Science

പ്രപഞ്ചരഹസ്യങ്ങൾ മറഞ്ഞിരിക്കുന്ന ഗർത്തങ്ങൾ; ചന്ദ്രയാൻ 3 ലാൻഡിങ്ങിന് ദക്ഷിണധ്രുവം തിരഞ്ഞെടുത്തത് എന്തുകൊണ്ട്?

സോഫ്റ്റ് ലാന്‍ഡിങ് വിജയിച്ചാല്‍ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമെന്ന നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്

വെബ് ഡെസ്ക്

ചന്ദ്രന്റെ രഹസ്യങ്ങള്‍ തേടി ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ -3 വെള്ളിയാഴ്ച യാത്ര തുടങ്ങുകയാണ്. സോഫ്റ്റ് ലാന്‍ഡിങ് എന്ന വലിയ കടമ്പ പൂര്‍ത്തിയാക്കാനായാല്‍ പിന്നെ ചന്ദ്രനെക്കുറിച്ചുള്ള പഠനങ്ങളും ചന്ദ്രോപരിതലത്തിലെ പരീക്ഷണങ്ങളുമാണ് പ്രധാനം. ലാന്‍ഡിങ്ങിന് ചന്ദ്രന്റെ ദക്ഷിണധ്രുവമാണ് ഐഎസ്ആര്‍ഒ തിരഞ്ഞെടുത്തത്. സോഫ്റ്റ് ലാന്‍ഡിങ് വിജയിച്ചാല്‍ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമെന്ന നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

ആരും മുതിരാത്ത സാഹസികത

അധികമാരും പര്യവേഷണം നടത്താന്‍ തയ്യാറാകാത്ത മേഖലയാണ് ചന്ദ്രന്റെ ദക്ഷിണധ്രുവം. ഇതുവരെ വിജയകരമായി പൂര്‍ത്തിക്കിയ ദൗത്യങ്ങളെല്ലാം ചന്ദ്രന്റെ മധ്യരേഖയ്ക്ക് സമീപമാണ് ഇറങ്ങിയത്. ചന്ദ്രനിലിറങ്ങാന്‍ ഏറ്റവും സൗകര്യപ്രദമായ മേഖല അതിന്റെ മധ്യരേഖയ്ക്കടുത്താണ്. ഗര്‍ത്തങ്ങളും കുന്നുകളും കുത്തനെയുള്ള ചെരുവുകളും ഇവിടെ കുറവാണെന്നത് തന്നെ ഇതിന് പ്രധാനകാരണം. മാത്രമല്ല, യഥേഷ്ടം സൂര്യരശ്മികള്‍ എത്തുന്ന മേഖലയാണിത്. അതിനാല്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പാനലുകള്‍ക്ക് തടസമില്ലാതെ പ്രവര്‍ത്തിക്കാനുള്ള മെച്ചപ്പെട്ട അന്തരീക്ഷം ഇവിടെയുണ്ട്.

ചന്ദ്രന്റെ ഭൂമിക്ക് അഭിമുഖമായ ഭാഗത്ത് സോഫ്റ്റ് ലാന്‍ഡിങ് നടത്തിയ പേടകങ്ങളില്‍ ദക്ഷിണധ്രുവത്തോട് ഏറ്റവും അടുത്ത് ഇറങ്ങിയത് നാസയുടെ സര്‍വേയര്‍-7 ആണ്. 40 ഡിഗ്രി ദക്ഷിണ അക്ഷാംശത്തിലായിരുന്നു ഇത്. 1968 ജനുവരി 10 നാണ് സര്‍വേയര്‍- 7 ചന്ദ്രനില്‍ ഇറങ്ങിയത്. ചന്ദ്രന്റെ ഭൂമിക്ക് എതിര്‍വശത്തുള്ള ഭാഗത്ത് ആദ്യമായി ലാന്‍ഡ് ചെയ്ത ചൈനയുടെ ചാങ് ഇ-4 പേടകം ഇറങ്ങിയത് ദക്ഷിണാര്‍ധഗോളത്തില്‍ 45 ഡിഗ്രി അക്ഷാംശത്തില്‍.

ദക്ഷിണധ്രുവത്തിലെ മഹാഗർത്തം

ദക്ഷിണധ്രുവമെന്ന നിഗൂഢ മേഖല

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങുക ദുര്‍ഘടമായ ദൗത്യമാണ്. അതിന് പ്രധാന കാരണം ആ മേഖലയുടെ ഉപരിതല പ്രത്യേകതയാണ്. വലിയ ഗര്‍ത്തങ്ങളും കുന്നുകളും എല്ലാം ചേര്‍ന്ന പ്രദേശമാണിത്. ഇതുവരെ സൂര്യരശ്മി പതിക്കാത്ത ഇടങ്ങള്‍ വരെയുണ്ട് ദക്ഷിണധ്രുവത്തില്‍. ഈ പ്രദേശങ്ങളെ പെര്‍മെനന്റ്ലി ഷാഡോവ്ഡ് റീജിയന്‍സ് (പിഎസ്ആര്‍) എന്നാണ് വിളിക്കുന്നത്. മൈനസ് 230 ഡിഗ്രിവരെ താപനിലയുള്ള പ്രദേശങ്ങള്‍ ഇവിടെയുണ്ട്.

