ചന്ദ്രോപരിതലത്തോട് കൂടുതല്‍ അടുത്ത് ചന്ദ്രയാന്‍3- ലാന്‍ഡന്‍. ലാന്‍ഡര്‍ മൊഡ്യൂളിന്റെ ആദ്യ ഡീ ബൂസ്റ്റിങ് വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടാംഘട്ട ഡീബൂസ്റ്റിങ് നടക്കും.
ലാൻഡർ മൊഡ്യൂളിലെ എഞ്ചിൻ പ്രവർത്തിപ്പിച്ചാണ് ഡീബൂസ്റ്റിങ് സാധ്യമാക്കിയത്. ഇതിലൂടെ ലാന്‍ഡറിന്റെ വേഗത കുറച്ച്, പുതിയ ഭ്രമണപഥത്തിലെത്തിക്കാനായി. 113 കിലോമീറ്റര്‍, 157 കിലോമീറ്റര്‍ പരിധിയുള്ള ഭ്രമണപഥത്തിലാണ് ലാന്‍ഡന്‍ മൊഡ്യൂള്‍ ഇപ്പോള്‍ എത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ നടക്കുന്ന രണ്ടാം ഘട്ട ഡീബൂസ്റ്റിങ്ങിലൂടെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിന് കുറച്ചുകൂടി അടുത്തെത്തും.
ഇന്നലെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട ലാന്‍ഡര്‍ മൊഡ്യൂള്‍ 153 കിലോമീറ്റര്‍, 163 കിലോമീറ്റര്‍ പരിധികളുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കവെയാണ് ഡീബൂസ്റ്റിങ് നടത്തിയത്. ലാന്‍ഡറിന്‌റെ ആരോഗ്യം തൃപ്തികരമെന്ന് ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് രണ്ടാം ഘട്ട ഡീബൂസ്റ്റിങ് നടത്തുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. അതേസമയം, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ഇന്നലത്തെ അതേ ഭ്രമണപഥത്തില്‍ (153 കിലോമീറ്റര്‍, 163 കിലോമീറ്റര്‍) സഞ്ചാരം തുടരുകയാണ്. ഈ ഭ്രമണപഥത്തിൽ ചന്ദ്രനെ ചുറ്റിയാകും പ്രൊപ്പൽഷൻ മൊഡ്യൂളിന്റെ തുടർപ്രവർത്തനം.
ബുധനാഴ്ച വൈകീട്ട് 5.47നാണ് സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്. ലാൻഡിങ് കൃത്യമാക്കാൻ പേടകത്തെ ഏറ്റവും ഉചിതമായ ഭ്രമണപഥത്തിലെത്തിക്കേണ്ടതുണ്ട്. കുറഞ്ഞ ദൂരം 30 കിലോമീറ്ററും കൂടിയ ദൂരം 100 കിലോമീറ്ററുമുള്ള ദീര്‍ഘവൃത്താകാര ഭ്രമണപഥമാണ് സോഫ്റ്റ്ലാന്‍ഡിങ്ങിന് മുന്‍പ് ലാന്‍ഡറിനായി നിശ്ചയിച്ചിരിക്കുന്നത്. ഘട്ടംഘട്ടമായ ഡീബൂസ്റ്റിങ്ങിലൂടെയാണ് ഈ പാതയിലെത്തുക.
ചന്ദ്രന്റെ കൂടുതല്‍ അടുത്തു നിന്ന് ലാന്‍ഡര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ ഇന്ന് പുറത്തുവിട്ടിരുന്നു. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട ശേഷം ഇന്നലെ ലാന്‍ഡര്‍ ഇമേജര്‍ കാമറ1 പകര്‍ത്തിയ ദൃശ്യവും ഓഗസ്റ്റ് 15 ന് ലാന്‍ഡര്‍ പൊസിഷന്‍ ഡിറ്റക്ഷന്‍ കാമറ പകര്‍ത്തിയ ദൃശ്യവുമാണ് ഇവ. ചന്ദ്രോപരിതലത്തേക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കുന്നതാണ് ഈ ദൃശ്യങ്ങള്‍. നേരത്തെ ലൂണാർ ഓർബിറ്റ് ഇൻസേർഷൻ സമയത്ത് പകർത്തിയ ദൃശ്യവും ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു