Science

ചന്ദ്രയാൻ 3 ലാൻഡറിന്റെ ഡീബൂസ്റ്റിങ് ഇന്ന് വൈകീട്ട്; പേടകത്തിന്റെ വേഗത കുറയും, ഭ്രമണപഥം താഴും

വെബ് ഡെസ്ക്

ചന്ദ്രോപരിതലത്തില്‍ സുരക്ഷിത ലാന്‍ഡിങ്ങിന് തയ്യാറെടുക്കുന്ന ചന്ദ്രയാന്‍ 3 ലാന്‍ഡറിന്‌റെ ഡീബൂസ്റ്റിങ് ഇന്ന് നടക്കും. ലാന്‍ഡറിന്‌റെ വേഗത കുറച്ച് താഴ്ന്ന ഭ്രമണപഥത്തിലേക്ക് മാറ്റുന്ന പ്രവര്‍ത്തനമാണിത്. സോഫ്റ്റ്ലാൻഡിങ് വിജയകരമാകാൻ നിർണായകമായ പ്രവർത്തനമാണ് ഡീബൂസ്റ്റിങ്. ഇന്നലെയാണ് ലാൻഡർ മൊഡ്യൂൾ, പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ടത്.

ഇന്ന് വൈകീട്ട് നാല് മണിക്കാണ് ഡീബൂസ്റ്റിങ് പ്രവര്‍ത്തനം. ഡീബൂസ്റ്റിങ്ങിന് പിന്നാലെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി ലാന്‍ഡറെ 30 കിലോമീറ്റര്‍, 100 കിലോമീറ്റര്‍ പരിധികളുള്ള ദീര്‍ഘവൃത്താകാര ഭ്രമണപഥത്തിലെത്തിക്കും. ഇവിടെ നിന്ന് പ്രവേഗം (വെലോസിറ്റി) കുറച്ചാണ് ലാന്‍ഡിങ് സാധ്യമാക്കുക. ചന്ദ്രന് ഏറ്റവും അടുത്തെത്തുന്ന 30 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് പേടകം ലംബമാവുകയും ഉപരിതലത്തിലേക്ക് നീങ്ങുകയും ചെയ്യും. ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കുന്ന ലാന്‍ഡറിന്റെ വേഗത കുറയ്ക്കുകയാണ് ലാന്‍ഡിങ്ങിലെ നിര്‍ണായക ഘട്ടം.

ലാന്‍ഡറും അതിനകത്തുള്ള റോവറും ചേര്‍ന്നതാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട ലാന്‍ഡര്‍ മൊഡ്യൂള്‍. വ്യാഴാഴ്ച ഉച്ചയോടെയാണ് ഈ വേര്‍പെടല്‍ നടന്നത്. തുടര്‍ന്ന് ഇരു മൊഡ്യൂളുകളും പരസ്പരം ബന്ധമില്ലാതെ ഒരേ ഭ്രമണപഥത്തിലൂടെ നീങ്ങുകയാണ്. 153 കിലോ മീറ്റര്‍, 163 കിലോമീറ്റര്‍ പരിധിയുള്ള ഭ്രമണപഥത്തിലൂടെയാണ് സഞ്ചാരം. ഇവിടെ നിന്നാണ് ലാന്‍ഡര്‍ മൊഡ്യൂളിലെ ലിക്വിഡ് അപ്പോജി മോട്ടോര്‍ ജ്വലിപ്പിച്ച് ഡീബൂസ്റ്റിങ് നടത്തുക.

100കിലോമീറ്റര്‍, 30 കിലോമീറ്റര്‍ പരിധിയിലുള്ള ഭ്രമണപഥത്തില്‍ മൂന്ന് വട്ടം ലാന്‍ഡര്‍ ചന്ദ്രനെ വലംവയ്ക്കും. മൂന്നാംവട്ടം ചന്ദ്രന് ഏറ്റവും അടുത്തെത്തുമ്പോഴാണ് ലാന്‍ഡിങ്ങിനുള്ള പ്രവര്‍ത്തനം തുടങ്ങുന്നത്. ഓഗസ്റ്റ് 23 ഉച്ചയോടെ ലാന്‍ഡിങ്ങ് നടപടികള്‍ ആരംഭിക്കും. വൈകീട്ട് 5.47 നാണ് സോഫ്റ്റ് ലാന്‍ഡിങ്. മുഴുവന്‍ സെന്‍സറുകളും രണ്ട് എഞ്ചിനും തകരാറിലായാലും സോഫ്റ്റ്‌ലാന്‍ഡിങ് വിജയകരമായി നടത്താനാകുംവിധം വിവിധ പരീക്ഷണങ്ങളും പരിശോധനകളും പൂര്‍ത്തിയാക്കിയാണ് ലാന്‍ഡര്‍ തയ്യാറാക്കിയിരിക്കുന്നത്.

ജൂലൈ 14 ന് വിക്ഷേപിച്ച ചന്ദ്രയാൻ- 3 ഓഗസ്റ്റ് അഞ്ചിനാണ് ചാന്ദ്ര ഭ്രമണപഥത്തിലെത്തിയത്. നാല് തവണയായി ഭ്രമണപഥം താഴ്ത്തിയതിന് ശേഷം ഇന്നലെ മൊഡ്യൂളുകൾ വേർപെടുത്തി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമെന്ന ലക്ഷ്യവുമായാണ് ചന്ദ്രയാൻ 3 ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയർന്നത്. എന്നാൽ ഈ മാസം വിക്ഷേപിച്ച റഷ്യയുടെ ലൂണ 25 ആ നേട്ടം സ്വന്തമാക്കാനുള്ള കുതിപ്പിലാണ്. നിലവിൽ ചന്ദ്രന് മുകളിൽ 100 കിലോമീറ്റർ അകലെയുള്ള വൃത്താകാര ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ലൂണ 25ന്റെ ലാൻഡിങ് ഓഗസ്റ്റ് 21 നാണ്. ഇത് വിജയകരമായി പൂർത്തിയാക്കാനായാൽ ദക്ഷിണധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമെന്ന ബഹുമതി റഷ്യയ്ക്ക് സ്വന്തം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും