1984 ഏപ്രില്‍ 3, റഷ്യന്‍ നിര്‍മിത സോയൂസ് ടി 11 എന്ന വാഹനത്തില്‍ ഇന്ത്യന്‍ വംശജനായ രാകേഷ് ശര്‍മ്മ ബഹിരാകാശ യാത്ര നടത്തി ചരിത്രം കുറിക്കുന്നു. റഷ്യന്‍ ബഹിരാകാശ വാഹനത്തില്‍ അദ്ദേഹം ബഹിരാകാശത്ത് എട്ട് ദിവസം ചെലവഴിച്ചു. ശൂന്യാകാശത്തിലെത്തുന്ന ലോകത്തിലെ 138-ാമത്തെ സഞ്ചാരിയായിരുന്നു അദ്ദേഹം. രാകേഷ് ശര്‍മ്മ ബഹിരാകാശത്തെത്തി നാല് പതിറ്റാണ്ട് പൂര്‍ത്തിയാകുമ്പോഴാണ് സ്വന്തം ബഹിരാകാശ യാത്രികരെ സ്വന്തം വാഹനത്തിൽ ശൂന്യാകാശത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ഇന്ത്യ മുന്നോട്ടുപോകുന്നത്.
ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാര പദ്ധതിയാണ് ഗഗന്‍യാന്‍. 2014ലാണ് തുടക്കം കുറിച്ച പദ്ധതിക്ക് 2018ലാണ് ഔദ്യോഗികമായി കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കാന്‍ ലക്ഷ്യമിട്ട ഗഗന്‍യാന്‍ കോവിഡ് ലോക്ക് ഡൗണ്‍ ഉണ്ടാക്കിയ അനിശ്ചിതത്വത്തെ തുടര്‍ന്ന് നീണ്ടു പോകുകയായിരുന്നു. പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നതിലൂടെ മനുഷ്യനെ സ്വന്തം വാഹനത്തിൽ ബഹിരാകാശത്തേക്കയച്ച നാലാമത്തെ രാജ്യം എന്ന നേട്ടം ഇന്ത്യയ്ക്ക് കൈവരും .
മൂന്നു സഞ്ചാരികളെ ഏഴ് ദിവസം ബഹിരാകാശത്ത് പാര്‍പ്പിക്കാനുള്ള പദ്ധതിയാണ് ഗഗന്‍യാനിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. എന്നാല്‍ ആദ്യ ദൗത്യം ഏതെങ്കിലും പ്രതികൂല സാഹചര്യം നേരിടുകയാണെങ്കില്‍ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഐഎസ്ആര്‍ഒ.
ക്രൂ എസ്ക്കേപ്പ് സിസ്റ്റം
അടിയന്തര സാഹചര്യത്തിൽ യാത്രികരുടെ സുരക്ഷയ്ക്കായി ക്രൂ എസ്ക്കേപ്പ് സിസ്റ്റം എന്ന സംവിധാനത്തിന്റെ പരീക്ഷണം ഐഎസ്ആര്‍ഒ നടത്തിക്കൊണ്ടിരിക്കുകയാണ്. വിക്രം സാരാഭായ് സ്‌പേസ് സെന്ററിലാണ് പരീക്ഷണം നടത്തുന്നത്. ഗഗന്‍യാനിലെ യാത്രക്കാര്‍ക്ക് അത്യാഹിതം സംഭവിക്കുന്ന സാഹചര്യം സാങ്കൽപ്പികമായി സൃഷ്ടിച്ചാണു ഇതിന്റെ പ്രവര്‍ത്തന രീതിയും കാര്യക്ഷമതയും പരീക്ഷിക്കുന്നത്.
അടിയന്തര സാഹചര്യങ്ങളിൽ വിമാനത്തിലെ പൈലറ്റുമാരുടെ ജീവന്‍ സുരക്ഷിതമാക്കുന്ന ഇജക്ഷന്‍ സീറ്റിനു സമാനമായ പ്രവര്‍ത്തന രീതിയാണ് ക്രൂ എസ്‌ക്കേപ്പ് സിസ്റ്റവും പിന്‍തുടരുന്നത്. വിമാനത്തിനു പകരം റോക്കറ്റില്‍ ഘടിപ്പിക്കുന്ന ഈ സിസ്റ്റത്തിന് കുറച്ചു കൂടി കൃത്യതയും ശാസ്ത്ര സാങ്കേതിക പിന്തുണയും ആവശ്യമാണ്.
റോക്കറ്റിന്റെ സഞ്ചാര പാതയിലുണ്ടായേക്കാവുന്ന ഏത് തരം പ്രതിസന്ധിയില്‍നിന്നും യാത്രക്കാരെ രക്ഷിക്കുകയെന്നതാണ് ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ പ്രധാന ലക്ഷ്യം. ഏത് ഘട്ടത്തിലായാലും പ്രതിസന്ധി മനസിലാക്കി അതിനനുസൃതമായി എത്ര ഉയരത്തില്‍ നിന്നും പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ രൂപകല്‍പ്പന. അടിയന്തര സാഹചര്യത്തില്‍ ക്യാപ്‌സൂളില്‍നിന്ന് വേര്‍പെടുന്ന ഈ രീതി റോക്കറ്റുകളില്‍ സര്‍വ സാധാരണയായി ഉപയോഗിച്ചു വരുന്നുണ്ട്.
