മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗൻയാന്റെ നിർണായക ഘട്ടമായ ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണ വിക്ഷേപണം നാളെ നടക്കും. ആളില്ലാ വാഹനങ്ങളുടെ നാല് പരീക്ഷണ വിക്ഷേപണങ്ങളിൽ ആദ്യത്തേതായ ടിവി ഡി-1 (ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ-1) ആണ് നാളെ നടക്കുന്നത്.
2025ൽ യാത്രികരെ ബഹിരാകാശത്തേക്ക് അയക്കുന്നതിന് മുന്നോടിയായാണ് ആളില്ലാ വാഹനങ്ങളുടെ പരീക്ഷണ വിക്ഷേപണം നടത്തുന്നത്. ടിവി ഡി-1 വിക്ഷേപണത്തിന് സജ്ജമായതായി ഐ എസ് ആർ ഒ അറിയിച്ചു.
ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായ ഡ്രോഗ് പാരച്യൂട്ട്, സർവിസ് മൊഡ്യുൾ പ്രൊപ്പൽഷൻ സംവിധാനം, സർവിസ് മൊഡ്യൂളുകളെ നിയന്ത്രിക്കുന്ന എൻജിനുകളുടെ പരീക്ഷണം എന്നിവ വിജയകരമായി പൂർത്തിയാക്കിയാണ് ഐ എസ് ആർ ഒ നിർണായകമായ ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ പരീക്ഷണ വിക്ഷേപണത്തിലേക്കു കടക്കുന്നത്.
ബഹിരാകാശ യാത്രയിൽ സഞ്ചാരികൾ ഇരിക്കുന്ന പേടകമാണ് ക്രൂ മൊഡ്യൂൾ. ഈ പേടകം റോക്കറ്റിൽ ഘടിപ്പിച്ചാണ് വിക്ഷേപിക്കുക. യാത്രയിൽ സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള സംവിധാനമാണ് ക്രൂ എസ്‌കേപ്പ് സിസ്റ്റം. പേടകം വഹിക്കുന്ന റോക്കറ്റിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ അടിയന്തര സാഹചര്യം നേരിടേണ്ടി വരികയോ ചെയ്താൽ ഒരു പോറൽ പോലുമേൽക്കാതെ യാത്രികരെ ഭൂമിയിലേക്ക് തിരികെ എത്തിക്കണമെങ്കിൽ ഈ സംവിധാനം പ്രവർത്തിക്കണം.
ഐ എസ് ആർ ഒ വികസിപ്പിച്ച ഈ സംവിധാനം കുറ്റമറ്റതാണോ എന്ന് ഉറപ്പുവരുത്തുന്നതാണ് ശനിയാഴ്ച ശ്രീഹരിക്കോട്ടയിൽ നടക്കാൻ പോകുന്ന പരീക്ഷണ വിക്ഷേപണം. ഐ എസ് ആർ ഒ തന്നെ രൂപകൽപ്പന ചെയ്ത സിംഗിൾ സ്റ്റേജ് ലിക്വിഡ് റോക്കറ്റാണ് ക്രൂ മൊഡ്യുളിനെയും കൊണ്ട് കുതിക്കുക. ഗഗൻയാൻ യാത്രയ്ക്ക് തയാറാക്കി വച്ചിരിക്കുന്ന യഥാർഥ ക്രൂ മൊഡ്യൂളിന്റെ മര്‍ദമില്ലാത്ത പതിപ്പാണ് നാളെ പരീക്ഷിക്കുന്നത്. അതേസമയം, വലുപ്പവും പിണ്ഡവും തുല്യമാണ്.
വിക്ഷേപണം നടന്ന് ക്രൂ മൊഡ്യൂൾ കടലിൽ പതിക്കുന്നത് വരെ 17 കിലോമീറ്റർ ദൂരം മാത്രമാണ് സഞ്ചരിക്കുക. ആരോഹണഘട്ടത്തിൽ 1.2 എന്ന മാക് വേഗത കൈവരിക്കുന്ന ഘട്ടത്തിലാണ് അബോർട്ട് ദൗത്യം പരീക്ഷിക്കുക. ആദ്യത്തെ 61-ാം സെക്കൻഡിൽ ക്രൂ എസ്‌കേപ്പ് സിസ്റ്റം റോക്കറ്റ് ബൂസ്റ്ററിൽനിന്ന് വേർപെടും. 91-ാം സെക്കൻഡിൽ 16 .9 കിലോമീറ്റർ ഉയരെ വച്ചാണ് ബഹിരാകാശ യാത്രികർ ഇരിക്കുന്ന ക്രൂ മൊഡ്യൂൾ വേർപെടുക. തുടർന്ന് മുൻ നിശ്ചയിയച്ച പ്രകാരം ക്രൂ മൊഡ്യുളിൽ ഘടിപ്പിച്ച പാരച്യൂട്ടുകൾ നിവരും.
ആദ്യം രണ്ടു പാരച്യൂട്ടുകളും പിന്നീട് മുഖ്യ പാരച്യൂട്ടും ക്രൂ മൊഡ്യൂളിന്റെ പ്രവേഗം നിയന്ത്രിക്കും. പേടകം പാരച്യൂട്ടിന്റെ സഹായത്തോടെ ബംഗാൾ ഉൾക്കടലിൽ സുരക്ഷിതമായി പതിക്കും. ശ്രീഹരിക്കോട്ട തീരത്തുനിന്ന് 10 കിലോമീറ്റര്‍ അകലെ കടലില്‍ പതിക്കുന്ന ക്രൂ മൊഡ്യൂൾ നാവികസേന വീണ്ടെടുത്ത് കരയിലെത്തിക്കും.
നാളത്തെ പരീക്ഷണം വിജയമായാൽ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷനുകളുടെ മൂന്ന് പരീക്ഷണങ്ങൾ കൂടി തുടർച്ചയായി നടത്തും. രണ്ടാം പരീക്ഷണമായ ടിഡി-ഡി2 ഈ വര്‍ഷം തന്നെ നടക്കുമെന്നാണ് ഐ എസ് ആർ ഒ അറിയിച്ചിരിക്കുന്നത്. ഈ പരീക്ഷണങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കിയാൽ ഗഗൻയാൻ യാത്രക്ക് കണ്ണും പൂട്ടി തയാറെടുക്കാം.
പരീക്ഷണം 17 കിലോമീറ്റർ ദൂരത്തേക്ക് ആണ് നടന്നതെങ്കിലും യഥാർത്ഥത്തിൽ ക്രൂ മൊഡ്യുൾ വിക്ഷേപണം ഭൂമിയിൽനിന്ന് 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് നടത്തേണ്ടത്. ലോഞ്ച് പാഡ് മുതൽ ഭ്രമണപഥം വരെയുള്ള ഏതു സമയത്തും ദൗത്യം പരാജയപ്പെടാൻ സാധ്യതയുണ്ട്. അതിന്റെ സാധ്യത മുന്നിൽ കണ്ടാണ് പരീക്ഷണങ്ങളിലൂടെ വിജയം ഉറപ്പിക്കാനുള്ള ഐ എസ് ആർ ഒയുടെ ശ്രമം.
നാലു ഘട്ടങ്ങളിലായി ക്രൂ മൊഡ്യുൾ എസ്‌കേപ്പ് സംവിധാനം പരീക്ഷിക്കപ്പെടും. റോക്കറ്റിന്റെ വേഗം ശബ്ദത്തിന്റെ വേഗത്തിന് തുല്യമാകുന്ന സമയത്തു പരാജയം മണത്താൽ എങ്ങനെ അതിജീവിക്കണം എന്നതാണ് നാളത്തെ പരീക്ഷണത്തിലൂടെ ഐ എസ് ആ ർ ഒ വിലയിരുത്തുക.
ആദ്യം ആളില്ലാ പേടകങ്ങൾ അയച്ചും പിന്നീട് യന്ത്രമനുഷ്യനെ അയച്ചും ശേഷം ആളെ അയച്ചുമുള്ള പരീക്ഷണങ്ങൾ അടങ്ങുന്നതാണ് ഇന്ത്യയുടെ ഗഗൻ യാൻ പദ്ധതി. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന യഥാർഥ ഗഗൻയാൻ ദൗത്യം 2025ൽ വിക്ഷേപിക്കാനാണ് ഐ എസ് ആർ ഒ ലക്ഷ്യമിടുന്നത്. പദ്ധതി വിജയിച്ചാൽ അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
ബഹിരാകാശത്തേക്ക് പോകാനുള്ള മൂന്നു യാത്രികർക്ക് പരിശീലനം നൽകി വരികയാണ്. വ്യോമസേനയിൽ പൈലറ്റുമാരെയാണ് ഇതിനായി ഐ എസ് ആർ ഒ തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്നും പേരും ബഹിരാകാശത്തേക്ക് പറക്കുമോ തിരഞ്ഞെടുക്കപ്പെടുന്ന ഒരാളെ മാത്രമാണോ അയക്കുക എന്ന കാര്യത്തിൽ ഐ എസ് ആർ ഒ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.