ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ നിർണായക ചുവടുവയ്പായ ഗഗൻയാന്റെ ക്രൂ എസ്‌കേപ് സിസ്റ്റത്തിന്റെ പരീക്ഷണ വിക്ഷേപണം നിർത്തിവച്ചു. ജ്വലനം സംഭവിക്കേണ്ടതിന് മുമ്പായി അവസാന അഞ്ച് സെക്കൻഡിലാണ് പരീക്ഷണം നിർത്തിവച്ചത്.
ശനിയാഴ്ച രാവിലെ എട്ടിന് നിശ്ചയിച്ചിരുന്ന വിക്ഷേപണം മോശം കാലാവസ്ഥയെ തുടർന്ന് 8.45 ലേക്ക് മാറ്റിയിരുന്നു. പിന്നീട് കൗണ്ട്ഡൗൺ ആരംഭിച്ചെങ്കിലും പ്രശ്‌നം കണ്ടെത്തിയതോടെ ഓട്ടോമാറ്റിക് ലോഞ്ച് സീക്വൻസിന്റെ ഭാഗമായുള്ള കമ്പ്യൂട്ടർ സംവിധാനം വിക്ഷേപണം അവസാനിപ്പിക്കുകയായിരുന്നു.
റോക്കറ്റ് സുരക്ഷിതമാണെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. പരീക്ഷണം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുമെന്നും നിലവിലെ പ്രശ്‌നം എന്താണെന്ന് ഉടൻ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. യഥാർഥ പ്രശ്നം എന്താണെന്ന് വിക്ഷേപണ വാഹനത്തിന് അടുത്തെത്തി പരിശോധിച്ചാലെ അറിയാനാവുകയുള്ളുവെന്നും സോമനാഥ് അറിയിച്ചു.
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ -1 ന്റെ ക്രൂ എസ്‌കേപ്പ് സിസ്റ്റമായിരുന്നു ഇന്ന് പരീക്ഷിക്കേണ്ടിയിരുന്നത്. ബഹിരാകാശത്തേക്ക് ആളെ അയക്കുമ്പോൾ സാങ്കേതിക പ്രശ്‌നങ്ങൾ സംഭവിച്ചാൽ ബഹിരാകാശ യാത്രികരെ രക്ഷപ്പെടുത്തുന്നതിനുള്ള സിസ്റ്റമാണിത്.
ഗഗൻയാൻ വിക്ഷേപണത്തിനുശേഷം ഏതെങ്കിലും സാഹചര്യത്തിൽ ദൗത്യം അബോർട്ട് ചെയ്യേണ്ടി വന്നാൽ, ബഹിരാകാശയാത്രികർ ഇരിക്കുന്ന ക്രൂ മൊഡ്യൂളിനെ വിക്ഷേപണ വാഹനത്തിൽനിന്ന് സുരക്ഷിതമായ ദൂരത്തേക്ക് വേഗത്തിൽ മാറ്റാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന അടിയന്തര സംവിധാനമാണ് ക്രൂ എസ്‌കേപ് സിസ്റ്റം.
2025ൽ യാത്രികരെ ബഹിരാകാശത്തേക്ക് അയക്കുന്നതിന് മുന്നോടിയായാണ് ആളില്ലാ വാഹനങ്ങളുടെ പരീക്ഷണ വിക്ഷേപണം നടത്താൻ തീരുമാനിച്ചത്. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായ ഡ്രോഗ് പാരച്യൂട്ട്, സർവിസ് മൊഡ്യുൾ പ്രൊപ്പൽഷൻ സംവിധാനം, സർവിസ് മൊഡ്യൂളുകളെ നിയന്ത്രിക്കുന്ന എൻജിനുകളുടെ പരീക്ഷണം എന്നിവ വിജയകരമായി പൂർത്തിയാക്കിയാണ് ഐ എസ് ആർ ഒ നിർണായകമായ ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ പരീക്ഷണ വിക്ഷേപണത്തിലേക്കു കടന്നത്.