Science

ദിനോസറുകളെ ഇല്ലാതാക്കിയത് ഒരു ഛിന്നഗ്രഹം മാത്രമല്ല; സമുദ്രത്തിൽ നിരവധി ഗർത്തങ്ങൾ കണ്ടെത്തി ശാസ്ത്രജ്ഞർ

ആറ് കോടി 60 ലക്ഷം വർഷങ്ങൾക്കു മുമ്പ് ഭൂമിയിൽ പതിച്ച ഒരു ഛിന്നഗ്രഹമാണ് ദിനോസറുകളെ ഇല്ലാതാക്കിയതെന്നാണ് ഇത്രയുംനാൾ നിലനിന്നിരുന്ന വിശ്വാസം

വെബ് ഡെസ്ക്

ദിനോസറുകളുടെ വംശനാശത്തിന് കാരണം ഒറ്റത്തവണ ഭൂമിയിൽ പതിച്ച ഛിന്നഗ്രഹങ്ങളല്ലെന്നു ശാസ്ത്രജ്ഞർ. അതിനുമുമ്പോ ശേഷമോ സംഭവിക്കാത്ത തരത്തിൽ ഛിന്നഗ്രഹം പതിച്ച് ദിനോസറുകൾ ഇല്ലാതായി എന്നാണ് ഇതുവരെ ആളുകൾ കരുതിയത്. എന്നാൽ സമാനമായി നിരവധി ഛിന്നഗ്രഹങ്ങൾ പതിച്ചതിലൂടെ രൂപപ്പെട്ട ഗർത്തങ്ങൾ പലപ്പോഴായി ഭൂമിയുടെ വ്യത്യസ്ത ഭാഗങ്ങളിലുള്ള സമുദ്രങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

ആറ് കോടി അറുപത് ലക്ഷം വർഷങ്ങൾക്കു മുമ്പ് ഭൂമിയിൽ പതിച്ച ഒരു ഛിന്നഗ്രഹമാണ് ദിനോസറുകളെ ഇല്ലാതാക്കിയതെന്നാണ് ഇത്രയുംനാൾ നിലനിന്നിരുന്ന വിശ്വാസം. എന്നാൽ പശ്ചിമ ആഫ്രിക്കയിലെ ഗിനിയയിലെ തീരങ്ങളിൽ നടത്തിയ പരിശോധനയിൽ ഏകദേശം അതേസമയത്ത് ഭൂമിയിൽ പതിച്ച മറ്റൊരു ഛിന്നഗ്രഹം സൃഷ്ടിച്ച ഗർത്തം കണ്ടെത്തിയിട്ടുണ്ട്. ആറ് കോടി 50 ലക്ഷം വർഷങ്ങൾ മുമ്പ് മുതൽ ആറ് കോടി എഴുപത് ലക്ഷം വർഷങ്ങൾ വരെയുള്ള കാലയളവിൽ പലപ്പോഴായി 45000 മൈൽ വേഗത്തിൽ വരെ ഭൂമിയിൽ നിരവധി ഛിന്നഗ്രഹങ്ങൾ പതിച്ചിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തുന്നത്.

അതിൽ പലതും ദിനോസറുകളെ തുടച്ചുനീക്കിയവയെക്കാളും ചെറുതാണെങ്കിലും ഏകദേശം ഇതേ കാലയളവിൽ ഭൂമിയിൽ പതിച്ചവയാണെന്നും ഭൂമിയുടെ പ്രതലങ്ങളിൽ അത് പതിച്ചതിന്റെ പാടുകൾ ബാക്കിയായി നിൽക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞർ കണ്ടെത്തുന്നു. 2022ൽ നാദിർ എന്ന ഗർത്തം കണ്ടെത്തിയ എഡിൻബർഗിലെ ഹെറിയോട്ട് വാട്ട് യൂണിവേഴ്സിറ്റിയിൽ ജിയോളജിസ്റ്റ് ആയി ജോലി ചെയ്യുന്ന ഡോ യൂഇസ്ഡെൻ നിക്കോൾസൺ പറയുന്നതനുസരിച്ച് ഇപ്പോൾ പുറത്തുവരുന്ന ചിത്രങ്ങളിൽനിന്നും അന്നത്തെ ദുരന്തത്തെക്കുറിച്ചുള്ള വ്യക്തതയാണുണ്ടാകുന്നത്.

സംഭവത്തെക്കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനായി ശാസ്ത്രജ്ഞർ 3ഡി സെയ്സ്മിക് ഇമേജുകളാണ് ഉപയോഗിച്ചത്. സമുദ്രത്തിനുള്ളിൽ 300 മീറ്റർ ആഴത്തിലുള്ള ഈ ഗർത്തങ്ങൾ മനസിലാക്കാൻ ഇത് അനിവാര്യമായിരുന്നു. ലോകത്തെമ്പാടുമായി ഛിന്നഗ്രഹങ്ങൾ പതിച്ചതായി കണക്കാക്കുന്ന 20 ഗർത്തങ്ങളുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. വർധിച്ച വേഗതയിൽ വന്നുപതിച്ച ഛിന്നഗ്രഹങ്ങൾ ഉണ്ടാക്കിയ ഗർത്തങ്ങളിൽ നിന്ന് തന്നെ ഇവപതിച്ചതിന്റെ ഭാഗമായി ഭൂചലനങ്ങള്‍ ഉണ്ടായിക്കാണുമെന്നും ശാസ്ത്രജ്ഞർ കരുതുന്നു. ഗർത്തങ്ങൾ തുടങ്ങുന്ന ഇടത്ത് നിന്ന് നിരവധി സ്ക്വയർ മൈലുകൾ പരന്നുകിടക്കുന്ന ആഘാതത്തിന്റെ സൂചനകൾ കാണാം.

ഈ ഗർത്തങ്ങളുടെ ആഴത്തിൽനിന്നും അതുണ്ടാക്കിയിരിക്കാൻ സാധ്യതയുള്ള അതിശക്തമായ സുനാമിയെ കുറിച്ചും ഗവേഷകർ സൂചിപ്പിക്കുന്നുണ്ട്. ഏകദേശം 800 മീറ്റർ ഉയരത്തിൽ തിരമാലകൾ പൊങ്ങിയ സുനാമികൾ ഉണ്ടായിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. എപ്പോഴാണ് ഈ ഛിന്നഗ്രഹങ്ങൾ പതിച്ചത് എന്ന് കൃത്യമായി കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് സാധിക്കില്ലെങ്കിലും ഛിന്നഗ്രഹങ്ങൾ പരമ്പരയായി ഭൂമിയിലേക്ക് പതിച്ചുകൊണ്ടിരുന്ന കാലത്തിന്റെ അവസാനമാണ് ഇത് പതിച്ചതെന്ന് ഗർത്തത്തിന്റെ ആഴത്തിൽ നിന്നും പഴക്കത്തിൽ നിന്നും അവർ മനസിലാക്കി.

നാദിർ ഗർത്തത്തിന്റെയും കാരണമായ ഛിന്നഗ്രഹവുമായി താരതമ്യം ചെയ്യുമ്പോൾ ദിനോസറുകളുടെ വംശനാശത്തിന് കാരണമായ ഛിന്നഗ്രഹം ഏറെ വലുതാണ്. 1908-ലെ തുങ്കുസ്ക സംഭവത്തിലാണ് ഏറ്റവുമവസാനമായി മനുഷ്യർ ഒരു ഛിന്നഗ്രഹം നേരിൽ കാണുന്നത്. 50 മീറ്ററുണ്ടായിരുന്ന ആ ഛിന്നഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്ന് സൈബീരിയയ്ക്ക് മുകളിലുള്ള ആകാശത്തിൽ വച്ച് പൊട്ടിച്ചിതറുകയായിരുന്നെന്നാണ് ഡോ നിക്കോൾസൺ പറയുന്നത്. നാദിർ ഗർത്തത്തിന്റെ 3ഡി സെയ്സ്മിക് ഇമേജുകൾ ഛിന്നഗ്രഹത്തിന്റെ ആഘാതപഠനത്തിന് സഹായകമാകുന്ന സുപ്രധാനനീക്കമാണെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. ഇനി അതുപോലൊരു സാഹചര്യമുണ്ടായാൽ എന്തൊക്കെയാവും സംഭവിക്കുക എന്ന് മനസിലാക്കാൻ ഇത് വളരെയധികം ഉപകരിക്കും.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം