വീണ്ടുമൊരിക്കൽ കൂടി ബഹിരാകാശത്തേക്ക് പറക്കാൻ തയ്യാറെടുത്ത് ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി ക്യാപ്റ്റൻ സുനിത വില്യംസ്. ഇത്തവണ സ്വകാര്യ ബഹിരാകാശ വാഹനമായ ബോയിങ് സ്റ്റാർലൈനറിലാകും യാത്ര. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് നാളെ രാവിലെ ഇന്ത്യൻ സമയം 8.34നാണ് പേടകത്തിന്റെ വിക്ഷേപണം.
'ക്രൂ ഫ്ലൈറ്റ് ടെസ്റ്റ്' എന്നറിയപ്പെടുന്ന ദൗത്യം നാസയുടെ ബഹിരാകാശയാത്രികരായ ബുച്ച് വിൽമോർ, സുനിത വില്യംസ് എന്നിവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കും. പുതിയ പേടകത്തിൻ്റെ ദൗത്യത്തിൽ പറക്കുന്ന ആദ്യ വനിതയെന്ന ബഹുമതി അന്‍പത്തൊമ്പതുകാരിയായ സുനിത വില്യംസിന് സ്വന്തമാകും.
"ഞാൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുമ്പോൾ, അത് വീട്ടിലേക്ക് മടങ്ങുന്നതുപോലെയാകും," എന്നാണ് പുതിയ ദൗത്യത്തെ സുനിത വില്യംസ് വിശേഷിപ്പിച്ചത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ദൗത്യങ്ങളുടെ ഭാഗമായി 2006ലും 2012ലും സുനിത വില്യംസ് ബഹിരാകാശ യാത്രകൾ നടത്തിയിരുന്നു. സുനിത 322 ദിവസമാണ് ബഹിരാകാശത്ത് ചെലവഴിച്ചിട്ടുള്ളത്.
ഇന്ത്യക്കാരനായ ഡോ.ദീപക് പാണ്ഡ്യയുടെയും ബോണി പാണ്ഡ്യയുടെയും മകളായ സുനിത വില്യംസ് അമേരിക്കൻ നാവികസേനാ പരീക്ഷണ പൈലറ്റായിരുന്നു. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ജുലാസനിൽ ജനിച്ച ദീപക് പാണ്ഡ്യ ന്യൂറോ അനാട്ടമിസ്റ്റായിരുന്നു. അമേരിക്കയിലേക്കു കുടിയേറിയ അദ്ദേഹം സ്ലോവേനിയക്കാരിയായ ബോണിയെ വിവാഹം കഴിക്കുകയായിരുന്നു.
ഒരുകാലത്ത് ഏറ്റവും കൂടുതൽ തവണ 'ബഹിരാകാശ നടത്തം' നടത്തിയ വനിതയെന്ന റെക്കോർഡിന് ഉടമയായിരുന്നു സുനിത. 50 മണിക്കൂറും 40 മിനുറ്റും ദൈർഘ്യമുള്ള ഏഴു ബഹിരാകാശ നടത്തങ്ങളായിരുന്നു സുനിത നടത്തിയത്. പിന്നീട് പെഗ്ഗി വിൻസ്റ്റൺ എന്ന ബഹിരാകാശ സഞ്ചാരിയാണ് അത് തകർത്തത്. 10 ബഹിരാകാശ നടത്തമാണ് പെഗ്ഗി നടത്തിയത്.
ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്റെ പ്രഥമ ദൗത്യത്തിന്റെ പൈലറ്റാണ് ക്യാപ്റ്റൻ സുനിത. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള മൂന്നാമത്തെ യാത്രയാണിത്. 1998-ലായിരുന്നു ആദ്യ യാത്ര. സ്‌പേസ് എക്‌സിൻ്റെ ക്രൂ ഡ്രാഗണിനൊപ്പം ബഹിരാകാശയാത്രികരെ ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള മറ്റൊരു സാധ്യത എന്ന നിലയ്ക്ക് നാസയുടെ ചരിത്രപ്രധാമായ ദൗത്യമാണിത്.
ദൗത്യത്തിൽ, വിൽമോറും വില്യംസും സ്റ്റാർലൈനറിൻ്റെ സംവിധാനങ്ങളും കഴിവുകളും സമഗ്രമായി പരിശോധിക്കും
പേടകം സുരക്ഷിതവും സുഖപ്രദവുമാണെന്നാണ് സുനിത വില്യംസ് യാത്രയെക്കുറിച്ച് പ്രതികരിച്ചത്. 10 ദിവസത്തോളം നീളുന്ന ദൗത്യത്തിനിടെ സുനിതയും ബുച്ച് വിൽമോറും സ്റ്റാർലൈനറിന്റെ എല്ലാ സംവിധാനങ്ങളും കഴിവുകളും സമഗ്രമായി പരിശോധിക്കും. ബഹിരാകാശയാത്രികർ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഒരാഴ്ച ചെലവഴിക്കും.
ഏഴ് ബഹിരാകാശയാത്രികരെ വഹിക്കാൻ കഴിയുന്ന സ്റ്റാർലൈനർ ബഹിരാകാശ പേടകം ഭാഗികമായി പുനരുപയോഗിക്കാവുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
ബഹിരാകാശത്തേക്ക് മനുഷ്യരെ എത്തിക്കാനുള്ള ബോയിങ്ങിന്റെ ശേഷി വികസിപ്പിക്കുന്നതിൽ സുപ്രധാനമായ അടയാളപ്പെടുത്തൽ കൂടിയാണ് ഈ ദൗത്യം. ലോകമെമ്പാടുമുള്ള വിമാനങ്ങൾ, റോട്ടർക്രാഫ്റ്റുകൾ, റോക്കറ്റുകൾ, ഉപഗ്രഹങ്ങൾ, മിസൈലുകൾ എന്നിവ രൂപകൽപ്പന ചെയ്യുകയും നിർമിക്കുകയും വിൽക്കുകയും ചെയ്യുന്ന അമേരിക്ക ആസ്ഥാനമായ ബഹുരാഷ്ട്ര കോർപറേഷനാണ് ബോയിങ് കമ്പനി.
ബുച്ച് വിൽമോറും സുനിത വില്യംസും ഏപ്രിൽ 25ന് ഫ്ലോറിഡ സ്‌പേസ്‌പോർട്ടിൽ എത്തിയതു മുതൽ നീൽ ആംസ്ട്രോങ് ഓപ്പറേഷൻസ് ആൻഡ് ചെക്ക്ഔട്ട് ബിൽഡിങ്ങിനുള്ളിൽ ക്വാറൻ്റൈനിലാണ്.