രാജ്യത്തിന്‌റെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍ മൂന്നിന്‌റെ വിക്ഷേപണം ജൂലൈ 12 ന് നടന്നേക്കും. തീയതി സംബന്ധിച്ച് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒ ഇനിയും ഔദ്യോഗിക പ്രഖ്യാപനം നടത്തിയില്ലെങ്കിലും ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
ജൂലൈ 12 ന് വിക്ഷേപണം നടക്കുമെന്നും ഓഗസ്റ്റ് 23 ന് ചന്ദ്രനിലെത്തുമെന്നുമാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. ചന്ദ്രയാന്‍ -3 പദ്ധതി ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. നിലവില്‍ പേലോഡുകളുടെ അസംബ്ലിങ് പ്രക്രിയയാണ് നടക്കുന്നത്. ബെംഗളൂരുവിലെ യു ആര്‍ റാവു സാറ്റലൈറ്റ് സെന്‌ററിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇവിടെ നിന്ന് വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയിലേക്ക് എത്തിക്കും.
ചാന്ദ്ര പര്യവേഷണത്തിനുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമാണ് ചന്ദ്രായന്‍ 3. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്ന് മൊഡ്യൂളാണ് ചന്ദ്രയാന്‍ 3 ല്‍ ഉള്ളത്. ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവ. ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി റോവര്‍, നിശ്ചിത ഇടത്തില്‍ ഇറക്കും. സങ്കീര്‍ണമായ നിരവധി രാസപരിശോധനകള്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ നടത്തും. ജിഎസ്എൽവി മാക്3 യാണ് വിക്ഷേപണവാഹനം.
2008 ൽ വിക്ഷേപിച്ച ചന്ദ്രയാന്‍ ഒന്ന് ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കി. 2019ല്‍ ചന്ദ്രയാന്‍ രണ്ടിന്‌റെ വിക്ഷേപണം വിജയകരമെങ്കിലും പദ്ധതി പരാജയമായിരുന്നു. ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ക്രഷ് ലാന്‍ഡ് ചെയ്തത് തിരിച്ചടിയായി. ഇന്ത്യയുടെ സൗര പഠനപദ്ധതിയായ ആദിത്യ എല്‍1, ഗഗന്‍യാന്‍ തുടങ്ങിയ നിര്‍ണായ ദൗത്യങ്ങളും ഈ വര്‍ഷം ഐഎസ്ആര്‍ഒ പദ്ധതിയിടുന്നുണ്ട്.