Science

വിജയകരമായി യാത്ര തുടങ്ങി ചന്ദ്രയാന്‍ 3; ഇനി കടമ്പകൾ എന്തൊക്കെ?

ഒന്നര മാസം നീളുന്ന ചന്ദ്രനിലേക്കുള്ള യാത്ര നിർണായകമാണ്

ദില്‍ന മധു

ചന്ദ്രയാൻ വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി ലാന്‍ഡിങ്ങിനുള്ള കാത്തിരിപ്പാണ്. 3,84,000 കിലോമീറ്റർ അകലെയുള്ള ചന്ദ്രനിലെത്താൻ ഒന്നര മാസത്തെ യാത്ര. ഇതിനിടെ നിർണായക ഘട്ടങ്ങൾ വിജയകരമായി പിന്നിടണം.

മൂന്ന് ഘട്ടമാണ് ചന്ദ്രയാന്‍ യാത്രയ്ക്കുള്ളത്. ആദ്യത്തേത് ലോഞ്ചിങ് മുതല്‍ ഭൂമിക്ക് ചുറ്റുമുള്ള പേടകത്തിന്‌റെ സഞ്ചാരം വരെ (Earth Centric Phase). രണ്ടാമത്തേത് ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള യാത്ര (Lunar Transfer Phase) . മൂന്നാമത്തേത് ചന്ദ്രന് ചുറ്റും കറങ്ങി ഒടുവില്‍  സോഫ്റ്റ് ലാന്‍ഡിങ് നടത്തുക (Moon Centric Phase).

ചന്ദ്രയാൻ 3 യാത്ര, ഗ്രാഫിക്കൽ ചിത്രീകരണം

ഇനി യാത്ര എങ്ങനെ?

വിക്ഷേപണവാഹനമായ എല്‍വിഎം 3 ചന്ദ്രയാന്‍ പേടകത്തിന്‌റെ ഇന്‌റഗ്രേറ്റഡ് മൊഡ്യൂളിനെ ഭൂമിക്ക് ചുറ്റമുള്ള ഒരു പാര്‍ക്കിങ് ഓര്‍ബിറ്റിലിലാണ് നിക്ഷേപിക്കുക. ലാർഡർ, റോവർ പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നിവ ചേർന്നതാണ് ഇന്റഗ്രേറ്റഡ് മൊഡ്യൂൾ. ഭൂമിക്ക് അടുത്ത ദൂരം 170 കിലോമീറ്ററും അകലെയുള്ള ദൂരം 36,500 കിലോമീറ്ററുമുള്ള ദീർഘവൃത്താകൃതിയിലുള്ള പാതയാണ് ഇത്. ഇവിടെ നിന്ന് ഘട്ടം ഘട്ടമായി ഭ്രമണപഥം ഉയര്‍ത്തിയാണ് ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തില്‍ നിന്ന് പേടകം പുറത്തുകടക്കുക. ഇങ്ങനെ അഞ്ചോ ആറോ തവണ പരിക്രമണപാത ഉയർത്തും. ഇതിന് ശേഷം ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രയായി.

ചന്ദ്രന്റെ സ്വീധനത്തിലേത്തയാൽ ചന്ദ്രന് ചുറ്റുമുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകം എത്തുക. പിന്നീട് ഘട്ടം ഘട്ടമായി ഭ്രമണപഥം താഴ്ത്തി, ചന്ദ്രന് 100 കിലോമീറ്റര്‍ അകലെയുള്ള വൃത്താകൃതിയിലുള്ള പാതയില്‍ പേടകം എത്തും. ഇവിടെ വച്ചാണ് ലാന്‍ഡറും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും വേര്‍പിരിയുന്നത്. റോക്കറ്റ് പേടകത്തില്‍ നിന്ന് വിച്ഛേദിക്കപ്പെടുന്നത് മുതല്‍, ഈ ഭ്രമണപഥത്തില്‍ എത്തിക്കുന്നത് വരെയുള്ള ചുമതലയാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന്.

മൊഡ്യൂള്‍ വേര്‍പെട്ടാല്‍ അതിലെ ഷേപ് പേലോഡ് ഭൂമിയെ നിരീക്ഷിച്ചുകൊണ്ടിരിക്കും.  ജീവജാലങ്ങളുള്ള ഒരു ഗ്രഹത്തിന്‌റെ സ്‌പെക്ട്രം എങ്ങനെയിരിക്കും എന്നാണ് ഷേപ് പരിശോധിക്കുക. ഇതുപയോഗിച്ച് സമാനമായ സ്‌പെക്രടമുള്ള ഗോളങ്ങളില്‍ ജീവ സാന്നിധ്യമുണ്ടോ എന്ന് താരതമ്യ പഠനം നടത്താം.

പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെടുന്ന ലാന്‍ഡര്‍ ഏത് നിമിഷവും ലാന്‍ഡിങ്ങിന് തയ്യാറാണ്. ലാന്‍ഡര്‍ പ്രധാനമായും സോളാറില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ചന്ദ്രനിലെ സൂര്യോദയം കണക്കാക്കിയാണ് ലാന്‍ഡിങ് നടത്തുക. ചന്ദ്രോപരിതലത്തില്‍ നിന്ന് പരമാവധി 100 കിലോമീറ്ററും കുറഞ്ഞത് 30 കിലോമീറ്ററുമുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറിയതിന് ശേഷം പതിയെ സോഫ്റ്റ് ലാന്‍ഡിങ് നടത്തും. ത്രസ്റ്ററുകള്‍ എതിര്‍ ദിശയില്‍ പ്രവര്‍ത്തിപ്പിച്ച് വേഗത കുറച്ചാണ് സോഫ്റ്റ് ലാന്‍ഡിങ് സാധ്യമാക്കുക. ലാന്‍ഡ് ചെയ്താല്‍ പിന്നെ റോവര്‍ ലാന്‍ഡറില്‍ നിന്ന് പുറത്തിറങ്ങി പരീക്ഷണങ്ങള്‍ നടത്തും. ലാന്‍ഡറില്‍ നാലും റോവറില്‍ രണ്ടും പേലോഡുകള്‍ പഠനങ്ങള്‍ക്കായി ഉണ്ട്.

എന്തുകൊണ്ട് ഇത്ര സമയം?

ഐഎസ്ആര്‍ഒയുടെ ചാന്ദ്രദൗത്യം 40-45 ദിവസമെടുക്കും ചന്ദ്രനിലെത്താന്‍. ഭൂമിയില്‍നിന്ന് ചന്ദ്രനിലേക്ക് നേരിട്ട് പറക്കാമെന്നിരിക്കെ ഇങ്ങനെ ചുറ്റിക്കറങ്ങി സമയം കളയേണ്ടതുണ്ടോ? ചന്ദ്രനിലേക്കുള്ള ഏറ്റവും വേഗമേറിയ യാത്ര നടത്തിയത് നാസയുടെ അപ്പോളോ എട്ട് ദൗത്യമാണ്. 69 മണിക്കൂര്‍ എട്ട് മിനുറ്റുകൊണ്ട് ഭൂമിയില്‍നിന്ന് ചന്ദ്രനിലെത്തി. ക്രാഷ് ലാന്‍ഡ് ചെയ്ത യുഎസ്എസ്ആറിന്റെ ലൂണ രണ്ടിന് വേണ്ടിവന്നത് 34 മണിക്കൂര്‍.


ഇത്തരത്തിലുള്ള യാത്രയ്ക്ക് ഉയർന്ന വേഗതയിൽ സഞ്ചരിക്കുന്ന കരുത്തുറ്റ വിക്ഷേപണ വാഹനങ്ങള്‍ വേണം. ഇങ്ങനെ പേടകത്തെ നേരിട്ട് ചന്ദ്രനിലേക്ക്  അയക്കാന്‍ കരുത്തുള്ള റോക്കറ്റ് ഇപ്പോള്‍ ഇന്ത്യയ്ക്കില്ല. അതിനാല്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലം കൂടി പ്രയോജനപ്പെടുത്തി, കുറഞ്ഞ ഇന്ധനം ആവശ്യമുള്ള ചെലവുകുറഞ്ഞ രീതിയാണ് ഐഎസ്ആർഒ ഉപയോഗിക്കുന്നത്. ചന്ദ്രയാന്‍ രണ്ടിലും ചൊവ്വാ ദൗത്യമായ മംഗള്‍യാനിലുമെല്ലാം ഇതേ മാര്‍ഗമാണ് പ്രയോജനപ്പെടുത്തിയിരുന്നത്.

ഓഗസ്റ്റ് 23 നോ 24 നോ ആകും സോഫ്റ്റ് ലാന്‍ഡിങ് എന്നാണ് ഐഎസ്ആര്‍ഒ നിശ്ചയിച്ചിരിക്കുന്നത്. സോഫ്റ്റ് ലാൻഡിങ്ങിന് ശേഷം പഠനങ്ങളുടെ സമയമാണ്. ചാന്ദ്രനിലെ ഒരു രാത്രിക്ക് ഭൂമിയിലെ 14 ദിവസത്തെ ദൈർഘ്യമുണ്ട്. അതിശൈത്യവും ഇരുട്ടും ഇത്രയും നാൾ അതിജീവിച്ച് അടുത്ത ചാന്ദ്ര പകലിൽ പ്രവർത്തനക്ഷമമാകാനായാൻ ചന്ദ്രയാൻ മൂന്ന് ലാൻഡറിനും റോവറിനും കൂടുതൽക്കാലം പ്രവർത്തിക്കാനാകും. മംഗൾയാനടക്കം പ്രതീക്ഷിച്ചതിലും കൂടുതൽക്കാലം പ്രവർത്തിച്ച ചരിത്രത്തിലാണ് ഐഎസ്ആർഒ പ്രതീക്ഷ വയ്ക്കുന്നത്

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം