Science

ചന്ദ്രയാൻ 3: പേടകം ശ്രീഹരിക്കോട്ടയിലെത്തിച്ചു, വിക്ഷേപണം ജൂലൈയിലെന്ന് സ്ഥിരീകരിച്ച് ഐഎസ്ആർഒ

ചന്ദ്രയാൻ 3 മുൻഗാമിയായ ചന്ദ്രയാൻ 2ന്റെ പകർപ്പല്ലെങ്കിലും അതേ ഭ്രമണപഥത്തിലൂടെയായിരിക്കും സഞ്ചാരം

വെബ് ഡെസ്ക്

ഇന്ത്യയുടെ മൂന്നാം ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ 3 ഭാഗമായി പേടകം വിക്ഷേപണത്തിനായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെത്തിച്ചു. വിക്ഷേപണം ജൂലൈയിൽ നടക്കുമെന്ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) സ്ഥിരീകരിച്ചു.

ജൂലൈ 12 ന് വിക്ഷേപിക്കുന്ന പേടകം ഓഗസ്റ്റ് 23 ന് ചന്ദ്രനിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഎസ്ആർഒ ഇതുവരെ നിർമിച്ച റോക്കറ്റുകളിലെ ഭീമനും കരുത്തനുമായ ജിഎസ്എൽവി മാക്3 യാണ് വിക്ഷേപണവാഹനം.

ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിങ്ങനെ തദ്ദേശീയമായി വികസിപ്പിച്ച മൂന്ന് മൊഡ്യൂളുകളാണ് ചന്ദ്രയാന്‍ 3ൽ ഉള്ളത്. ചന്ദ്രനു ചുറ്റും കറങ്ങുന്ന മാതൃപേടകത്തിൽനിന്ന് വേർപെടുന്ന ലാന്‍ഡര്‍ ചന്ദ്രനിലെ മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്ത് സോഫ്റ്റ് ലാന്‍ഡിങ് നടത്തും. തുടർന്ന് ഇതിൽനിന്ന് വേർപെടുന്ന റോവര്‍ ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് പരീക്ഷണങ്ങൾ നടത്തും.

ചന്ദ്രന്റെ ഭ്രമണപഥത്തിൽനിന്ന് ഭൂമിയുടെ സ്പെക്ട്രൽ, പോളാർമെട്രിക് അളവുകൾ പഠിക്കുന്ന SHAPE (സ്പെക്ട്രോ-പോളറിമെട്രി ഓഫ് ഹാബിറ്റബിൾ പ്ലാനറ്റ് എർത്ത്) ഉപകരണവും പ്രൊപ്പൽഷൻ മൊഡ്യൂളിൽ ഉണ്ടാകും. സങ്കീര്‍ണമായ നിരവധി രാസപരിശോധനകള്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ നടത്തും.

"ചന്ദ്രയാൻ 3 വിക്ഷേപണസ്ഥലത്ത് എത്തിക്കഴിഞ്ഞു. ശ്രീഹരിക്കോട്ടയിൽ ഒരുക്കങ്ങൾ നടക്കുന്നു. ജൂലൈയിൽ വിക്ഷേപണം നടത്താനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു." യുആർ റാവു സാറ്റലൈറ്റ് സെന്റർ ഡയറക്ടർ എം ശങ്കരൻ പറഞ്ഞു.

"ദൗത്യത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച്, പ്രത്യേകിച്ച് ചന്ദ്രയാൻ 2 ന്റെ അനുഭവത്തിൽനിന്ന് സാധ്യമായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്. ഐഎസ്ആർഒയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ ഒരേ സമയം ഉത്സാഹഭരിതവും ആശങ്കകൾ നിറഞ്ഞതുമാണ്," എം ശങ്കരൻ കൂട്ടിച്ചേർത്തു.

