Science

പ്രതീക്ഷയോടെ രാജ്യം; ചന്ദ്രയാൻ-3 വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആർഒ

ജൂലൈ 12 മുതല്‍ 19 വരെയാണ് ചന്ദ്രയാന്റെ വിക്ഷേപണ വിന്‍ഡോ

വെബ് ഡെസ്ക്

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുകയാണ്. വിക്ഷേപണ വാഹനത്തിന്‌റെ ഭാഗങ്ങള്‍ സംയോജിപ്പിക്കുന്ന അവസാനഘട്ട പ്രവര്‍ത്തനത്തിലാണ് ഐഎസ്ആര്‍ഒ. ജൂലൈ രണ്ടാം വാരത്തിലാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടാല്‍ റീലാന്‍ഡിങ് നടത്താന്‍ സൗകര്യമുണ്ടെന്നതാണ് ചന്ദ്രയാന്‍ മൂന്നിന്‌റെ പ്രധാന സവിശേഷത.

ഭാഗികമായി പരാജയമായ ചന്ദ്രയാന്‍ രണ്ടിന്‌റെ തുടര്‍ച്ചയാണ് മൂന്നാം ദൗത്യം. രൂപത്തിലും ഘടനയിലും ചന്ദ്രയാന്‍ രണ്ടുമായി വലിയ സാമ്യമുണ്ടെങ്കിലും പരാജയത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് സാങ്കേതികതമായി ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ട്.

ചന്ദ്രയാന്‍2

ചന്ദ്രനെക്കുറിച്ച് പഠനം നടത്തുകയെന്ന ലക്ഷ്യത്തോടെ 2019 ജൂലൈ 22 നാണ് ചന്ദ്രയാന്‍2 കുതിച്ചുയര്‍ന്നത്. അതേ വര്‍ഷം ഓഗസ്റ്റ് 20ന് ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തി. ചന്ദ്രന്‌റെ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡറും റോവറും ഇറക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ലാന്‍ഡിങ് ശ്രമത്തിനിടെ സെപ്റ്റംബര്‍ ആറിന് പേടകം ക്രാഷ് ലാന്‍ഡ് ചെയ്തു. സോഫ്റ്റ്‌വെയര്‍ തകരാറാണ് ഇതിന് കാരണമായത്. ചന്ദ്രയാന്‍ രണ്ടില്‍, വിക്രം ലാന്‍ഡര്‍, പ്രഗ്യാന്‍ റോവര്‍, ഒരു ഓര്‍ബിറ്റര്‍ എന്നിവയാണ് ഉണ്ടായിരുന്നത്. ഏഴ് വര്‍ഷം കാലാവധിയുള്ള ഓര്‍ബിറ്റര്‍ അതേപടി നിലനിര്‍ത്തി പുതിയ ലാന്‍ഡറും റോവറും വിക്ഷേപിക്കുകയാണ് ചന്ദ്രയാന്‍ മൂന്നില്‍.

ചന്ദ്രയാൻ 3ന്റെ ലാൻഡർ

ചന്ദ്രയാന്‍ മൂന്ന്

ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാന്‍ മൂന്നിന്‌റെ ഘടകങ്ങള്‍. ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി റോവറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കുകയും റോവര്‍ അവിടെ ശാസ്ത്രീയ പഠനങ്ങള്‍ നടത്തുകയും ചെയ്യും. ഇതിനാവശ്യമായ ഉപകരണങ്ങള്‍ ലാന്‍ഡറിലും റോവറിലുമുണ്ട്.

ചന്ദ്രയാൻ 3ന്റെ റോവർ

വിക്ഷേപണ വാഹനത്തില്‍നിന്ന് വേര്‍പെടുന്ന ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തിക്കുകയും വേര്‍പെടുത്തുകയുമാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന്‌റെ ദൗത്യം. ചന്ദ്രോപരിതലത്തില്‍നിന്ന് 100 കിലോമീറ്റര്‍ ദൂരെയുള്ള വൃത്താകൃതിയിലുള്ള പോളാര്‍ ഭ്രമണപഥമാണ് ലാന്‍ഡര്‍ മൊഡ്യൂളിനായി നിശ്ചയിച്ചിട്ടുള്ളത്. ലാന്‍ഡറിനകത്താണ് റോവര്‍ വിക്ഷേപണസമയത്ത് ഒരുക്കിയിരിക്കുന്നത്. മൂന്ന് മൊഡ്യൂളുകളും ചേരുന്നതാണ് ഇന്‌റഗ്രേറ്റഡ് മൊഡ്യൂള്‍.

മറ്റ് ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും ഉപരിതലത്തില്‍ സഞ്ചരിച്ച് പഠനം നടത്താനുള്ള ഉപകരണമാണ് റോവര്‍. ചക്രങ്ങളുള്ള ചെറിയ വാഹന രൂപത്തിലാണ് ഇതുണ്ടാകുക. ആവശ്യമായ സാമ്പിളുകള്‍ ശേഖരിക്കാനും മറ്റും സൗകര്യങ്ങളുണ്ട്
ലാൻഡറിൽ നിന്ന് റോവർ സ്ഥാപിക്കുന്നു

ലാന്‍ഡറും റോവറും മാത്രമാണ് വിക്ഷേപിക്കുന്നതെന്നത് ചന്ദ്രയാന്‍ രണ്ടുമായി ചന്ദ്രയാന്‍ മൂന്നിനുള്ള പ്രധാന വ്യത്യാസമാണ്. ആശയവിനിമയത്തിനും മാപ്പിങ്ങിനുമായി ചന്ദ്രയാന്‍ മൂന്ന് ആശ്രയിക്കുക ചന്ദ്രയാന്‍ രണ്ടിന്‌റെ ഓര്‍ബിറ്റര്‍ തന്നെ. ഇപ്പോഴും ചന്ദ്രന് ചുറ്റും കറങ്ങുകയാണ് ഈ ഓര്‍ബിറ്റര്‍.

ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് ക്യാമറകളാണ് മറ്റൊരു പ്രധാന മാറ്റം. ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുമ്പോള്‍, ഓര്‍ബിറ്ററുമായും മിഷന്‍ കണ്‍ട്രോളുമായും ചേര്‍ന്ന് ഇത് പ്രവര്‍ത്തിക്കുന്നു. ചന്ദ്രയാന്‍ രണ്ടിന് ഇത്തരത്തില്‍ ഒറ്റ ക്യാമറ മാത്രമാണുണ്ടായിരുന്നതെങ്കില്‍ ചന്ദ്രയാന്‍ മൂന്നില്‍ രണ്ട് ക്യാമറകളുണ്ട്.

ദൗത്യലക്ഷ്യം

  • ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായ സോഫ്റ്റ് ലാന്‍ഡിങ് സാധ്യമാക്കുക

  • റോവര്‍ ഉപയോഗിച്ച് ചന്ദ്രോപരിതലത്തില്‍ പഠനം നടത്തുക

  • ചന്ദ്രോപരിതലത്തി ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുക

ഈ നിശ്ചിത ലക്ഷ്യങ്ങള്‍ നേടാന്‍ ലാന്‍ഡറില്‍ നൂതനമായ പല സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇൻഡഗ്രേറ്റഡ് മൊഡ്യൂൾ

പേലോഡുകള്‍

  • തെര്‍മല്‍ കണ്ടക്റ്റിവിറ്റിയും താപനിലയും പഠിക്കാനായി ലാൻഡറിൽ ചാസ്റ്റ് (Chandra’s Surface Thermophysical Experiment - ChaSTE) സ്ഥാപിച്ചിരിക്കുന്നു

  • ഭൂചലനങ്ങള്‍ക്ക് സമാനമായി ചന്ദ്രനിലുണ്ടാകുന്ന ചലനങ്ങളെ കുറിച്ചും ചന്ദ്രന്‌റെ ഘടനയെക്കുറിച്ചും പഠിക്കുന്ന സെസ്മിക് ആക്റ്റിവിറ്റി ഉപകരണം ( Instrument for Lunar Seismic Activity -ILSA) ലാൻഡറിലുണ്ട്

  • പ്ലാസ്മ സാന്ദ്രതയെക്കുറിച്ച് പഠിക്കാന്‍ ലാങ്‌മെയര്‍ പ്രോബ് ( Langmuir probe)- ഇത് ലാൻഡറിൽ സ്ഥാപിച്ചിരിക്കുന്നു

  • നാസയുടെ ലേസര്‍ റിട്രോറിഫ്‌ളക്റ്റര്‍ അറേ- ലാൻഡറിലാണിത്

  • റോവറിലുള്ള ആല്‍ഫാ എക്‌സ്‌റേ സ്‌പെക്രോമീറ്ററും ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെട്രോസ്‌കോപ്പും. ഇവ രണ്ടും മൂലക ഘടനയെക്കുറിച്ച് പഠിക്കാന്‍ ലക്ഷ്യമിട്ടാണ്

