ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ലാൻഡിങ് നാളെ വൈകീട്ട് തന്നെയെന്ന് ഉറപ്പിച്ച് ഐ എസ് ആർ ഒ. ദൗത്യം നിശ്ചയിച്ച പ്രകാരം മുന്നോട്ടുപോകുന്നതായി ബഹിരാകാശ ഏജൻസി എക്സിൽ അറിയിച്ചു. പേടകം പകർത്തിയ ചന്ദ്രന്റെ ഏറ്റവും പുതിയ ചിത്രങ്ങളും ദൃശ്യങ്ങളും ഐ എസ് ആർ ഒ പങ്കുവച്ചു. ചന്ദ്രോപരിതലത്തിൽനിന്ന് 70 കിലോ മീറ്റർ ഉയരത്തിൽനിന്ന് പകർത്തിയവയാണ് ചിത്രങ്ങൾ.
ചന്ദ്രയാൻ 3 ലക്ഷ്യമിട്ട രീതിയിൽ തന്നെയാണ് മുന്നോട്ടുപോകുന്നതെന്നും എല്ലാ ഘടകങ്ങളും നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും ഐഎസ്ആർഒ എക്സിലൂടെ അറിയിച്ചു. സോഫ്റ്റ് ലാൻഡിങ് നിമിഷത്തിനായി മിഷൻ ഓപ്പറേഷൻസ് കോംപ്ലക്സ് (മോക്സ്) ആവേശത്തോടെയും ഊർജസ്വലതയോടെയും കാത്തിരിക്കുകയാണെന്നും ഐഎസ്ആർഒ കൂട്ടിച്ചേർത്തു.
നാളെ വൈകീട്ട് 6.04നാണ് സോഫ്റ്റ് ലാന്‍ഡിങ്. ചന്ദ്രനില്‍ നിന്ന് അടുത്ത ദൂരം 25 കിലോമീറ്ററും അകലെയുള്ള ദൂരം 134 കിലോമീറ്ററുമുള്ള ഭ്രണപഥത്തിലാണ് ലാൻഡർ മൊഡ്യൂൾ ഇപ്പോൾ. നാളെ വൈകീട്ട് 5.45ന് 25 കിലോമീറ്റർ ഉയരത്തിൽനിന്ന് ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് തിരിക്കും. സ്വയംനിയന്ത്രിത സോഫ്റ്റ് ലാൻഡിങ് നടത്തുന്ന രീതിയിലാണ് ലാൻഡറിനെ സജ്ജമാക്കിയിരിക്കുന്നത്.
സെക്കൻഡിൽ രണ്ട് കിലോമീറ്ററോളം വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തെ സെക്കൻഡിൽ 1-2 മീറ്റർ വേഗത്തിലേക്ക് നിയന്തിച്ചാണ് സോഫ്റ്റ് ലാൻഡിങ് നടത്തുക. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങുന്ന പേടകത്തിൽനിന്ന് കുറച്ചുസമയത്തിനുശേഷം റോവർ പുറത്തിറങ്ങി അശോകസ്തംഭവും ഐ എസ് ആർ ഒയുടെ മുദ്രയും പതിപ്പിക്കും.
അതേസമയം പ്രതികൂല സാഹചര്യങ്ങളുണ്ടായാൽ ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയമുറപ്പിക്കാൻ 'പ്ലാൻ ബി'യും ഐ എസ് ആർ ഒ ആവിഷ്കരിച്ചിട്ടുണ്ട്. ലാൻഡർ മൊഡ്യൂളിന് എന്തെങ്കിലും സംഭവിച്ചാൽ ചന്ദ്രയാൻ-3 ന്റെ ലാൻഡിങ് 27ലേക്ക് മാറ്റുമെന്ന് അഹമ്മദാബാദിലെ ഐ എസ് ആർ ഒ സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നിലേഷ് എം ദേശായി പറഞ്ഞു.
ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ ക്യാമറ (എൽ പി ഡി സി) 19നും ലാൻഡർ ഇമേജർ ക്യാമറ 20നും പകർത്തിയ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് ഏതാനും സമയം മുൻപ് ഐ എസ് ആർ ഒ പങ്കുവച്ചിരിക്കുന്നത്. എൽ പി ഡി സി പകർത്തിയ ചിത്രങ്ങളുടെ സഹായത്തോടെയാണ് ലാൻഡർ മൊഡ്യൂൾ ഇറങ്ങുന്ന സ്ഥാനം നിർണയിക്കുന്നത്.
സോഫ്റ്റ് ലാൻഡിങ്ങിന്റെ ആവേശം തത്സമയം ജനങ്ങളിലേക്ക് എത്തിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ഐ എസ് ആർ ഒ ഒരുക്കിയിരിക്കുന്നത്. ലാൻഡിങ്ങിന്റെ തത്സമയ സംപ്രേക്ഷണം നാളെ വൈകീട്ട് 5:20 മുതലുണ്ടാവും. ഐ എസ് ആർ ഒയുടെ വെബ്സൈറ്റിലും യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും തത്സമയം കാണാം.