ട് 5.47നാണ് ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിങ് ഐഎസ്ആർഒ നിശ്ചയിച്ചിരിക്കുന്നത്.

ഭൂമിയുടെ ആകർഷണത്തിൽനിന്ന് പുറത്തുകടന്ന ചന്ദ്രയാൻ-3 പേടകം ഇന്നലെ രാത്രിയാണ് ചാന്ദ്ര ഭ്രമണപഥത്തിലെത്തിയത്. ലൂണാർ ട്രാൻസ്ഫർ ട്രജക്റ്ററിയിലൂടെ സഞ്ചരിക്കുകയായിരുന്ന പേടകം ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമായി പൂർത്തിയാക്കിയതോടെയാണ് ചാന്ദ്രഭ്രമണപഥത്തിൽ പ്രവേശിച്ചത്. വൈകീട്ട് 7.12 നാണ് പേടകത്തെ ചാന്ദ്രഭ്രമണപഥത്തിലേക്ക് മാറ്റുന്ന റിട്രോ ബേണിങ് പ്രക്രിയ ആംഭിച്ചത്. 1835 സെക്കൻഡുകൾ നീണ്ടുനിൽക്കുന്നതായിരുന്നു റിട്രോ ബേർണിങ്.

ഓ​ഗസ്റ്റ് ഒന്നിന് പുലർച്ചെ നടത്തിയ ട്രാൻസ് ലൂണാർ ഇൻജെക്ഷൻ വിജയകരമായി പൂർത്തിയായതോടെയാണ് പേടകം ഭൂമിയെ വലംവയ്ക്കുന്നത് അവസാനിപ്പിച്ച് ചാന്ദ്രഭ്രമണപഥം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയത്. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 പതിനേഴ് ദിവസം ഭൂമിയെ വലംവച്ച ശേഷമാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചാന്ദ്രഭ്രമണപഥത്തിലേക്ക് നീങ്ങിയത്. ഭൂമിക്ക് അടുത്തുള്ള പാർക്കിങ് ഓർബിറ്റിൽ വിക്ഷേപിച്ച പേടകത്തെ അഞ്ചുഘട്ടമായി ഉയർത്തി ഭൂമിയിൽനിന്ന് ദൂരെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയായിരുന്നു. ജൂലൈ 15, 17,18, 20,25 തീയതികളിലായാണ് ഭ്രമണപഥമുയർത്തിയത്.

മൂന്നാം തവണയാണ് ഐഎസ്ആർഒ ചാന്ദ്ര ഭ്രമണപഥത്തിൽ പേടകത്തെ എത്തിക്കുന്നത്. ആദ്യത്തേത് ചന്ദ്രയാൻ 1, രണ്ടാമത്തേത് ചന്ദ്രയാൻ 2, ഇപ്പോഴത്തെ ചന്ദ്രയാൻ മൂന്നും. ചന്ദ്രയാൻ ഒന്നിൽ സോഫ്റ്റ് ലാൻഡിങ് ആയിരുന്നില്ല. ചന്ദ്രയാൻ രണ്ടിൽ സോഫ്റ്റ് ലാൻഡിംഗ് ശ്രമം പരാജയപ്പെട്ടിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