ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനെ തൊട്ടതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യവും ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറിക്കഴിഞ്ഞു. രാജ്യം നേട്ടത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോള്‍ ഉയരുന്ന പ്രധാന ചോദ്യമാണ് ചന്ദ്രയാന്‍ മൂന്നിന്റെ ലക്ഷ്യസ്ഥാനമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ ഐഎസ്ആര്‍ഒ എന്തിന് തിരഞ്ഞെടുത്തുവെന്നത്. ഈ ചോദ്യത്തിനുള്ള ഉത്തരം നൽകുകയാണ് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം മറ്റൊരു ബഹിരാകാശ പേടകത്തിനും സോഫ്റ്റ് ലാൻഡിങ് നടത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ ചന്ദ്രയാൻ -3ലൂടെ ഐഎസ്ആർഒയുടെ നേട്ടം സവിശേഷമായ ഒന്നാണ്. ദക്ഷിണധ്രുവം ക്രൂഡ് അപ്പോളോ ലാൻഡിങ്ങുകൾ ഉൾപ്പെടെയുള്ള മുൻ ദൗത്യങ്ങൾ ലക്ഷ്യമിട്ട മേഖലയിൽനിന്ന് വളരെ അകലെയാണ്. ഈ മേഖല ഗർത്തങ്ങളും ആഴത്തിലുള്ള കിടങ്ങുകളും നിറഞ്ഞതാണെന്നും ഐഎസ്ആർഒ സോമനാഥ് പറയുന്നു.
"ചന്ദ്രയാൻ-3 ന്റെ മുഴുവൻ ഭാഗങ്ങളും ദക്ഷിണധ്രുവത്തിലോ ദക്ഷിണധ്രുവത്തിനടുത്തോ ഇറങ്ങാൻ ലക്ഷ്യമിട്ട് വികസിപ്പിച്ചെടുത്തതാണ്. ദക്ഷിണധ്രുവത്തിൽ ധാരാളം ശാസ്ത്രീയ സാധ്യതകളുണ്ട്. ചന്ദ്രനിലെ ജലത്തിന്റെയും ധാതുക്കളുടെയും സാന്നിധ്യവുമായി അത് ബന്ധപ്പെട്ടിരിക്കുന്നു," സോമനാഥ് പറഞ്ഞു.
ചന്ദ്രയാൻ-3 ദൗത്യത്തിൽനിന്നുള്ള കണ്ടെത്തലുകൾ ചന്ദ്രന്റെ ഏറ്റവും മൂല്യവത്തായ വിഭവങ്ങളിലൊന്നായ ഹിമരൂപത്തിലുള്ള ജലത്തെക്കുറിച്ചുള്ള അറിവ് മെച്ചപ്പെടുത്താനും വികസിപ്പിക്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രജ്ഞർ അന്വേഷിക്കാൻ ആഗ്രഹിക്കുന്ന നിരവധി ഭൗതിക പ്രക്രിയകളുണ്ടെന്നും ചാന്ദ്രയാൻ മൂന്നിന്റെ അഞ്ച് ഉപകരണങ്ങൾ ചന്ദ്രന്റെ ദക്ഷിണമേഖലകൾ പര്യവേഷണം ചെയ്യാൻ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറയുന്നത്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യത്തെ രാജ്യവും സോഫ്റ്റ് ലാൻഡിങ്ങിൽ വിജയിക്കുന്ന നാലാമത്തെ രാജ്യവുമാണ് ഇന്ത്യ. അമേരിക്ക , ചൈന , റഷ്യ എന്നീ രാജ്യങ്ങളാണ് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് വിജയിച്ച മറ്റ് രാജ്യങ്ങൾ.
ചന്ദ്രയാൻ രണ്ട് സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ അടുത്ത പദ്ധതിക്കായുള്ള പ്രവർത്തനങ്ങളെല്ലാം ആദ്യം മുതൽ ചെയ്യേണ്ടി വന്നുവെന്നും ചാന്ദ്രയാൻ രണ്ടിൽ നിന്നും ഒന്നും വീണ്ടെടുക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. "ചന്ദ്രയാൻ -2-ൽ എന്താണ് തെറ്റ് സംഭവിച്ചതെന്ന് മനസിലാക്കാൻ ആദ്യ വർഷം ചെലവഴിച്ചു, അടുത്ത വർഷം ഞങ്ങൾ എല്ലാം പരിഷ്കരിച്ചു. പിന്നീടുള്ള 2 വർഷം ഞങ്ങൾ പരീക്ഷണങ്ങൾ നടത്തി," എസ് സോമനാഥ് പറയുന്നു.
ബഹിരാകാശ ഗവേഷണ പ്രവർത്തനങ്ങളെ കോവിഡ് വ്യാപനം സാരമായി ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് എല്ലാ പദ്ധതികളും തകിടം മറിച്ചു. എന്നാൽ അപ്പോഴും ചില റോക്കറ്റുകൾ വിക്ഷേപിച്ച് കൊണ്ടിരുന്നു. കോവിഡിനുശേഷം പഴയപോലെ പ്രവർത്തനങ്ങൾ തുടരാൻ ഞങ്ങൾക്ക് സാധിച്ചതായും സോമനാഥ് പറഞ്ഞു.