ഭൂമി അതിന്റെ അച്ചുതണ്ടില്‍ 23.5 ഡിഗ്രി ചരിഞ്ഞാണ് ഭ്രമണം നടത്തുന്നത്. എന്നാല്‍ ചന്ദ്രന് അതിന്റെ അച്ചുതണ്ടില്‍ ഏതാണ്ട് ഒന്നര ഡിഗ്രി ചെരിവ് മാത്രമാണുള്ളത്. അതിനാൽ ധ്രുവമേഖലകളിലെ ആഴമേറിയ ഗര്‍ത്തങ്ങളുടെ അടിത്തട്ടില്‍ ഒരിക്കലും പ്രകാശം പതിക്കാത്ത സ്ഥലങ്ങളുണ്ട്. ഈ മേഖലയില്‍ പതിക്കുന്ന സൂര്യരശ്മികള്‍ ദുര്‍ബലമായതിനാല്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളെയും പ്രതികൂലമായി ബാധിച്ചേക്കാം. കഠിനമായ തണുപ്പും പ്രതികൂല ഘടകമാണ്.

ചന്ദ്രന്റെ ദക്ഷിണധ്രുവം

എന്തുകൊണ്ട് ദക്ഷിണധ്രുവം?

ഇത്ര സാഹസികമാണ് ദക്ഷിണധ്രുവത്തിലിറങ്ങുക എന്നിരിക്കെ ഐഎസ്ആര്‍ഒ എന്തുകൊണ്ടാകും ഈ മേഖലയെ സോഫ്റ്റ് ലാന്‍ഡിങ്ങിനായി തിരഞ്ഞെടുത്തത്? ദക്ഷിണധ്രുവത്തിന്‌റെ മേല്‍പ്പറഞ്ഞ പ്രത്യേകതകള്‍ തന്നെയാണ് അതിന് കാരണം. ചന്ദ്രനില്‍ ജലസാന്നിധ്യം കണ്ടെത്തിയ പ്രദേശമാണ് ദക്ഷിണധ്രുവം. ഇന്ത്യയുടെ ചന്ദ്രയാന്‍1 ചന്ദ്രന്റെ ഈ മേഖലയില്‍ ഐസ് രൂപത്തില്‍ ജലമുണ്ടെന്ന് കണ്ടെത്തിയത് ചാന്ദ്രപര്യവേഷണത്തിലെ പ്രധാന നാഴിക്കല്ലായിരുന്നു. അവിടെ നേരിട്ട് ചെന്ന് പഠനം നടത്തുക അതുകൊണ്ട് തന്നെ പ്രധാനമാണ്.

ഇവിടുത്തെ ഇരുണ്ട പ്രദേശങ്ങളില്‍ ഇതുവരെ സൂര്യരശ്മികള്‍ പോലും പതിക്കാത്തതിനാല്‍ ചന്ദ്രന്‍ ഉണ്ടായകാലത്തെ അതേ ഘടനയും സവിശേഷതകളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടാകാം. അതിശൈത്യം മൂലം, ഇവിടെ കുടുങ്ങിക്കിടക്കുന്ന എന്തും വലിയ മാറ്റത്തിന് വിധേയമാകാതെ തണുത്തുറഞ്ഞു കിടക്കുന്ന നിലയിലാകാം. അതിനാല്‍ ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിലെ പാറകളില്‍ നടത്തുന്ന പഠനം സൗരയൂഥത്തിന്റെ രൂപീകരണമടക്കമുള്ള രഹസ്യങ്ങളിലേക്ക് വെളിച്ചം വീശിയേക്കാം. അതിനാല്‍ ദക്ഷിണധ്രുവത്തെ അടുത്തറിയേണ്ടത് ഏറെ പ്രധാനമാണ്. അപകട സാധ്യത ഒളിഞ്ഞിരിപ്പുണ്ടെങ്കിലും ഈ ദൗത്യത്തിന് ഐഎസ്ആര്‍ഒ മുതിരുന്നതും വിജകരമായ ചന്ദ്രയാന്‍-3 ചാന്ദ്ര പര്യവേഷണത്തില്‍ നല്‍കിയേക്കാവുന്ന മേധാവിത്വം കൂടി കണക്കിലെടുത്താണ്.

ചന്ദ്രയാൻ 3-ഗ്രാഫിക്കൽ ചിത്രം

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ 70 ഡിഗ്രി അക്ഷാംശരേഖയിലാണ് ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡിങ് നിശ്ചയിച്ചിരിക്കുന്നത്. റോവർ സമീപ പ്രദേശങ്ങളില്‍ സഞ്ചരിച്ച് പഠനം നടത്തും. പ്രവര്‍ത്തനത്തിന് സൗരോര്‍ജം ആവശ്യമാണെന്നതിനാല്‍ ചന്ദ്രനിലെ സൂര്യോദയം കണക്കാക്കിയാണ് ലാന്‍ഡിങ്ങിന് സമയം നിശ്ചയിച്ചിരിക്കുന്നത്. ചന്ദ്രനിലെ ഒരു പകല്‍ 14 ഭൗമ ദിനങ്ങളാണ്. ഇത്രയും സമയമാണ് റോവറിന്‌റെയും ലാന്‍ഡറിന്‌റെയും പ്രവര്‍ത്തനത്തിന് ലഭിക്കുക. ചന്ദ്രനിലെ ഒരു രാത്രി 14 ദിവസമുണ്ടെന്നതിനാല്‍ ഓഗസ്റ്റ് 23 ലെ ലാന്‍ഡിങ് മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ പിന്നെ സെപ്റ്റംബറാകേണ്ടി വരും അടുത്ത ശ്രമത്തിന് അവസരമൊരുങ്ങാന്‍.

ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലവും അവയുടെ സ്ഥാനവുമെല്ലാം കണക്കാക്കിയാണ് ലോഞ്ചിങ് വിന്‍ഡോ നിശ്ചയിച്ചത്. കാലാവസ്ഥയടക്കം വിക്ഷേപണത്തെ സ്വാധീനിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇവയെല്ലാം അനുകൂലമായാല്‍ ജൂലൈ 14 സ്വപ്‌നയാത്ര തുടങ്ങുകയായി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