ചന്ദ്രയാൻ 3 ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം ചന്ദ്രോപരിതലത്തിൽ സേഫ് ലാൻഡിങ് നടത്തുകയെന്നതാണ്. നേരത്തെ അമേരിക്കയും റഷ്യയും ചൈനയുമാണ് ഇത്തരത്തിൽ ചന്ദ്രനിൽ പേടകമിറക്കിയിട്ടുള്ളത്. അടുത്തിടെ, യുഎഇയുടെ റാഷിദ് റോവറിനെ ചന്ദ്രനിലെത്തിക്കാനുള്ള ജപ്പാനിലെ ഐസ്‌പേസ് കമ്പനിയുടെ ഹക്കൂട്ടോ ആര്‍ ദൗത്യം പരാജയപ്പെട്ടിരുന്നു. ഭ്രമണപഥത്തിൽനിന്ന് പുറപ്പെട്ട പേടകം ചന്ദ്രോപരിതലത്തിന് അടുത്തെത്തിയപ്പോൾ ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു.

2019 ൽ ഇന്ത്യയുടെ ചന്ദ്രയാൻ 2 ദൗത്യവും ഇത്തരത്തിൽ അവസാനഘട്ടത്തിലാണ് പരാജയപ്പെട്ടത്. സേഫ് ലാൻഡിങ്ങിന് ശ്രമിച്ച വിക്രം ലാൻഡറിന് ദൗത്യനിയന്ത്രണവുമായുള്ള ബന്ധം നഷ്ടപ്പെട്ട് ചന്ദ്രോപരിതലത്തിൽ വീണ് തകരുകയായിരുന്നു. അതേസമയം, 2008 ൽ ചന്ദ്രയാന്‍ ഒന്ന് ദൗത്യം ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ദേശീയപതാക ആലേഖനം ചെയ്ത പേടകം ചന്ദ്രോപരിതലത്തിൽ വീഴ്ത്തുകയായിരുന്നു അന്ന് ചെയ്തത്.

അവസാനഘട്ടത്തിൽ പരാജയപ്പെട്ട ചന്ദ്രയാൻ രണ്ടിന്റെ തനിപകർപ്പല്ല ചന്ദ്രയാൻ 3 ദൗത്യം. എന്നാൽ മുൻഗാമിയായ അതേ ഭ്രമണപഥമായിരിക്കും ചന്ദ്രയാൻ 3 ദൗത്യത്തിന്റെയും സഞ്ചാരപഥം.

സൗരപഠന ദൗത്യമായ ആദിത്യ എല്‍1, ഇന്ത്യക്കാരെ സ്വന്തം പേടകത്തിൽ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്‍ തുടങ്ങിയ നിര്‍ണായക ദൗത്യങ്ങളും ഈ വര്‍ഷം പ്രാവർത്തികമാക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് ഐഎസ്ആര്‍ഒ. ഗഗൻയാൻ പേടകത്തിന്റെ നിരവധി നിർണായക പരീക്ഷണങ്ങൾ ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ആദ്യ ഘട്ടത്തിൽ ആളില്ലാ പേടകമായിരിക്കും വിക്ഷേപിക്കുക. തുടർ ഘട്ടങ്ങളിലാണ് ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയയ്ക്കുക. ഈ ദൗത്യത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട മൂന്നു പേരുടെ പരിശീലനം തുടരുകയാണ്.

വിക്ഷേപണ വാഹനങ്ങള്‍ പൂര്‍ണമായും പുനരുപയോഗിക്കാനാകുന്ന സാങ്കേതിക വിദ്യ ഐഎസ്ആർഒ അടുത്തിടെ വിജകരമായി പരീക്ഷിച്ചിരുന്നു. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ഏയ്‌റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിലായിരുന്നു പുനരുപയോഗ വിക്ഷേപണ വാഹനത്തിന്‌റെ (RLV) സ്വയം നിയന്ത്രിത ലാന്‍ഡിങ് പരീക്ഷണം. ചെലവ് കുറഞ്ഞ ബഹിരാകാശ ദൗത്യം ലക്ഷ്യം വച്ചാണ് ഐഎസ്ആർഒ ഈ ശ്രമം.

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ഭൂരിപക്ഷം 408036 | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

'കെ സുരേന്ദ്രനെ അടിച്ചുപുറത്താക്കി ചാണക വെള്ളം തളിക്കണം'; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു