Science

ലാൻഡറും റോവറും ഞായറാഴ്ചയോടെ മിഴികളടയ്ക്കും: ചന്ദ്രയാൻ- 3 ദൗത്യം അവസാനിക്കുന്നു

14 ഭൗമ ദിനങ്ങൾ കഴിഞ്ഞു ലാൻഡറും റോവറും വീണ്ടും മിഴി തുറക്കുമോ? പ്രതീക്ഷയോടെ ഐഎസ്ആർഒ

ദ ഫോർത്ത് - ബെംഗളൂരു

പതിനാലു ഭൗമ ദിനങ്ങൾ നീണ്ട പ്രവർത്തനങ്ങൾക്കൊടുവിൽ ദൗത്യ കാലാവധി പൂർത്തിയാക്കി ചന്ദ്രയാൻ-3 ന്റെ ഭാഗമായ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും മിഴി അടക്കുകയാണ്‌. കഴിഞ്ഞ മാസം 23 ന് വൈകിട്ട് 6.04 ന് ആയിരുന്നു റോവർ അടക്കം ചെയ്ത ലാൻഡർ പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ചന്ദ്രനില്‍ സൂര്യപ്രകാശം ലഭിച്ച് രണ്ടാം ദിനമായിരുന്നു സോഫ്റ്റ് ലാന്‍ഡിങ്. മുൻ നിശ്ചയിച്ച പ്രകാരം കൃത്യതയോടെയും കാര്യക്ഷമമായും ലാൻഡറിലേയും റോവറിലെയും പഠനോപകരണങ്ങൾ പ്രവർത്തിച്ചു. ഇത് വരെ ആരും തൊടാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാനുള്ള വിവരങ്ങളെല്ലാം രണ്ടു പേടകങ്ങളിലെയും ഉപകരണങ്ങൾ ശേഖരിച്ചിട്ടുണ്ട്.

ദക്ഷിണ ധ്രുവത്തിലെ അന്തരീക്ഷം, ജലത്തിന്റെ സാന്നിധ്യം, രാസഘടന എന്നിവയെ കുറിച്ചാണ് പേടകം പഠനം നടത്തിയത്. ചന്ദ്രനിലെ സൾഫർ, മഗ്നീഷ്യം, സിലിക്കൺ, ഓക്സിജൻ എന്നീ മൂലകങ്ങളെ കുറിച്ച് പേടകം പങ്കു വച്ച വിവരങ്ങൾ ഐഎസ്ആർഒ പുറത്തു വിട്ടിരുന്നു. ചന്ദ്രോപരിതലത്തിലെ പ്രകമ്പനങ്ങളെ കുറിച്ചും നിർണായക വിവരം നൽകാനും ദൗത്യ പേടകത്തിനായി. ഇവയെല്ലാം വിശകലനം ചെയ്തു ശാസ്ത്ര ലോകം അംഗീകരിച്ചാൽ മാത്രമേ ദൗത്യം പൂർണ വിജയമായെന്നു പറയാനാവുക.

ഭൂമിയിലെ 14 ദിന രാത്രങ്ങൾക്കു തുല്യമാണ് ചന്ദ്രനിലെ ഒരു പകൽ. സൗരോർജ്ജം കൊണ്ട് പ്രവർത്തിക്കുന്ന ലാൻഡറും റോവറും ചന്ദ്രനിലെ പകൽ മാറി ഇരുട്ട് പരക്കുന്നതോടെ നിശ്ചലമാകും. ഇതിനു ശേഷം ഭൂമിയുമായി ബന്ധപ്പെടാൻ പേടകത്തിന് സാധിക്കില്ല. ഭൂമിയിലെ പതിനാല്‌ ദിന രാത്രങ്ങൾ കഴിഞ്ഞ് വീണ്ടും ചന്ദ്രനിൽ സൂര്യനുദിക്കുമ്പോൾ ലാൻഡറും റോവറും പ്രവർത്തിക്കുമോ എന്ന കാര്യത്തിൽ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർക്ക് ഇപ്പോൾ ഉറപ്പു പറയാനാവില്ല. എങ്കിലും ഇക്കാര്യത്തിൽ തികഞ്ഞ പ്രതീക്ഷ വച്ച് പുലർത്തുന്നുണ്ട് അവർ.

ചന്ദ്രോപരിതലത്തിൽ ലാൻഡറും റോവറും മിഴിപൂട്ടിയാൽ അവയെ ലൊക്കേറ്റ് ചെയ്യുക എന്നത് ശ്രമകരമാണ്. അതിനു സഹായകമായ ഒരു അമേരിക്കൻ നിർമിത പേലോഡ് ലാൻഡറിലുണ്ട്. സൗരോർജ്ജം ഇല്ലാതായാലും റിട്രോ റിഫ്ളക്ടർ അരെ എന്ന ഈ ഉപകരണം പ്രവർത്തിക്കുമെന്നാണ്‌ കണക്കു കൂട്ടുന്നത്. ഇതിന്റെ പ്രവർത്തനം കാര്യക്ഷമമായാൽ ഐഎസ്ആർഒയ്ക്കു ലാൻഡറിനെ ഭൂമിയിൽ നിന്ന് 'കാണുവാനും' വീണ്ടും നിയന്ത്രിക്കാനും സാധിച്ചേക്കും. വരുന്ന പതിനാറാം തീയതി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വീണ്ടും സൂര്യപ്രകാശം എത്തുമ്പോൾ ലാൻഡറും റോവറും പ്രവർത്തിക്കുന്നുണ്ടോയെന്ന് ഐഎസ്ആർഒയ്ക്ക്‌ പരിശോധിക്കാനാകും.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്