പുകയിലയിൽ ഉള്ളതിനേക്കാൾ കൂടുതൽ അളവിൽ ബെൻസീൻ ഗ്യാസ് സ്റ്റൗ ഉത്പാദിപ്പിക്കുമെന്ന് പുതിയ പഠനം. അർബുദത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായ ബെൻസീനിന്റെ അളവ് വീടിനുള്ളിൽ വർധിപ്പിക്കുന്നതിൽ ഗ്യാസ് സ്റ്റൗവിന്റെ ഉപയോഗം പ്രധാന പങ്കു വഹിക്കുന്നുവെന്നാണ് ഈ പഠനം പറയുന്നത്
ഉയർന്ന ചൂടിൽ പ്രവർത്തിക്കുന്ന ഗ്യാസ് കുക്ക്ടോപ്പ് ബർണർ അല്ലെങ്കിൽ 350 ഡിഗ്രി ഫാരൻഹീറ്റിൽ പ്രവർത്തിക്കുന്ന ഗ്യാസ് ഓവനിന്റെ ഉപയോഗം വീടിനുള്ളിൽ ബെൻസീന്റെ അളവ് വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. എൻവയോൺമെന്റൽ സയൻസ് ആൻഡ് ടെക്നോളജി ജേണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചത്.
എണ്ണപ്പാടങ്ങളിലും റിഫൈനറികളിലും കാണപ്പെടുന്ന തീജ്വാലകളിൽ നിന്നും രൂപപ്പെടുന്ന ബെൻസീനിനെ പോലെ നമ്മുടെ വീടുകളിലെ ഗ്യാസ് സ്റ്റൗവുകളില്‍ നിന്നും ഉയർന്ന തോതിൽ ബെൻസീൻ ഉത്പാദിപ്പിക്കുന്നുണ്ട്
വൈദ്യുത അടുപ്പുകളേക്കാൾ കൂടിയ അളവിലാണ് (ഏകദേശം 10 മുതൽ 50 മടങ്ങ് വരെ) ഗ്യാസ് ബർണറുകളും ഓവനുകളും ബെൻസീൻ പുറന്തള്ളുന്നത്
ബെൻസീൻ ഉത്പാദിപ്പിക്കുന്നത് അടുക്കളയിൽ മാത്രം ഒതുങ്ങി നിൽക്കില്ലെന്നും വീട് മുഴുവൻ വ്യാപിക്കുമെന്നുമാണ് കണ്ടെത്തൽ. വൈദ്യുത അടുപ്പുകളേക്കാൾ കൂടിയ അളവിലാണ് (ഏകദേശം 10 മുതൽ 50 മടങ്ങ് വരെ) ഗ്യാസ് ബർണറുകളും ഓവനുകളും ബെൻസീൻ പുറന്തള്ളുന്നത്. അതേ സമയം ഇൻഡക്ഷൻ കുക്കറുകൾ ബെൻസീന്‍ പുറന്തള്ളുന്നില്ലെന്നും പഠനം തെളിയിക്കുന്നു
എണ്ണപ്പാടങ്ങളിലും റിഫൈനറികളിലും തീജ്വാലകളിൽ നിന്നും രൂപപ്പെടുന്ന ബെൻസീനിനെ പോലെ നമ്മുടെ വീടുകളിലെ ഗ്യാസ് സ്റ്റൗവുകളിൽ നിന്നും ഉയർന്ന തോതിൽ ബെൻസീൻ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് ഗവേഷകർ വിശദീകരിക്കുന്നു. വീടുകളിൽ ഉത്പാദിപ്പിക്കപ്പെടുന്ന ബെൻസീന്‍ പുറന്തള്ളാനായി വീട്ടിൽ വെന്റിലേഷൻ ഉറപ്പാക്കുന്നതാണ് ഫലപ്രദമായ രീതിയെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു
ബെൻസീൻ സ്ഥിരമായി ശ്വസിക്കുന്നുണ്ടെങ്കിൽ ഉയർന്ന അപകടസാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ആറ് വീടുകളേയും കിടപ്പുമുറികളേയും ഉൾപ്പെടുത്തിയായിരുന്നു പഠനം. 90 മിനുറ്റ് നേരത്തേക്ക് 475 ഡിഗ്രി ഫാരൻ ഹീറ്റിൽ ഓവനുകൾ പ്രവർത്തിപ്പിച്ചു. അതിന് ശേഷം കിടപ്പു മുറികളിൽ പോലും ബെൻസീനിന്റെ അളവ് കൂടുതലായിരുന്നുവെന്നാണ് പഠനം കണ്ടെത്തിയത്.
വിവിധ തരം ഭക്ഷണം പാകം ചെയ്യുമ്പോൾ എത്ര അളവിൽ ബെൻസീൻ ഉത്പാദിപ്പിക്കുന്നുവെന്ന് കണ്ടെത്താനും പഠനത്തിലൂടെ സാധിച്ചു. ഉണക്ക ഇറച്ചി(ബേക്കണ്‍)യും സാൽമൺ മീനും പാനിൽ പാകം ചെയ്യുമ്പോൾ ബെൻസീൻ ഉത്പാദിപ്പിക്കപ്പെടുന്നില്ലെന്നും പഠനം വ്യക്തമാക്കി.
വീട്ടിലെ പല ഉപകരണങ്ങളിൽ നിന്നും ബെൻസീൻ വലിയ തോതിൽ ഉത്പാദിപ്പിക്കപ്പെടുന്നു എന്ന കണ്ടെത്തൽ മുൻപ് ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് സ്റ്റൗവില്‍ നിന്നും ഓവനിൽ നിന്നും വലിയ തോതിൽ ബെൻസീൻ ഉത്പാദനം നടക്കുന്നുണ്ടെന്നും അത് മണിക്കൂറുകളോളം വീടിന്റെ ഉൾവശത്ത് കെട്ടി നില്‍ക്കുകയാണെന്നും കണ്ടെത്തുന്നത്.
ഗ്യാസ് സ്റ്റൗ ഉള്ള വീടുകളിൽ താമസിക്കുന്ന കുട്ടികൾക്ക് ഇത്തരം അടുപ്പുകൾ ഉപയോഗിക്കാത്ത വീടിനുള്ളിലെ കുട്ടികളേക്കാൾ ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത 42 ശതമാനം കൂടുതലാണെന്ന് 2013ലെ ഒരു പഠനത്തിലും വ്യക്തമായിരുന്നു