ചന്ദ്രയാൻ 3 പകർത്തിയ ചന്ദ്രന്റെ ആദ്യ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. പേടകം ശനിയാഴ്ച പകർത്തിയ ദൃശ്യമാണ് ഐഎസ്ആര്‍ഒ ഇന്ന് പുറത്തുവിട്ടത്. 45 സെക്കന്റ് ദൈർഘ്യമുള്ള ദൃശ്യത്തിൽ നിറയെ കുഴികളുള്ള പ്രതലമായാണ് ചന്ദ്രൻ കാണപ്പെടുന്നത്.
ഇന്നലെ ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിക്കാനുള്ള ലൂണാർ ഓർബിറ്റ് ഇൻസേർഷൻ പ്രക്രിയ നടക്കുമ്പോഴാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ചന്ദ്രന്റെ വിദൂര കാഴ്ച 45 സെക്കന്റ് കൊണ്ട് അടുത്തുള്ള കാഴ്ചയായി മാറുന്നു. ചന്ദ്രയാൻ-3 യാത്ര തുടങ്ങിയിട്ട് ആദ്യമായാണ് ഒരു ദൃശ്യം ഐഎസ്ആർഒ പുറത്തുവിടുന്നത്.
ജൂലൈ 14 നാണ് ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം നടന്നത്. തുടർന്ന് ഘട്ടം ഘട്ടമായി ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥം ഉയർത്തി ചന്ദ്രന് അടുത്തേക്ക് നീങ്ങി. ട്രാൻസ് ലൂണാർ ഇൻജെക്ഷന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കാനുള്ളയാത്രയായിരുന്നു. പൊപ്പഷൻ മൊഡ്യൂളിലെ ലാം എഞ്ചിൻ പ്രവർത്തിപ്പിച്ച് ഇന്നലെ ആ നിർണായക ഘട്ടം പൂർത്തിയാക്കി.