യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ വ്യാഴ ഗ്രഹത്തിലേക്കുള്ള ആദ്യ ദൗത്യമായ ജ്യൂസിന്റെ (ജൂപ്പിറ്റർ ഐസി മൂൺസ് എക്സ്പ്ലോറർ) വിക്ഷേപണം വിജയകരം. ഫ്രഞ്ച് ഗയാനയിലെ കൗറൗവിലെ യൂറോപ്പിന്റെ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു ജ്യൂസ് വഹിച്ചുകൊണ്ട് ഏരിയൻ 5 റോക്കറ്റ് കുതിച്ചുയര്‍ന്നത്. വ്യാഴാഴ്ച നടത്താനിരുന്ന വിക്ഷേപണം മിന്നൽ കാരണം ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
ഉപരിതലത്തിലെ ഐസ് പാളിക്ക് താഴെ വലിയ ദ്രവജല കടലുകളുണ്ട്. ഇവിടെ ജീവന്‌റെ സാന്നിധ്യമുണ്ടോ എന്നാണ് ജ്യൂസ് പ്രധാനമായും പരിശോധിക്കുക
വ്യാഴത്തെ കുറിച്ച് പൊതുവിലും അതിന്റെ മൂന്ന് പ്രധാന ഉപഗ്രഹങ്ങളെ കുറിച്ച് പ്രത്യേകിച്ചും പഠനം നടത്തുന്നതാണ് ജ്യൂസ് പേടകം. ഐസ് നിറഞ്ഞ ഉപഗ്രഹങ്ങളിൽ ജീവന് സാധ്യതയുണ്ടോ എന്ന് പഠിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിക്ഷേപണം നടന്ന് 1,500 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ പേടകം വേർപെട്ടു. അതിനാൽ വിക്ഷേപണം പൂർണ വിജയമാണ്. സൗരയൂഥത്തിൽ ചൊവ്വയ്ക്ക് അപ്പുറത്തുള്ള മേഖലയിലെ പഠനത്തിനായി യൂറോപ്പ് വിക്ഷേപിക്കുന്ന ആദ്യ ബഹിരാകാശ പേടകമാണ് ജ്യൂസ്. 144 ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്.
നിരവധി ഗുരുത്വാകർഷണ ബൂസ്റ്റുകൾ ഉപയോഗപ്പെടുത്തിയാണ് വ്യാഴത്തിലേക്കുള്ള റോക്കറ്റിന്റെ കുതിപ്പ്. 2031 ജൂലൈയിലാകും പേടകം വ്യാഴത്തിന് സമീപമെത്തുക . ജ്യൂസിലെ പത്ത് ഉപകരണങ്ങൾ സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹത്തെയും അതിന്റെ മൂന്ന് മഞ്ഞുമൂടിയ ഉപഗ്രഹങ്ങളായ യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോ എന്നിവയെയും പറ്റി പഠനം നടത്തും. ഇവയുടെ ഉപരിതലത്തിലെ ഐസ് പാളിക്ക് താഴെ വലിയ കടലുകളുണ്ട്. ഇവിടെ ജീവന്‌റെ സാന്നിധ്യമുണ്ടോ എന്നാണ് ജ്യൂസ് പ്രധാനമായും പരിശോധിക്കുക. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡിലാകും ജ്യൂസ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
2034-ൽ, ഗാനിമീഡിന്റെ ഭ്രമണപഥത്തിലേക്ക് ജ്യൂസ് തെന്നിമാറുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 2024 ഒക്ടോബറിൽ നാസ വിക്ഷേപിക്കാനിരിക്കുന്ന യൂറോപ്പ ക്ലിപ്പറിന്‍റെയും ദൗത്യം സമാനമാണ്. എന്നാല്‍ അത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക യൂറോപ്പയിലായിരിക്കും.
ജീവന്റെ സാന്നിധ്യത്തിന് വ്യാഴത്തിൽ സാധ്യതയുണ്ടെങ്കിൽ തന്നെ, ബാക്ടീരിയ പോലുള്ള പ്രാകൃത സൂക്ഷ്മാണുക്കളായിരിക്കും അതെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. ഒപ്റ്റിക്കൽ ക്യാമറ, ഐസ്-പെനിട്രേറ്റിങ് റഡാർ, സ്പെക്ട്രോമീറ്റർ, മാഗ്നെറ്റോമീറ്റർ എന്നിവയുൾപ്പെടെ 10 ശാസ്ത്രീയ ഉപകരണങ്ങളാണ് ജ്യൂസിലുള്ളത്. ഇവ പ്രാദേശിക കാലാവസ്ഥ, കാന്തികക്ഷേത്രം, ഗുരുത്വാകർഷണം, മറ്റ് ഘടകങ്ങൾ എന്നിവയെ പറ്റി കൃത്യമായ വിശകലനങ്ങൾ നടത്തും. സൂര്യപ്രകാശം ഭൂമിയേക്കാൾ 25 മടങ്ങ് ദുർബലമായ വ്യാഴത്തിന്റെ സമീപത്തുനിന്ന് കഴിയുന്നത്ര ഊർജം ശേഖരിക്കുന്നതിന് 85 ചതുരശ്ര മീറ്റർ സോളാർ പാനലുകളും ജ്യൂസിൽ ഘടിപ്പിച്ചിട്ടുണ്ട്.