കുറേ വര്‍ഷങ്ങളായി എല്ലാം ആവശ്യകതയും നിറവേറ്റുന്ന ഒരു ഹോം ഗ്രൗണ്ട് സിസ്റ്റം വികസിപ്പിക്കുന്നതിനായുള്ള ശ്രമത്തിലായിരുന്നു ഐഎസ്ആര്‍ഒ . 2018ലാണ് ആദ്യത്തെ ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണത്തിന് ഐഎസ്ആര്‍ഒ മുതിരുന്നത്. ഇത് വിജയം കാണുകയും ചെയ്തു.
12.6 ടണ്‍ പിണ്ഡമുള്ള ഒരു സിമുലേറ്റഡ് ക്രൂ മൊഡ്യൂള്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 2.7 കിലോമീറ്റര്‍ ഉയരത്തിലാണ് വിക്ഷേപിച്ചത്. 59 സെക്കന്‍ഡുകള്‍ക്കുള്ളില്‍ റോക്കറ്റില്‍നിന്ന് വേര്‍പ്പെട്ട് ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ നീങ്ങിയ സിസ്റ്റത്തെ പാരച്യൂട്ടുകള്‍ ഉപയോഗിച്ചാണ് പിന്നീട് തിരിച്ചെത്തിച്ചത്.
ക്രൂ എസ്‌ക്കേപ്പ് സിസ്റ്റത്തിന്റെ പ്രവര്‍ത്തന രീതി
ശക്തി കുറഞ്ഞ മൂന്ന് റോക്കറ്റ് മോട്ടോറുകൾ ക്രൂ എസ്‌കേപ്പ് സിസ്റ്റത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. റോക്കറ്റിന്റെ ഉയര്‍ച്ചയുടെ ആനുപാതികമായാണ് ഈ മൂന്ന് മോട്ടോറുകള്‍ അല്ലെങ്കില്‍ ത്രസ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. ബഹിരാകാശ യാത്രക്കാരെ റോക്കറ്റില്‍നിന്ന് എത്രയും പെട്ടന്ന് വേര്‍പെടുത്തുകയാണ് ഇവയുടെ ലക്ഷ്യം.
ആദ്യത്തെ മോട്ടോറിന്റെ പേര് ലോ ആറ്റിട്ട്യൂഡ് എസ്‌ക്കേപ്പ് മോട്ടോര്‍ എന്നാണ്. 17 കിലോ മീറ്റര്‍ ഉയരത്തിനുള്ളില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളവയാണിവ. രണ്ടാമത്തേത് ഹൈ ആള്‍ട്ടിട്ടൂഡ് എസ്‌ക്കേപ്പ് മോട്ടോര്‍ ആണ്. 17 മുതല്‍ 80 കിലോമീറ്റര്‍ പരിധിയില്‍ പ്രവര്‍ത്തന ക്ഷമമാകുന്ന ത്രസ്റ്റുകളാണിവ. ഏറ്റവും ഒടുവിലത്തെ മോട്ടോറാണ് ക്രൂ എസ്ക്കേപ്പ് സിസ്റ്റം ജെറ്റിസോണിംഗ് മോട്ടോര്‍. 80 കിലോ മീറ്റര്‍ കഴിഞ്ഞാല്‍ ഇവയാണ് പ്രവര്‍ത്തിക്കുക.
ഈ മോട്ടോറിന്റെ പ്രവര്‍ത്തനമാണ് ക്രൂ മൊഡ്യൂളിനെ റോക്കറ്റില്‍നിന്ന് വേര്‍പെടുത്തുന്നത്. ഇതേ സമയം പിച്ച് കണ്‍ട്രോള്‍ മോട്ടോറും പ്രവര്‍ത്തന സജ്ജമാകും. ഈ മോട്ടോറിന്റെ സഹായത്തോടെയാണ് ക്രൂ എസ്ക്കേപ്പ് സിസ്റ്റം കടലിനെ ലക്ഷ്യമാക്കി നീങ്ങുന്നത്.
എന്താണ് ഐഎസ്ആര്‍ഒയുടെ പാഡ് അബോര്‍ട്ട് സിസ്റ്റം
ഐ എസ് ആര്‍ ഒ യുടെ പാഡ് അബോര്‍ട്ട് സിസ്റ്റത്തിന്റെ പരീക്ഷണം മേയിലുണ്ടാകുമെന്നാണ് ഐഎസ്ആര്‍ഒ പറയുന്നത്. പ്രത്യേക വിക്ഷേപണ വാഹനത്തിലാണ് ഇതുമായി ബന്ധപ്പെട്ട പരീക്ഷണം നടക്കുക. കമ്പ്യൂട്ടറിലൂടെ അപാകത സൃഷ്ടിച്ച് 19 കിലോ മീറ്റര്‍ ഉയരത്തിലെത്തിച്ച റോക്കറ്റിലാണ് പരീക്ഷണം സാധ്യമാകുക.
നിലവില്‍ നാല് വ്യോമസേന ഉദ്യോഗസ്ഥരാണ് ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിലെ നാഴിക കല്ലാകാനിടയുള്ള ഗഗൻയാന്‍ ദൗത്യത്തിന് തയ്യാറെടുക്കുന്നത് . ഇന്ത്യയുടെ പുതിയ സംരംഭത്തെ ലോക രാജ്യങ്ങളും ഉറ്റുനോക്കുകയാണ്. എല്ലാ വിധ സജ്ജീകരണത്തോടെയും പുതിയ ബഹിരാകാശ യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ് ഐഎസ്ആര്‍ഒ.