Science

ഇന്ത്യയും ചൈനയും കൈകോർക്കും, ചന്ദ്രനിൽ ആണവോർജനിലയം നിർമിക്കാൻ റഷ്യ

വെബ് ഡെസ്ക്

ചന്ദ്രനിൽ ആണവോർജനിലയം സ്ഥാപിക്കാൻ റഷ്യയ്‌ക്കൊപ്പം കൈകോർത്ത് ഇന്ത്യയും ചൈനയും. റഷ്യൻ ആണവോർജ കോർപറേഷനായ റോസ്‌തോം മേധാവി അലക്സി ലിഖാച്ചേവാണ് ഇന്ത്യയുടെയും ചൈനയുടെയും താത്പര്യത്തെ കുറിച്ച് അറിയിച്ചത്. റഷ്യയിൽ നടന്ന ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മാധ്യമ ഏജൻസി ടാസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ചന്ദ്രനിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന റഷ്യൻ കേന്ദ്രത്തിന് ആവശ്യമായ വൈദ്യുതിക്ക് വേണ്ടിയാകും ആണവനിലയം നിർമിക്കുക. അര മെഗാവാട്ട് വരെയുള്ള വൈദ്യുതിയാകും അവിടെ ഉത്പാദിപ്പിക്കുക. സുപ്രധാന ദൗത്യത്തിൽ പങ്കാളികളാകാൻ ഇന്ത്യയും ചൈനയും ഏറെ ഉത്സാഹത്തിലാണെന്നാണ് ലിഖാച്ചേവ് ആവർത്തിക്കുന്നത്. ആണവനിലയം ഭൂമിയിൽ നിർമിച്ചാകും ചന്ദ്രനിലേക്ക് എത്തിക്കുക. അതിന്റെ നിർമാണ പ്രവർത്തനങ്ങൾ റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

2021-ലാണ് റഷ്യയും ചൈനയും ചേർന്ന് ചന്ദ്രനിൽ ഇൻ്റർനാഷണൽ ലൂണാർ റിസർച്ച് സ്റ്റേഷൻ (ILRS) എന്ന പേരിൽ ഒരു സംയുക്ത കേന്ദ്രം നിർമ്മിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചത്. 2035നും 2045മിടയിൽ ഘട്ടം ഘട്ടമായി കമ്മീഷൻ ചെയ്യാനാണ് പദ്ധതി. ഗഗൻയാൻ ദൗത്യത്തിലെ ശുഭാൻഷു ശുക്ലയെ അമേരിക്കയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. പിന്നാലെയാണ് റഷ്യയോടും ചൈനയോടുമൊപ്പം ചേർന്നുള്ള ചാന്ദ്രദൗത്യം. ബഹിരാകാശ ദൗത്യങ്ങളിലും ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് നിലവിലെ കൈകോർക്കലിനെ വിദഗ്ദർ വിലയിരുത്തുന്നത്.

2040-ഓടെ ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കാനും ബഹിരാകാശ നിലയം സ്ഥാപിക്കാനും ഇന്ത്യ തയാറെടുക്കുകയാണ്. ബഹിരാകാശ നിലയത്തിൻ്റെ ആദ്യ ഘട്ടം 2028 ഓടെ നിർമ്മിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐ എസ് ആർ ഒയുടെ ചെയർമാൻ എസ് സോമനാഥ് ജൂണിൽ പറഞ്ഞിരുന്നു.

റഷ്യയെ കൂടാതെ, അമേരിക്കയും ചന്ദ്രനിൽ ആണവോർജം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ചന്ദ്രൻ വാസയോഗ്യമാക്കുന്നതിന് ആണവ റിയാക്ടറുകളുടെ സാധ്യത നാസ വർഷങ്ങളായി പരിശോധിച്ച് വരികയാണ്.

മലയാള സിനിമയുടെ അമ്മ മുഖം, കവിയൂർ പൊന്നമ്മ അന്തരിച്ചു

ശ്രീലങ്കയ്ക്ക് ഒരു 'മാർക്സിസ്റ്റ് ' പ്രസിഡന്റുണ്ടാവുമോ? നിർണായക തിരഞ്ഞെടുപ്പ് നാളെ

ചെപ്പോക്കില്‍ ഡ്രൈവിങ് സീറ്റില്‍ ഇന്ത്യ; ബംഗ്ലാദേശിനെതിരെ ലീഡ് 300 കടന്നു

സ്റ്റാർ ഇന്‍ഷുറന്‍സ് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു; ടെലഗ്രാം ചാറ്റ് ബോട്ടുകളിൽ വിവരങ്ങൾ വില്‍പനയ്ക്കെന്ന് റിപ്പോർട്ട്

മൈലേജ് 40 കി.മീ, വില രണ്ടര ലക്ഷം!മാരുതിയുടെ ഹസ്‌ലര്‍ ഇന്ത്യയിലേക്ക്