Science

ഗഗന്‍യാന്‍ 2025 ൽ ഇല്ല; വിക്ഷേപണം 2026ലേക്കു നീട്ടിയതായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്‌

ചന്ദ്രന്റെ ഉപരിതലത്തിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ചന്ദ്രയാൻ-4 ദൗത്യം 2028-ൽ വിക്ഷേപിക്കും

വെബ് ഡെസ്ക്

ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്റെ വിക്ഷേപണം വൈകും. ദൗത്യം, പ്രതീക്ഷിച്ചതുപോലെ 2025 ൽ പ്രാവർത്തികമാകില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്‌. വിക്ഷേപണം 2026 ലേക്കു നീളുമെന്നാണ് സോമനാഥ്‌ അറിയിച്ചിരിക്കുന്നത്.

ഗഗന്‍യാന്‍ ദൗത്യം 2025നുള്ളിൽ യാഥാര്‍ഥ്യമാക്കാനുള്ള ഊർജിത ശ്രമത്തിലായിരുന്നു ഐഎസ്ആർഒ. എന്നാൽ വിക്ഷേപണം മാറ്റാനുള്ള കാരണം എന്താണെന്ന് ഐഎസ്ആർഒ ചെയർമാൻ വ്യക്തമാക്കിയിട്ടില്ല. ഏതു മാസമായിരിരിക്കും വിക്ഷേപണമെന്നും വ്യക്തമല്ല. ആകാശവാണിയിൽ (ഓൾ ഇന്ത്യ റേഡിയോ) സർദാർ പട്ടേൽ സ്മാരക പ്രഭാഷണത്തിനിടെയാണ് സോമനാഥ്, ഗഗൻയാൻ വിക്ഷേപണസമയമാറ്റം അറിയിച്ചത്.

ഐഎസ്ആർഒയുടെ ഏറ്റവും വലിയ ദൗത്യങ്ങളിലൊന്നാണ് ഗഗൻയാൻ. മൂന്നംഗ സംഘത്തെ മൂന്ന് ദിവസത്തെ ദൗത്യത്തിനായി 400 കിലോ മീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് എത്തിക്കുകയും അവരെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നതാണ് ദൗത്യം. എച്ച്എൽവിഎം3 റോക്കറ്റിലാണ് ഗഗൻയാൻ വിക്ഷേപിക്കുക.

2026ൽ നടക്കുന്ന മനുഷ്യനെ വഹിച്ചുള്ള ദൗത്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗഗന്‍യാന്‍ 1 (ജി1), ഗഗന്‍യാന്‍ 2 (ജി2) എന്നീ രണ്ട് ആളില്ലാ പരീക്ഷണദൗത്യങ്ങൾ ഐഎസ്ആര്‍ഒ ആവിഷ്‌കരിച്ചിട്ടുണ്ട്. ജി1 ഈ വര്‍ഷം അവസാനത്തോടെ പരീക്ഷിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ജി2 2025ൽ ആയിരിക്കും പരീക്ഷിക്കുക. പുതിയ സാഹചര്യത്തിൽ ഇവയുടെ വിക്ഷേപണം വൈകുമോയെന്നു വ്യക്തമല്ല.

യഥാര്‍ഥ ഗഗന്‍യാന്‍ ദൗത്യപേടകത്തിന്റെ അതേ വലുപ്പത്തിലും മാതൃകയിലുള്ളതായിരിക്കും ഇരു പരീക്ഷണദൗത്യങ്ങളിലും ഉപയോഗിക്കുന്ന പേടകങ്ങള്‍. റോബോട്ടിക് സ്വഭാവത്തിലുള്ള ഹ്യൂമനോയ്ഡ് വ്യോംമിത്രയെ അയച്ചുകൊണ്ടുള്ളതാണ് രണ്ടാമത്തെ പരീക്ഷണ ദൗത്യം. അന്തിമദൗത്യത്തില്‍ പുറപ്പെടുന്ന ബഹിരാകാശയാത്രികരുടെ സുരക്ഷ പരിശോധിക്കുന്നതിനാണ് ആദ്യ രണ്ട് പരീക്ഷണങ്ങളും നടത്തുന്നത്.

പാലക്കാട് സ്വദേശിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ അടക്കം വ്യോമസേനയിൽനിന്നുള്ള നാല് പേരാണ് ഇന്ത്യയുടെ പ്രഥമ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗന്‍യാനിലെ സഞ്ചാരി സംഘം. ഗ്രൂപ്പ് ക്യാപ്റ്റൻമാരായ അജിത് കൃഷ്ണന്‍, ശുഭാന്‍ശു ശുക്ല എന്നാണ് സംഘത്തിലെ മറ്റുള്ളവർ.

അധികം വൈകാതെ നടക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഐ എസ് എസ്) ത്തിലേക്കുള്ള യാത്രയ്ക്കു ശുഭാന്‍ശു ശുക്ല തിരരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി എട്ടാഴ്ച നീളുന്ന നാസയുടെ പരിശീലനം ശുഭാന്‍ശുവിനു ലഭിച്ചിരുന്നു. പരിശീലനസംഘത്തിലേക്ക് പകരക്കാരനെന്ന നിലയിൽ പ്രശാന്ത് ബാലകൃഷ്ണനും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശുഭാൻശുവിന് എന്തെങ്കിലും കാരണവശാൽ യാത്ര ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ മാത്രമാണ് പ്രശാന്ത് യാത്രയ്ക്ക് അവസരം ലഭിക്കുക.

ആക്സിയം സ്പേസിന്റെ ആക്‌സിയം-4 എന്ന സ്വകാര്യ ദൗത്യത്തിന്റെ ഭാഗമായാണ് ശുഭാന്‍ശു ഉൾപ്പെടുന്ന നാലംഗ സംഘം ഐ എസ് എസിലേക്കു പോകുക. സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകമാണ് ഇവരെ വഹിക്കുക.

ഐഎസ്ആർഒയും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും സംയുക്തമായി പ്രാവർത്തികമാക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹമായ നിസാർ അടുത്ത വർഷം വിക്ഷേപിക്കുമെന്നും സോമനാഥ് പറഞ്ഞു. നാസ-ഐഎസ്ആർഒ സിന്തറ്റിക് അപറേച്ചർ റഡാർ എന്നാണ് പൂർണപേര്. നാസ നിർമിച്ച ഉപഗ്രഹം ഐഎസ്ആർഒയാണ് വിക്ഷേപിക്കുന്നത്. ഡിസംബറിൽ ലക്ഷ്യമിട്ടിരുന്ന വിക്ഷേപം സാങ്കേതികപ്രശ്നങ്ങളെത്തുടർന്നാണ് മാറ്റിയത്. ഏറ്റവും ചെലവേറിയ ഈ ഭൗമ നിരീക്ഷണമാണ് നിസാർ. 150 കോടി യു എസ് ഡോളറാണ് ചെലവ്.

ചന്ദ്രോപരിതലത്തിൽനിന്നു പാറയും മണ്ണും ഉൾപ്പെടെയുള്ള സാമ്പിളുകൾ ശേഖരിച്ച് ഭൂയിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ചന്ദ്രയാൻ-4 ദൗത്യം 2028-ൽ വിക്ഷേപിക്കും. ചന്ദ്രയാൻ-5 ദൗത്യം ജപ്പാൻ ബഹിരാകാശ ഏജൻസി ജാക്‌സയുമായി ചേർന്നാണു നടപ്പാക്കുന്നത്. ലുപെക്സ് അല്ലെങ്കിൽ ലൂണാർ പോളാർ എക്സ്പ്ലോറേഷൻ എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിൻ്റെ സമയപരിധി വ്യക്തമാക്കിയിട്ടില്ലെങ്കിലും 2028 ന് ശേഷം ഇത് നടക്കാനാണ് സാധ്യത.

350 കിലോഗ്രാം വരുന്നതാവും ചന്ദ്രയാൻ-5 ദൗത്യത്തിലെ റോവർ. ഭാരക്കൂടുതലുള്ളതിനാൽ ഇതൊരു സങ്കീർണ ദൗത്യമായിരിക്കുമെന്ന് സോമനാഥ് പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രയാൻ -3 ദൗത്യത്തിലെ പ്രഗ്യാൻ റോവറിന് 27 കിലോഗ്രാം മാത്രമായിരുന്നു ഭാരം.

ബഹിരാകാശ മേഖലയിലെ നൂതനമായ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ച എസ് സോമനാഥ്‌ മസ്‌ക്കിന്റെ നേട്ടങ്ങൾ ഐഎസ്ആർഒക്കുള്ളിലെ പ്രവർത്തനങ്ങൾക്ക് പ്രചോദനമായെന്നും വ്യക്തമാക്കി. ബഹിരാകാശ മേഖലയിലെ സ്വകാര്യ നിക്ഷേപത്തിന്റെയും പങ്കാളിത്തത്തിന്റെയും പ്രാധാന്യം സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്.

വികസിത സമ്പദ്‌വ്യവസ്ഥയായി ഉയരാൻ ഇന്ത്യ വിപ്ലവകരമായ പരിവർത്തനത്തിന് വിധേയമാകണമെന്ന് ഐഎസ്ആർഒ ചെയർമാൻ അഭിപ്രായപ്പെട്ടു. ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിലെ ഇന്ത്യയുടെ സംഭാവന നിലവിലെ രണ്ടു ശതമാനത്തിൽനിന്ന് ഒരു ദശാബ്ദത്തിനുള്ളിൽ 10 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമെന്നും സോമനാഥ് പറഞ്ഞു.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം