അങ്ങനെ അതും സാധിച്ചു. ഭൂമിക്കു പുറത്ത് മറ്റൊരു ആകാശഗോളത്തിലേക്കയച്ച ദൗത്യപേടകം തിരികെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിക്കുന്ന പരീക്ഷണവും സമ്പൂർണ വിജയം. ചന്ദ്രയാൻ മൂന്ന് ദൗത്യപേടകത്തിൻ്റെ ഭാഗമായ പ്രൊപ്പൽഷൻ മൊഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിൽനിന്ന് തിരികെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ച് ഐ എസ് ആർ ഒ. ബെംഗളൂരുവിലെ യു ആർ അനന്തറാവു സാറ്റ്‌ലൈറ്റ് സെൻ്ററിൽനിന്നാണ് ഇതിനുള്ള നിർദേശങ്ങൾ പ്രൊപ്പൽഷൻ മൊഡ്യൂളിന് ശാസ്ത്രജ്ഞർ നൽകിയത്.
ചന്ദ്രോപരിതലത്തിൽ ആളെ ഇറക്കുകയും തിരികെ ഭൂമിയിലെത്തിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ സ്വപ്നപദ്ധതി പ്രാവർത്തികമാക്കുന്നതിൽ ആത്മവിശ്വാസം കൂട്ടുന്നതാണ് ഐ എസ് ആർ ഒ നടത്തിയ ഈ 'ഘർവാപസി'. നേരത്തെ പൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപെട്ടശേഷം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം ഇറങ്ങിയ വിക്രം ലാൻഡറിന്റെ ദൗത്യം പൂർത്തിയാക്കിയശേഷം വീണ്ടും ഉയർത്തി ലാൻഡ് ചെയ്യിക്കുന്ന ഹോപ് പരീക്ഷണം ഐ എസ് ആർ ഒ വിജയകരമായി നടത്തിയിരുന്നു.
ചന്ദ്രയാൻ 3 ദൗത്യം അവസാനിച്ചെങ്കിലും പൊപ്പൽഷൻ മൊഡ്യൂളിൽ 100 കിലോഗ്രാം ഇന്ധനം അവശേഷിച്ചിരുന്നു. ഇത് പ്രയോജനപ്പെടുത്തി രണ്ടു തവണയായി ഭ്രമണപഥം ഉയർത്തിയാണ് മൊഡ്യൂളിനെ തിരികെ ഭൂമിയുടെ ഭ്രമണപഥത്തിലേക്കുള്ള പ്രയാണത്തിന് സജ്ജമാക്കിയത്. ചന്ദ്രനെ ചുറ്റിയിരുന്ന മൊഡ്യൂളിന്റെ ഭ്രമണപഥം ഉയർത്തുകയായിരുന്നു ആദ്യ പടി.
ഒക്ടോബർ ഒൻപതിനായിരുന്നു ആദ്യ ഭ്രമണപഥം ഉയർത്തൽ. ചന്ദ്രനിൽനിന്ന് 150 കിലോമീറ്റർ അകലത്തിലായിരുന്ന മൊഡ്യൂളിനെ 5,112 കിലോമീറ്റർ അകലത്തിലുള്ള ഭ്രണണപഥത്തിലേക്കാണ് മാറ്റിയത്. തുടർന്ന്, 1.8 ലക്ഷം x 3.8 ലക്ഷം കിലോമീറ്റർ വരുന്ന ഭൗമഭ്രമണപഥം ലക്ഷ്യമാക്കി രണ്ടാം ഭ്രമണപഥ മാറ്റം. മൊഡ്യൂളിനെ ചാന്ദ്രഭ്രമണപഥത്തിൽനിന്ന് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് മാറ്റുന്ന ട്രാൻസ് എർത്ത് ഇൻജെക്ഷൻ പ്രക്രിയ ഒക്ടോബർ 13നാണ് നടന്നത്.
ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങുന്നതിൽനിന്നും അല്ലെങ്കിൽ 36,000 കിലോമീറ്ററിലുള്ള ഭൂമിയുടെ ജിയോ ബെൽറ്റിലോ അതിനു താഴെയുള്ള ഭ്രമണപഥങ്ങളിലോ പ്രവേശിക്കുന്നതും ഒഴിവാക്കുന്ന തരത്തിലാണ് പൊപ്പൽഷൻ മൊഡ്യൂളിനെ മാറ്റുന്ന പദ്ധതി തയാറാക്കിയത്.
ഇപ്പോൾ പേടകം ഭൂമിയിൽ നിന്ന് 1.5 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് സഞ്ചരിക്കുന്നത്. പേടകത്തിലെ പേ ലോഡായ ഷേപ്പ് (സ്പെക്ട്രോ- പൊളാരിമെട്രി ഓഫ് ഹാബിറ്റബിൾ പ്ലാനറ്റ് എർത്ത്) ഇന്ധനം തീരും വരെ ഇവിടെ പരീക്ഷണം തുടരും. ഭൂമിക്കു പുറത്തു വാസയോഗ്യമായ ഗ്രഹങ്ങളുടെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന പേലോഡാണ് ഷേപ്. ഒക്‌ടോബർ 28-ന് സൂര്യഗ്രഹണ സമയത്ത് ഷേപ് പേലോഡ് പ്രത്യേക ദൗത്യം നടത്തിയിരുന്നു.
ജൂലൈ 14 ന് ആയിരുന്നു ശ്രീഹരിക്കോട്ടയിൽനിന്ന് എൽ വി എം -3 റോക്കറ്റിൻ്റെ സഹായത്തോടെ ചന്ദ്രയാൻ 3 ദൗത്യ പേടകം വിക്ഷേപിച്ചത്. പ്രൊപ്പൽഷൻ മൊഡ്യൂൾ, ലാൻഡർ, റോവർ എന്നിവയടങ്ങുന്നതായിരുന്നു ചാന്ദ്ര ദൗത്യ പേടകം. ഘട്ടംഘട്ടമായി ഭ്രമണ പഥം ഉയർത്തിയായിരുന്നു പേടകത്തെ ഭൂമിയുടെ ആകർഷണ വലയം കടത്തി ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മാറ്റിയത്. തുടർന്ന് ഭ്രമണപഥം സമയാസമയങ്ങളിൽ താഴ്ത്തി പേടകത്തെ ചന്ദ്രോപരിതലത്തിനു തൊട്ടു മുകളിലത്തെ ഭ്രമണപഥം വരെ എത്തിക്കുകയായിരുന്നു.
തുടർന്ന് പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ മൊഡ്യൂൾ വേർപെടുകയും അത് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുകയും ചെയ്തു. ഓഗസ്റ്റ് 23ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപമിറങ്ങിയ വിക്രം ലാൻഡറിൽനിന്ന് പുറത്തിറങ്ങിയ പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ വിവിധ പരീക്ഷണങ്ങൾ നടത്തി.
ചന്ദ്രനെ ചുറ്റിക്കൊണ്ടിരുന്ന പ്രൊപ്പൽഷൻ മൊഡ്യൂൾ വഴി ആയിരുന്നു ലാൻഡറും റോവറും ഭൂമിയിലെ ഐ എസ് ആർ ഒ ആസ്ഥാനവുമായി ആശയ വിനിമയം നടത്തിയും വിവരങ്ങളും ചിത്രങ്ങളും ലഭ്യമാക്കിയതും. ലാൻഡറിന്റെയും റോവറിന്റെയും ദൗത്യം 14 ദിവസം കൊണ്ട് അവസാനിച്ചെങ്കിലും ഇന്ധനം അവസാനിക്കാതെ കർമനിരതനായിരുന്നു ഇത്രനാളും പ്രൊപ്പൽഷൻ മൊഡ്യൂൾ. ഇതോടെയാണ് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിൽ തിരിച്ചെത്തിക്കാനുള്ള ശ്രമം ഐഎസ്ആർഒ നടത്തിയത്.