ഭീമാകാരമായ ഡെവിള്‍ വാല്‍നക്ഷത്രം ഒരിക്കൽ കൂടി ഭൂമിക്കരികിലേക്ക്. 71 വർഷത്തിനുശേഷമാണ് വാൽനക്ഷത്രം ഭൂമിയെ കടന്നുപോകുക. ഏപ്രിൽ എട്ടിന് നടക്കുന്ന സൂര്യഗ്രഹണവേളയിലാണ് പ്രതിഭാസം ദൃശ്യമാകുകയെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു.
'12പി/പോൺസ്-ബ്രൂക്ക്സ്' എന്നാണ് ഭീകരമായ വളർച്ചയുള്ള ഈ ഡെവിൾ കോമറ്റിന് നൽകിയിരിക്കുന്ന പേര്. ബഹിരാകാശത്തെ അഗ്നിപര്‍വത വിസ്‌ഫോടനത്തെത്തുടർന്നുണ്ടായ ഈ വാൽനക്ഷത്രത്തിന് രണ്ട് കൊമ്പുകൾ പുതിയതായി രൂപപ്പെട്ടതായാണ് നാസയുടെ കണ്ടെത്തൽ.
2010 നവംബറിലാണ് നാസ ശാസ്ത്രജ്ഞര്‍ ഡെവിൾ വാൽനക്ഷത്രത്തെ ആദ്യമായി കണ്ടെത്തുന്നത്. 17 കിലോമീറ്റർ വീതിയുള്ള ഈ വാൽനക്ഷത്രം ഓരോ 71 വർഷമെടുത്താണ് സൂര്യനെ ഭ്രമണം ചെയ്യുന്നത്. ദീര്‍ഘകാലം സഞ്ചരിക്കുന്ന വാല്‍നക്ഷത്രങ്ങളുടെ ഗണത്തിലാണ് ഇവയുള്ളത്.
പാറകളും ലോഹങ്ങൾക്കുമൊപ്പം വിവിധ വാതകങ്ങളും പൊടിപടലങ്ങളും കൊണ്ട് നിർമിതമായ ബഹിരാകാശ വസ്തുക്കളാണ് വാൽനക്ഷത്രങ്ങൾ. സൂര്യനിൽനിന്നുള്ള വികിരണം കടുക്കുമ്പോൾ, ചിലപ്പോൾ വാൽനക്ഷത്രത്തിന്റെ മഞ്ഞ് നിറഞ്ഞ പുറന്തോട് പൊട്ടുകയും ക്രയോമാഗ്മ എന്ന പദാർഥം വെളിയിലേക്കു തെറിക്കുകയും ചെയ്യും. ഈ തെറിക്കുന്ന പദാർഥ ഘടനയുടെ രൂപം പ്രത്യേകതയുള്ളതിനാലും കൊമ്പുകളെ അനുസ്മരിപ്പിക്കുന്നതിനാലുമാണ് ഇതിനു ഡെവിൾസ് കോമറ്റ് എന്ന് പേര് ലഭിച്ചത്.
ഡെവിൾ വാൽനക്ഷത്രം അതിന്റെ അടുത്ത പെരിഹെലിയൻ പാതയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് ഭൂമിക്കടുത്തെത്തുന്നത്. ഏപ്രിൽ എട്ടിന് വടക്കേ അമേരിക്കയിൽ സംഭവിക്കുന്ന പൂർണ സൂര്യഗ്രഹണത്തോടൊപ്പമാണ് ഈ പ്രതിഭാസവും ദൃശ്യമാകുകയെന്നാണ് നാസ അറിയിച്ചത്.
50 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണമാകും ഈ വർഷം നടക്കാന്‍ പോകുന്നത്. വടക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലുമാകും സമ്പൂർണ സൂര്യഗ്രഹണം കാണാന്‍ സാധിക്കുക. ഏപ്രിൽ എട്ടിനുശേഷം പിന്നെ ജൂണിലായിരിക്കും ഈ പ്രതിഭാസം കാണാൻ സാധിക്കുക. സൂര്യഗ്രഹണത്തിന് ശേഷം ജൂൺ രണ്ടിനാണ് ഡെവിൾ വാൽനക്ഷത്രം ഭൂമിയോട് അടുത്തെത്തുക.
കഴിഞ്ഞ ജൂലൈയിൽ ബഹിരാകാശത്തെ അഗ്നിപര്‍വത വിസ്‌ഫോടനത്തെത്തുടര്‍ന്ന് 12പി-പോണ്‍സ്-ബ്രൂക്‌സ് വാൽനക്ഷത്രം ഒരു നഗരത്തിന്റെ വലിപ്പത്തിലേക്ക് വളർന്നതായി ബഹിരാകാശ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. മില്ലേനിയം ഫാല്‍ക്കണുമായിട്ടാണ് ഇതിനെ വിദഗ്ധര്‍ താരതമ്യം ചെയ്യുന്നത്. ഹോളിവുഡ് സിനിമയായ സ്റ്റാര്‍ വാര്‍സിലെ വിഖ്യാതമായ സ്‌പേസ്ഷിപ്പാണ് മില്ലേനിയം ഫാല്‍ക്കണ്‍.
69 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് 12പിയില്‍ അഗ്നിപര്‍വത വിസ്‌ഫോടനം നടക്കുന്നത്. 12പിയുടെ ഭ്രമണപഥം ഈ വാല്‍നക്ഷത്രം ഭൂമിയില്‍ നിന്ന് ഒരുപാട് ദൂരേക്ക് കൊണ്ടുപോയെന്നും അതിലൂടെയാണ് വിസ്‌ഫോടനം ദൃശ്യമായതെന്നുമാണ് ശാസ്ത്രജ്ഞര്‍ അറിയിച്ചത്.