Science

സിൻട്രിച്ചിയ കാനിനെർവിസ്: ചൊവ്വയിലെ കാലാവസ്ഥയെ അതിജീവിക്കാൻ സാധിക്കുന്ന പായൽ കണ്ടെത്തി ശാസ്ത്രജ്ഞർ

ഭൂമിക്കപ്പുറത്ത് ജീവശാസ്ത്രപരമായി സുസ്ഥിരമായ മനുഷ്യ ആവാസ വ്യവസ്ഥകൾ നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങളെ ഈ പുതിയ കണ്ടെത്തൽ സഹായിക്കുമെന്നാണ് കരുതുന്നത്

വെബ് ഡെസ്ക്

ചൊവ്വയിലെ കാലാവസ്ഥയെ അതിജീവിക്കാൻ സാധിക്കുന്ന സസ്യവർഗത്തെ കണ്ടെത്തി ശാസ്ത്രജ്ഞർ. മരുഭൂമിയിൽ വളരുന്ന സിൻട്രിച്ചിയ കാനിനെർവിസ് എന്ന തരം പായലിനാണ് ചൊവ്വയിലെ കാലാവസ്ഥയെ അതിജീവിക്കാനാകുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.

അൻ്റാർട്ടിക്കയിലും മൊജാവേ മരുഭൂമിയിലുമുൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന പായലിന് വരൾച്ച, ഉയർന്ന തോതിലുള്ള വികിരണം, അതിശൈത്യം എന്നിവയുൾപ്പെടെയുള്ള ചൊവ്വയെപ്പോലുള്ള അവസ്ഥകളെ നേരിടാൻ കഴിവുള്ളതായി കണ്ടെത്തിയതായി ചൈനയിലെ ശാസ്ത്രജ്ഞർ പറയുന്നു. ദി ഇന്നൊവേഷൻ ജേണലിലാണ് ഇതുസംബന്ധിച്ച കണ്ടെത്തൽ പ്രസിദ്ധീകരിച്ചത്.

വരൾച്ചയെ അതിജീവിക്കാനുള്ള കഴിവിന് നേരത്തെ തന്നെ പ്രശസ്തമായ ഈ പായൽ മൈനസ് 196 ഡിഗ്രി സെൽഷ്യസ് വരെ തണുത്തുറയുന്ന കാലാവസ്ഥ, ഉയർന്നതോതിലുള്ള ഗാമാ വികിരണം എന്നിവയെയും ഒപ്പം ഇവ മൂന്നും അടങ്ങിയ സമ്മർദത്തെയും അതിജീവിക്കുമെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. ഏത് സാഹചര്യത്തെയും നേരിടാൻ ഈ പായലിനെ പ്രാപ്തമാക്കുന്നത് വെള്ളിമില്ലാതെ അതിജീവിക്കാൻ കഴിയുന്ന സാഹചര്യമാണ് ഗവേഷകരുടെ നിഗമനം.

ബഹിരാകാശത്തിൻ്റെയോ ചൊവ്വയുടെയോ തീവ്രമായ അന്തരീക്ഷത്തെ ചെറുക്കാനുള്ള സൂക്ഷ്മാണുക്കൾ, ആൽഗകൾ, ലൈക്കണുകൾ, സസ്യബീജങ്ങൾ എന്നിവയുടെ കഴിവ് മുമ്പത്തെ ചെറിയ പഠനങ്ങൾ പരിശോധിച്ചിട്ടുണ്ട്. എന്നാൽ മുഴുവൻ സസ്യങ്ങളെ പരീക്ഷിക്കുന്ന ആദ്യ പഠനമാണിത്.

"സിൻട്രിച്ചിയ കാനിനെർവിസിൻ്റെ പാരിസ്ഥിതിക പ്രതിരോധശേഷി, വളരെ സമ്മർദ്ദം സഹിക്കുന്ന ചില സൂക്ഷ്മജീവികളേക്കാളും ടാർഡിഗ്രേഡുകളേക്കാളും മികച്ചതാണെന്ന് ഞങ്ങളുടെ പഠനം കാണിക്കുന്നു," പരിസ്ഥിതി ശാസ്ത്രജ്ഞരായ ഡയോയാൻ ഷാങ്, യുവാൻമിങ് ഷാങ്, ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ സസ്യശാസ്ത്രജ്ഞൻ ടിൻയുൻ കുവാങ് എന്നിവരടങ്ങിയ ഗവേഷകസംഘം ചൂണ്ടിക്കാട്ടി.

പായലിൻ്റെ ശൈത്യ സഹിഷ്ണുതാ കഴിവ് പരിശോധിക്കുന്നതിനായി, ഗവേഷകർ സസ്യങ്ങൾ മൈനസ് 80 ഡിഗ്രി സെൽഷ്യസിൽ (അൾട്രാ കോൾഡ് ഫ്രീസറിൽ) മൂന്നു മുതൽ അഞ്ച് വർഷവും മൈനസ് 196 ഡിഗ്രി സെൽഷ്യസിൽ (ദ്രവീകൃത നൈട്രജൻ ടാങ്കിൽ) 15 മുതൽ 30 ദിവസവും സൂക്ഷിച്ചു. എല്ലാ സാഹചര്യങ്ങളിലും ശൈത്യത്തിന്റെ മരവിപ്പിൽനിന്ന് ചെടികൾ പുനരുജ്ജീവിപ്പിക്കപ്പെടുന്നതായി കണ്ടെത്തി. മിക്ക സസ്യങ്ങളെയും നശിപ്പിക്കുന്ന ഗാമാ റേഡിയേഷൻ വികരണത്തെ അതിജീവിക്കാനുള്ള കഴിവും ഈ പായൽ പ്രകടമാക്കി. ചൊവ്വയുടെ ഉപരിതലത്തിൽ കാണപ്പെടുന്ന പാറക്കെട്ടുകളെ സമ്പുഷ്ടമാക്കാനും രൂപാന്തരപ്പെടുത്താനും മറ്റ് സസ്യങ്ങളെ അവിടെ വളരാൻ പ്രാപ്തമാക്കാനും പായലിന് കഴിയുമെന്ന് ഗവേഷണം ചൂണ്ടിക്കാട്ടുന്നു.

ഭൂമിക്കപ്പുറത്ത് ജീവശാസ്ത്രപരമായി സുസ്ഥിരമായ മനുഷ്യ ആവാസ വ്യവസ്ഥകൾ നിർമിക്കുന്നതിനുള്ള ശ്രമങ്ങളെ ഈ പുതിയ കണ്ടെത്തൽ സഹായിക്കുമെന്നാണ് കരുതുന്നത്.

"ഒരു ദീർഘകാല ബഹിരാകാശ ദൗത്യത്തിൻ്റെ ഒരു പ്രധാന ഭാഗമാണ് ഭൂമിയിലെ സസ്യങ്ങൾ നട്ടുവളർത്തുന്നത്. കാരണം സസ്യങ്ങൾ കാർബൺ ഡൈ ഓക്സൈഡും ജലവും ഓക്സിജനും കാർബോഹൈഡ്രേറ്റും ആക്കി മാറ്റുന്നു. പ്രധാനമായും മനുഷ്യന് നിലനിൽക്കാൻ ആവശ്യമായ വായുവും ഭക്ഷണവും ആണവ. മരുഭൂമിയിലെ പായൽ ഭക്ഷ്യയോഗ്യമല്ല, പക്ഷേ അത് ബഹിരാകാശത്ത് മറ്റ് പ്രധാന സേവനങ്ങൾ നൽകും," ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ വിദഗ്ധനായ പ്രൊഫ.സ്റ്റുവർട്ട് മക്ഡാനിയൽ പറഞ്ഞു. ഗവേഷണത്തിന് പരിമിതികളുണ്ടെന്നും മക്ഡാനിയൽ കൂട്ടിച്ചേർത്തു.

ആഗോള തലത്തിൽ വ്യാപിച്ചുകിടക്കുന്ന സാധാരണ പായൽ ഇനമാണ് സിൻട്രിച്ചിയ കാനിനെർവിസ്. ടിബറ്റ്, അൻ്റാർട്ടിക്ക എന്നിവയുൾപ്പെടെയുള്ള തീവ്രമായ മരുഭൂമി പരിസ്ഥിതികളിൽ ഇത് ജൈവ മണ്ണിൻ്റെ പുറംതോടിൻ്റെ ഭാഗമായി വളരുന്നു . തീവ്രമായ പാരിസ്ഥിതിക സാഹചര്യങ്ങളെ അതിജീവിക്കാനുള്ള പായലിന്റെ കഴിവ് കണക്കിലെടുത്ത്, ലാബിൽ അതിൻ്റെ പരിധി ഗവേഷകർ പരിശോധിച്ചിരുന്നു.

"എൻ്റെ അഭിപ്രായത്തിൽ, അന്യഗ്രഹ ഹരിതഗൃഹങ്ങളിൽ സസ്യങ്ങൾ വളർത്തുന്നതിനോട് ഞങ്ങൾ അടുത്തുവരികയാണ്, അവയിൽ പായലിനു തീർച്ചയായും സ്ഥാനമുണ്ട്,” സെറ്റി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ അഗത സുപാൻസ്ക പറഞ്ഞു.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