  • സ്‌പെക്ട്രോ പോളാരിമെട്രി ഓഫ് ഹാബിറ്റബിള്‍ പ്ലാനറ്റ് എര്‍ത്ത് (SHAPE)- മനുഷ്യവാസമുള്ള ഗ്രഹങ്ങളുണ്ടോയെന്ന് കണ്ടെത്താന്‍ സഹായിക്കും വിധം താരതമ്യം ചെയ്യാന്‍ ഭൂമിയുടെ സ്പെക്ട്രം പഠിക്കുന്നതിനാണ് ഈ ഉപകരണം. പ്രൊപ്പല്‍ഷൻ മൊഡ്യൂളിലാണ് ഇത് ഘടിപ്പിക്കുക

ചന്ദ്രയാൻ മൂന്ന് ദൗത്യം-രേഖാചിത്രം

വിക്ഷേപണം

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‌ററില്‍നിന്നാണ് വിക്ഷേപണം. ജൂലൈ 12 മുതല്‍ 19 വരെയാണ് വിക്ഷേപണ വിന്‍ഡോ. ബെംഗളൂരുവിലെ യു ആര്‍ റാവു ഉപഗ്രഹ കേന്ദ്രത്തില്‍ നിര്‍മിച്ച റോവറും ലാന്‍ഡറും മറ്റ് ഭാഗങ്ങളും ശ്രീഹരിക്കോട്ടയിൽ എത്തിച്ചു. വിവിധ ഘട്ടങ്ങളിലെ പരീക്ഷണങ്ങളും പരിശോധനകളും വിജയകരമായി പൂർത്തിയാക്കിയാണ് വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പ് പുരോഗമിക്കുന്നത്.

ജിഎസ്എല്‍വി മാക്ക് ത്രീയാണ് വിക്ഷേപണ വാഹനം. റോക്കറ്റ് സംയോജനം ജൂണ്‍ 30ഓടെ പൂര്‍ത്തിയാകും. ജൂലൈ 12 ന് മുന്‍പ് തന്നെ റോക്കറ്റും പേടകവും വിക്ഷേപണത്തറയുമെല്ലാം വിക്ഷേപണത്തിനായി സജ്ജമായിട്ടുണ്ടാകും. അനുകൂല കാലാവസ്ഥ കൂടി പരിഗണിച്ചാകും വിക്ഷേപണ തീയതി നിശ്ചയിക്കുന്നതും കൗണ്‍ഡൗണ്‍ തുടങ്ങുന്നതും.

സങ്കീർണം, നിർണായകം

മനുഷ്യനെപ്പോലും പലതവണ ചന്ദ്രനിലിറക്കിയിട്ടുണ്ടെങ്കിലും ചന്ദ്രന്‌റെ ഉപരിതലത്തിലേക്ക് നിയന്ത്രിതമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തുക ഇപ്പോഴും ഏറെ ശ്രമകരമായ ദൗത്യമാണ്. ദുര്‍ബലമായ ഗുരുത്വാകര്‍ഷണം, നേര്‍ത്ത അന്തരീക്ഷം എന്നിവയെല്ലാം ചന്ദ്രനിലെ ലാന്‍ഡിങ് സങ്കീര്‍ണമാക്കുന്നു. ഇതുവരെ നടന്ന ഇത്തരം ചാന്ദ്രദൗത്യങ്ങളില്‍ മൂന്നിലൊന്നും ലക്ഷ്യം കണ്ടിട്ടില്ല. ഏറ്റവുമൊടുവില്‍ ഏപ്രിലില്‍ ജപ്പാന്റെ ഹകുട്ടോ ആര്‍ ചാന്ദ്രദൗത്യവും പരാജയപ്പെട്ടു.

സൗരദൗത്യമായ ആദിത്യ എൽ1, മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കുന്ന ഗഗന്‍യാന്‍ തുടങ്ങി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന ഇന്ത്യന്‍ ബഹിരാകാശമേഖലയ്ക്ക് ഈ വര്‍ഷം ഏറെ നിര്‍ണായകമാണ്. അതില്‍ ആദ്യത്തേതായ ചന്ദ്രയാന്‍ മൂന്നിന്‌റെ ഭാവി തുടര്‍പദ്ധതികളെ പോലും ബാധിക്കുന്നതുമാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