ചന്ദ്രയാൻ -3 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ വിക്രം ലാൻഡറിന്റെ ത്രീഡി ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ. ലാൻഡറിൽനിന്ന് പുറത്തിറങ്ങിയ പ്രഗ്യാൻ റോവർ പകർത്തിയ ചിത്രങ്ങൾ സംയോജിപ്പിച്ചാണ് ത്രീഡി ചിത്രം തയാറാക്കിയത്.
റോവർ നാവിഗേഷനൽ ക്യാമറയിൽ പകർത്തിയ ചിത്രങ്ങളാണ് ത്രീഡി ചിത്രത്തിനായി ഉപയോഗിച്ചത്. രണ്ട് ചിത്രങ്ങൾ ചേർത്താണ് ത്രീഡി രൂപം നിർമിച്ചതെന്ന് ഐഎസ്ആർഒ എക്സിൽ അറിയിച്ചു. ഇടത് ഭാഗത്തുനിന്നും വലതുഭാഗത്തുനിന്നുമുള്ള ചിത്രങ്ങളാണ് സംയോജിപ്പിച്ചിരിക്കുന്നത്.
ഐഎസ്ആർഒ തന്നെ വികസിപ്പിച്ചതാണ് പ്രഗ്യാൻ റോവറിലെ നാവിഗേഷനൽ ക്യാമറ. ഐഎസ്ആർഒയുടെ ഇലക്ട്രോ–ഒപ്റ്റിക്സ് സിസ്റ്റം ലബോറട്ടറിയാണ് നാവിഗേഷനൽ ക്യാമറ നിര്‍മിച്ചത്. അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്ററാണ് ചിത്രങ്ങളെ ത്രീ ഡി രൂപത്തിലേക്ക് മാറ്റിയെടുത്തത്.
ഓഗസ്റ്റ് 23ന് സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രയാൻ -3 ദൗത്യത്തിലെ പ്രഗ്യാൻ റോവറിനുപിന്നാലെ വിക്രം ലാൻഡറിനെയും കഴിഞ്ഞദിവസങ്ങളിൽ ഐഎസ്ആർഒ സ്ലീപ് മോഡിലേക്ക് സജ്ജീകരിച്ചിരുന്നു. പേലോഡുകൾ നിലവിൽ സ്വിച്ച് ഓഫ് മോഡിൽ ആണ്. അതേസമയം, ലാൻഡറിലെ റിസീവറുകൾ പ്രവർത്തനക്ഷമമാണ്.
ലാൻഡറും റോവറുമുള്ള ദക്ഷിണധ്രുവത്തിലെ പ്രദേശത്തുനിന്ന് സൂര്യൻ മറഞ്ഞതോടെയാണ് ലാൻഡറിനെയും റോവറിനെയും സ്ലീപ്പ് മോഡിലേക്ക് മാറ്റിയത്. സൂര്യപ്രകാശം ഉപയോഗിച്ച് പ്രവർത്തിക്കുന്ന തരത്തിലാണ് ലാൻഡറിനെയും റോവറിനെയും ഐഎസ്ആർഒ സൃഷ്ടിച്ചത്.
ഒരു ചാന്ദ്രപ്പകൽ എന്നതാണ് 14 ഭൗമദിനങ്ങളാണ്. ഈ കാലയളവ് ചന്ദ്രോപരിതലത്തിൽ പൂർത്തിയ സാഹചര്യത്തിലാണ് ലാൻഡറിനെയും റോവറിനെയും സ്ലീപ് മോഡിലേക്ക് മാറ്റിയത്. ദക്ഷിണധ്രുവത്തിൽ സൂര്യപ്രകാശം എത്തുന്ന സെപ്റ്റംബർ 22ഓടെ പ്രഗ്യാൻ റോവറും വിക്രം ലാൻഡറും വീണ്ടും പ്രവർത്തനക്ഷമമാകുമെന്നാണ് ഐഎസ്ആർഒ പ്രതീക്ഷിക്കുന്നത്.
ലാൻഡറിനെ നേരത്തെ ലാന്‍ഡ് ചെയ്ത സ്ഥലത്തുനിന്ന് 40 സെന്റീമീറ്ററോളം ഉയര്‍ത്തി 30-40 സെന്റീമീറ്റര്‍ ദൂരെ മാറി വീണ്ടും സോഫ്റ്റ് ലാന്‍ഡ് ചെയ്യിച്ചിരുന്നു. ഭൂമിയിലേക്ക് പേടകങ്ങളെ തിരിച്ചുകൊണ്ടുവരുന്നതിലും മനുഷ്യദൗത്യങ്ങളിലും നിർണായക ചുടുവയ്പ്പായിരുന്നു പരീക്ഷണം.