ചന്ദ്രയാന്‍, ഗഗന്‍യാന്‍, മംഗള്‍യാന്‍ എന്നീ ദൗത്യങ്ങള്‍ക്കു പിന്നാലെ ശുക്ര ഗ്രഹത്തെ പഠിക്കാനുള്ള ശുക്രയാന്‍ ദൗത്യത്തിനുള്ള തയാറെടുപ്പിന്റെ അന്തിമഘട്ടത്തിലാണ് ഇന്ത്യ. ഭാവിയിലെ ശുക്രദൗത്യങ്ങള്‍ക്കായി വിവരങ്ങള്‍ കണ്ടെത്താന്‍ ലക്ഷ്യമിടുന്ന ശുക്രയാന്‍ ദൗത്യം 2028 മാര്‍ച്ചില്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചു. വീനസ് ഓര്‍ബിറ്റര്‍ മിഷന്‍ (വിഒഎം) എന്നു പേരുള്ള ദൗത്യം വിക്ഷേപണത്തിനുശേഷം 112 ദിവസം യാത്ര ചെയ്ത ശേഷമായിരിക്കും ശുക്രന്റെ ഭ്രമണപഥത്തിലെത്തുക.
ഭാവിയിലെ ശുക്രദൗത്യങ്ങള്‍ക്കായി സുപ്രധാന വിവരങ്ങള്‍ കണ്ടെത്താന്‍ ലക്ഷ്യമിടുന്ന ശുക്രയാന് 1236 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 19 ഉപകരണങ്ങള്‍ വിവിധ പഠനങ്ങള്‍ക്കായി ദൗത്യത്തിലുണ്ടാകും. ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ ശ്രദ്ധേയമായ കാല്‍വയ്പായിരിക്കും ശുക്രയാന്‍ എന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ഭൂമിയുടെ ഭാവിയെക്കുറിച്ചുള്ള പഠനമാണ് ഐഎസ് ആര്‍ഒ ലക്ഷ്യമിടുന്നത്.
നാസയും ജര്‍മന്‍ എയ്‌റോസ്‌പേസ് സെന്ററും സംയുക്തമായി നടത്തിയ ഗവേഷണത്തില്‍ കഴിഞ്ഞവര്‍ഷം ശുക്രനില്‍ ഓക്‌സിജന്‍ സാന്നിധ്യം കണ്ടെത്തിയിരുന്നു
ഭൂമിയുടെ ഇരട്ടയെന്ന് വിളിക്കപ്പെടുന്ന ഗ്രഹമായ ശ്രുക്രനില്‍ ഒരുകാലത്ത് സമുദ്രങ്ങളുണ്ടായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഭൂമിക്ക് സമാനമായ ഘടനയാണ് ശുക്രന്റേതെങ്കിലും ഉപരിതല താപനില നിലവില്‍ 470 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണെന്നാണ് വിലയിരുത്തല്‍.
ശുക്രന്റെ കാലാവസ്ഥയെ ഭൂമിയുമായി താരതമ്യപ്പെടുത്തി പഠിക്കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷ ചലനാത്മകത, ഗ്രഹപരിണാമം എന്നിവയെക്കുറിച്ചുള്ള സൂചനകള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ പ്രതീക്ഷ. പര്യവേഷണം വിജയകരമായാല്‍ ബഹിരാകാശ ഗവേഷണമേഖലയില്‍ ഇന്ത്യ മുന്‍നിരയിലെത്തുമെന്നാണ് ഐഎസ്ആര്‍ഒ പ്രതീക്ഷിക്കുന്നത്.
നാസയും ജര്‍മന്‍ എയ്‌റോസ്‌പേസ് സെന്ററും സംയുക്തമായി നടത്തിയ ഗവേഷണത്തില്‍ കഴിഞ്ഞവര്‍ഷം ശുക്രനില്‍ ഓക്‌സിജന്‍ സാന്നിധ്യം കണ്ടെത്തിയിരുന്നു. അന്തരീക്ഷത്തിന്റെ രണ്ട് അടുക്കുകള്‍ക്കിടയില്‍ ഒരു നേര്‍ത്ത പാട പോലെയാണ് ഓക്‌സിജന്‍ കണ്ടെത്തിയത്. എന്നാല്‍ ഭൂമിയില്‍ ശ്വസനത്തിന് സഹായിക്കുന്ന രണ്ട് ആറ്റങ്ങളുടെ സംയുക്തമായ ഓക്‌സിജന്‍ വാതകമല്ല മറിച്ച് ഒറ്റ ഓക്‌സിജന്‍ ആറ്റമുള്ളതാണ്. സൂര്യനില്‍നിന്നുള്ള അള്‍ട്രാവയലറ്റ് വികിരണങ്ങളാണ് ശ്രുക്രനില്‍ ഓക്‌സിന്‍ ഉത്പാദിപ്പിക്കപ്പെടാന്‍ കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍.
ഭൂമിയില്‍നിന്ന് നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന ഗ്രഹങ്ങളില്‍ ഒന്നുകൂടിയാണ് ശുക്രന്‍. ഭൂമിയുടെ രാത്രി ആകാശത്തിലെ ചന്ദ്രന്‍ കഴിഞ്ഞാല്‍ ഏറ്റവും തിളക്കമുള്ള പ്രകൃതിദത്ത വസ്തുവായി ഇത് കണക്കാക്കപ്പെടുന്നു. ശുക്രന്റെ ഉപരിതലത്തിലുള്ള അന്തരീക്ഷമര്‍ദം ഭൂമിയുടെ സമുദ്രനിരപ്പിന്റെ ഏകദേശം 92 മടങ്ങാണ്. സൗരയൂഥത്തിലെ ഏറ്റവും ചൂടേറിയ ഗ്രഹമായി കണക്കാക്കപ്പെടുന്ന ശുക്രന്‍ ഭൂമിയുടെ എതിര്‍ ദിശയിലാണ് കറങ്ങുന്നത്. അതായത് ശുക്രനില്‍ സൂര്യന്‍ പടിഞ്ഞാറ് ഉദിച്ച് കിഴക്ക് അസ്തമിക്കുന്നു.