ഇന്ത്യയുടെ ഏറ്റവും പുതിയ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്-3ഡിഎസ് ഭൂമിയുടെ ചിത്രങ്ങൾ പകർത്താൻ ആരംഭിച്ചു. ഉപഗ്രഹം ആദ്യമായി പകര്‍ത്തിയ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു.
ഉപഗ്രഹത്തിലെ കാലാവസ്ഥ പേലോഡുകളായ 6-ചാനല്‍ ഇമേജറും 19-ചാനല്‍ സൗണ്ടറും മാര്‍ച്ച് ഏഴിന് പകര്‍ത്തിയ ചിത്രങ്ങളാണ് ഇവ. കര്‍ണാടക ഹാസനിലെ ഐഎസ്ആര്‍ഒയുടെ മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റിയാണ് ചിത്രങ്ങള്‍ പ്രോസസ് ചെയ്ത് പുറത്തുവിട്ടത്.
ഫെബ്രുവരി 17-നാണ് ഇന്‍സാറ്റ്-3ഡിഎസ് ഉപഗ്രഹം വിക്ഷേപിച്ചത്. ഘട്ടംഘട്ടമായി ഭ്രമണപഥമുയര്‍ത്തി ഉപഗ്രഹത്തെ ഫെബ്രുവരി 28-ന് നിര്‍ദിഷ്ട ഭൂസ്ഥിര സ്ലോട്ടില്‍ എത്തിക്കുകയും തുടര്‍ന്ന് ഇന്‍ ഓര്‍ബിറ്റ് ടെസ്റ്റിങ്ങിനു വിധേയമാക്കുകയും ചെയ്തു. ഉപഗ്രഹത്തിന്റെ ആശയവിനിമയ സംവിധാനം പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കുന്നതിനായുള്ള വിപുലമായ ഈ പരിശോധന ഫെബ്രുവരി 29നും മാര്‍ച്ച് മൂന്നിനുമിടയിലാണ് നടത്തിയത്. മാര്‍ച്ച് ഏഴിനാണ് ഇമേജര്‍, സൗണ്ടര്‍ പേലോഡുകളുടെ പ്രവര്‍ത്തനം ആദ്യമായി പരിശോധിച്ചത്. നാമമാത്രമായ തോതിലായിരുന്നു പരിശോധന.
കാലാവസ്ഥാ നിരീക്ഷണം, കാലാവസ്ഥാ പ്രവചനം, അന്തരീക്ഷ ഗവേഷണം എന്നിവയില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കാനുള്ള ഉപഗ്രഹത്തിന്റെ സന്നദ്ധതയാണ് ഭൂമിയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന്റെ വിജയകരമായ തുടക്കം തെളിയിക്കുന്നതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ഇന്‍സാറ്റ് പരമ്പരയിലെ മുന്‍ ഉപഗ്രഹങ്ങളായ 3ഡി, 3ഡിആര്‍ എന്നിവയിലെ പേലോഡുകള്‍ക്ക് സമാനമാണ് 3ഡിഎസിലെ ഇമേജറും സൗണ്ടറും. അതേസമയം, റേഡിയോമെട്രിക് കൃത്യത, ബ്ലാക്ക് ബോഡി കാലിബ്രേഷന്‍, തെര്‍മല്‍ മാനേജ്‌മെന്റ്, ഇമേജിങ് ത്രൂപുട്ട് എന്നിവയുടെ കാര്യത്തില്‍ കൂടുതല്‍ മെച്ചപ്പെട്ടതാണ്. ഇത് കൂടുതല്‍ കൃത്യവും കാര്യക്ഷമവുമായ വിവരശേഖരണം സാധ്യമാക്കുന്നു.
ഒന്നിലധികം ചാനലുകളുണ്ടെന്ന സവിശേഷതയും ഇന്‍സാറ്റ് 3ഡിഎസിനുണ്ട്. അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷന്‍സ് സെന്റര്‍ (എസ്എസി) ആണ് പേലോഡുകള്‍ രൂപകല്പന ചെയ്ത് വികസിപ്പിച്ചത്.
ആറ്-ചാനല്‍ ഇമേജര്‍ പേലോഡ് ഒന്നിലധികം സ്‌പെക്ടറല്‍ ചാനലുകളിലൂടെ ഭൗമോപരിതലത്തിന്റെയും അന്തരീക്ഷത്തിന്റെയും ചിത്രങ്ങള്‍ പകര്‍ത്തും. ഇത് മേഘങ്ങള്‍, എയ്‌റോസോള്‍, ഭൂമിയുടെ ഉപരിതല താപനില, സസ്യജാലങ്ങളുടെ ആരോഗ്യം, ജല നീരാവി വിതരണം തുടങ്ങിയ പ്രതിഭാസങ്ങള്‍ നിരീക്ഷിക്കാന്‍ പ്രാപ്തമാക്കുന്നു. ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രത്യേക സവിശേഷതകള്‍ മാത്രം പകര്‍ത്താവുന്ന രീതിയില്‍ ഇമേജറിനെ ക്രമീകരിക്കാന്‍ കഴിയും.
19-ചാനല്‍ സൗണ്ടറാവട്ടെ അന്തരീക്ഷം പുറപ്പെടുവിക്കുന്ന വികിരണം അളക്കുകയും അന്തരീക്ഷ ഘടകങ്ങള്‍, താപനില വ്യതിയാനങ്ങള്‍, അന്തരീക്ഷത്തിന്റെ ലംബഘടന എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്നു.