ബഹിരാകാശ ഗവേഷണത്തില്‍ ആദ്യമായി ചന്ദ്രന്റെ ഉപരിതലത്തിലെ മണ്ണിന്റെ താപനില വിവരം ശേഖരിച്ച് ചരിത്രം കുറിച്ച് ചന്ദ്രയാന്‍ 3. വിക്രം ലാന്‍ഡറിലുള്ള ചാസ്‌തേ (Chandra's Surface Thermophysical Experiment) പേലോഡാണ് ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ താപനില പഠിച്ചത്.
ദക്ഷിണധ്രുവത്തിന് സമീപമുള്ള ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ താപനില സംബന്ധിച്ച് ലഘുവിവരണം നല്‍കുന്ന ആദ്യ ദൗത്യമായി ഇതോടെ ചന്ദ്രയാന്‍ 3. 'എക്‌സി'ലൂടെ ഐഎസ്ആര്‍ഒയാണ് ഇക്കാര്യം പുറത്തുവിട്ടത്. ചന്ദ്രോപരിതലത്തില്‍ നിന്ന് താഴേക്ക് പോകുമ്പോള്‍ താപനിലയിലുണ്ടാകുന്ന മാറ്റമാണ് ചാസ്‌തേ രേഖപ്പെടുത്തിയത്. അതിന്റെ ഗ്രാഫ് ഐഎസ്ആര്‍ഒ പുറത്തുവിട്ടു. വിശദമായ പഠനം നടക്കുകയാണെന്നും ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി വ്യക്തമാക്കി.
ചന്ദ്രോപരിതലത്തില്‍ നിന്ന് താഴേക്ക് താപനില വളരെ പെട്ടെന്ന് താഴുന്നതായി ഗ്രാഫില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ഉപരിതലത്തിലെ താപനില ഏതാണ്ട് 50 ഡിഗ്രി സെഷ്യസ് ആണെന്നും 80 മില്ലിമീറ്റര്‍ താഴേക്ക് എത്തുമ്പോള്‍ അത് മൈനസ് 10 ഡിഗ്രി സെല്‍ഷ്യസ് ആയി കുറയുമെന്നും രേഖാചിത്രം വ്യക്തമാക്കുന്നു.
താപനില പഠിക്കുന്നതിനുള്ള 10 സെന്‍സറുകളാണ് ചാസ്‌തേയിലുള്ളത്. ഉപരിതലത്തില്‍ നിന്ന് 10 സെന്റീമീറ്റര്‍ വരെ താഴേക്ക് തുളച്ചുകയറി പഠനം നടത്താന്‍ പ്രോബിനാകും. വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ സ്‌പേസ് ഫിസിക്‌സ് ലബോറട്ടറിയും ഹൈദരാബാദിലുള്ള ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയും സംയുക്തമായാണ് ചാസ്‌തേ വികസിപ്പിച്ചെടുത്തത്.
41 ദിവസത്തെ യാത്രയ്ക്ക് ശേഷം ഓഗസ്റ്റ് 23 നാണ് ഇന്ത്യയുടെ ചന്ദ്രയാന്‍3 ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡ് ചെയ്തത്. സോവിയറ്റ് യൂണിയന്‍, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ചാസ്‌തേ ഉള്‍പ്പെടെ ഏഴ് പേലോഡുകളാണ്, ചന്ദ്രയാന്‍3- ലുള്ളത്. നാലെണ്ണം ലാന്‍ഡറിലും രണ്ടെണ്ണം റോവറിലും ഒന്ന് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലുമാണ് ഉള്ളത്.
14 ദിവസമാണ് പേടകത്തിലെ പഠനോപകരണങ്ങളുടെ പ്രവര്‍ത്തന കാലാവധി. ഇതിനിടയില്‍ പരമാവധി പഠനങ്ങള്‍ നടത്തി വിവരങ്ങള്‍ ഭൂമിയിലേക്കയക്കാനാണ് ലക്ഷ്യമിടുന്നത്. 10 ദിവസം കൂടിയാണ് പഠനത്തിനായി ഇനി ബാക്കിയുള്ളത്.