ഇന്ത്യക്കാരെ ഇന്ത്യന്‍ മണ്ണില്‍നിന്ന് ബഹിരാകാശത്ത് എത്തിക്കാന്‍ ലക്ഷ്യമിടുന്ന ഗഗന്‍ പദ്ധതിക്കുവേണ്ടിയുള്ള പരീക്ഷണങ്ങളില്‍ നിര്‍ണായക നാഴികക്കല്ല് പിന്നിട്ട് ഐ എസ് ആര്‍ ഒ. പദ്ധതിയില്‍ ഉപയോഗിക്കുന്ന എല്‍വിഎം3 റോക്കറ്റിന്റെ ക്രയോജനിക് എന്‍ജിന്റെ അന്തിമ പരീക്ഷണം വിജയം. ഇതോടെ, ദൗത്യത്തില്‍ മനുഷ്യരെ വഹിക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും ക്രയോജനിക് എന്‍ജിന്‍ കൈവരിച്ചു.
ആളില്ലാ പേടകം ബഹിരാകാശത്തേക്ക് അയച്ചുള്ള ഒന്നാം ഗഗന്‍യാന്‍ ദൗത്യത്തിനു തയാറെടുക്കുകയാണ് ഐഎസ്ആര്‍ഒ. ഇതിനു മുന്‍പായാണ് ഹ്യൂമന്‍ റേറ്റഡ് എല്‍വിഎം3 (എച്ച്എല്‍വിഎം3) റോക്കറ്റിന്റെ ഹ്യൂമന്‍ റേറ്റിങ് പരീക്ഷണം വിജയം കണ്ടിരിക്കുന്നത്. ഫെബ്രുവരി 13നാണ് റോക്കറ്റിന്റെ ക്രയോജനിക് എന്‍ജിനായ സിഇ 20യുടെ അന്തിമ ഗ്രൗണ്ട് ക്വാളിഫിക്കേഷന്‍ പരീക്ഷണം നടന്നത്.
തമിഴ്‌നാട് മഹേന്ദ്രഗിരിയിലെ ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് ടെസ്റ്റ് കേന്ദ്രത്തിലായിരുന്നു പരീക്ഷണം. ഏഴ് വാക്വം ഇഗ്‌നിഷന്‍ ടെസ്റ്റുകളുടെ പരമ്പരയിലെ അവസാനത്തെ പരീക്ഷണമാണ് 13ന് നടന്നത്. റോക്കറ്റ് കുതിക്കുമ്പോഴുണ്ടാകുന്ന വ്യത്യസ്ത പ്രവര്‍ത്ത സാഹചര്യങ്ങള്‍ സൃഷ്ടിച്ചായിരുന്നു പരീക്ഷണം.
മനുഷ്യ റേറ്റിങ് മാനദണ്ഡങ്ങള്‍ കൈവരിക്കുന്നതിന് തുടര്‍ച്ചായി 6350 സെക്കന്‍ഡാണ് സിഇ20 എന്‍ജിന്‍ പ്രവര്‍ത്തിണ്ടേത്. എന്നാല്‍ നാല് എന്‍ജിനുകള്‍ വ്യത്യസ്ത പ്രവര്‍ത്തന സാഹചര്യത്തില്‍ 39 ഹോട്ട് ഫയറിങ് ടെസ്റ്റുകളിലായി 8810 സെക്കന്‍ഡ് വിജയരമായി പ്രവര്‍ത്തിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു.
ഈ വര്‍ഷം പകുതിയോടെ ആദ്യ ഗഗന്‍യാന്‍ ദൗത്യം വിക്ഷേപിക്കാനാണ് ഐസ്ആര്‍ഒ ലക്ഷ്യമിടുന്നത്. 2025 ഓടെയാണ് മനുഷ്യരെ വഹിച്ചുള്ള ദൗത്യം.
വിക്ഷേപിച്ച് നിശ്ചിത ദിവസം ബഹിരാകാശത്ത് തുടരാന്‍ അനുവദിക്കുന്ന പേടകത്തെ പാരച്യൂട്ടിന്റെ സഹായത്തോടെ സുരക്ഷിതമായി കടലില്‍ വീഴ്ത്തി വീണ്ടെടുക്കുകയാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ഒന്നാം ദൗത്യത്തിനുമുന്നോടിയായി ഗന്‍യാന്റെ പാരച്യൂട്ട് സംവിധാനങ്ങളുടെ കാര്യക്ഷമത തെളിയിക്കാന്‍ ലക്ഷ്യമിടുന്ന ടിവി ഡി-2 പരീക്ഷണം ഉടന്‍ നടത്താനിരിക്കുകയാണ് ഐഎസ്ആര്‍ഒ.
മനുഷ്യരെ വഹിക്കുന്ന ദൗത്യങ്ങള്‍ സുരക്ഷിതമാക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നേരത്തെ വിജയകരമായി നടത്തിയിരുന്നു. ക്രൂ എസ്‌കേപ്പ് സിസ്റ്റം ഉള്‍പ്പെടുന്ന ആദ്യ അബോര്‍ട്ട് പരീക്ഷണമായ ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍ -1 (ടിവി ഡി-1) ഒക്ടോബര്‍ 21നായിരുന്നു വിജയകരമായി പരീക്ഷിച്ചത്. ബഹിരാകാശത്തുവച്ച് റോക്കറ്റില്‍നിന്ന് ക്രൂ മൊഡ്യൂള്‍ മാതൃക ബംഗാള്‍ ഉള്‍ക്കടലില്‍ വീഴ്ത്തുകയും തുടര്‍ന്ന് വീണ്ടെടുക്കുകയും ചെയ്തതായിരുന്നു ഈ പരീക്ഷണം.
ബഹിരാകാശ വാഹനങ്ങള്‍ ഭൂമിയില്‍ തിരിച്ചിറക്കുന്ന സാങ്കേതികവിദ്യ നിലവില്‍ ഐഎസ്ആര്‍ഒയ്ക്കില്ല. ഇതുസംബന്ധിച്ച പരീക്ഷണങ്ങള്‍ നടക്കുകയാണ്. ഇത് ലക്ഷ്യം കാണുംവരെ വിക്ഷേപിച്ച പേടകങ്ങള്‍ കടലിറക്കി തിരിച്ചെടുക്കുക മാത്രമേ മാര്‍ഗമുള്ളൂ.
പുനരുപയോഗ വിക്ഷേപണ വാഹനത്തിന്റെ (ആര്‍എല്‍വി) സ്വയം നിയന്ത്രിത ലാന്‍ഡിങ് പരീക്ഷണം കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ഏയ്റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം. വിക്ഷേപണ വാഹനങ്ങള്‍ പൂര്‍ണമായും പുനരുപയോഗിക്കാനാകുന്ന സാങ്കേതിക വിദ്യ, ചെലവ് കുറഞ്ഞ ബഹിരാകാശ ദൗത്യത്തിന് സഹായകമാകും.