ചന്ദ്രയാൻ മൂന്ന് പകർത്തിയ ചന്ദ്രന്റെ ഏറ്റവും പതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ചന്ദ്രയാൻ-3 ലെ ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ ക്യാമറ (എൽപിഡിസി)യും ലാൻഡർ ഇമേജർ ക്യാമറ ഒന്നും പകർത്തിയ ദൃശ്യങ്ങളാണ് ഐഎസ്ആർഒ പങ്കുവച്ചത്. ചന്ദ്രന്റെ ഭൂമിക്ക് എതിർവശമുള്ള പ്രദേശത്തിന്റെ ചിത്രമാണ്, പരിക്രമണം നടത്തുന്നതിനിടെ പേടകം പകർത്തിയത്.
ചന്ദ്രയാൻ മൂന്ന് പകർത്തിയ ചന്ദ്രന്റെ എറ്റവും അരികെ നിന്നുള്ള ആദ്യത്തെ ദൃശ്യങ്ങൾ രണ്ടുദിവസം മുൻപാണ് ഐഎസ്ആർഒ പുറത്തുവിട്ടത്. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ മൊഡ്യൂൾ വേർപെട്ടതിനുപിന്നാലെയാണ് ലാൻഡർ ഇമേജർ ക്യാമറ ഒന്ന് ദൃശ്യങ്ങൾ പകർത്തിയത്. ഓഗസ്റ്റ് 15 നാണ് ലാൻഡർ പൊസിഷൻ ഡിറ്റെക്ഷൻ ക്യാമറ ദൃശ്യങ്ങൾ പകർത്തിയത്.
ഞായറാഴ്ച പുലർച്ചയോടെയാണ് രണ്ടാംഘട്ട ഡീബൂസ്റ്റിങ് പ്രക്രിയ പൂർത്തിയായത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു ആദ്യത്തെ ഡീ ബൂസ്റ്റിങ് പ്രക്രിയ. മൊഡ്യൂൾ ആന്തരിക പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമായിരിക്കും സോഫ്റ്റ് ലാൻഡിങ്ങെന്ന് ഐഎസ്ആർഒ അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 23ന് വൈകീട്ട് 5.45നാണ് ചന്ദ്രയാൻ 3 നിലവിലെ ഭ്രമണപഥം വിട്ട് ചന്ദ്രോപരിതലത്തിലേക്കുള്ള യാത്ര തുടങ്ങുക. ആറുമണി കഴിഞ്ഞ് നാല് മിനിറ്റാകുമ്പോൾ സോഫ്റ്റ് ലാൻഡിങ് പൂർത്തിയാകുമെന്നാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്.
ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 പേടകത്തിലെ ലാൻഡർ മൊഡ്യൂൾ ഓഗസ്റ്റ് 17നാണ് പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെട്ട് സ്വതന്ത്ര സഞ്ചാരം തുടങ്ങിത്. ഡീബൂസ്റ്റിങ്ങിന് പിന്നാലെ പേടകത്തെ പൂർണ നിയന്ത്രണത്തിലാക്കി സോഫ്റ്റ് ലാൻഡിങ്ങിനായി സജ്ജമാക്കാൻ തയ്യാറെടുത്തിരിക്കുകയാണ് ഐഎസ്ആർഒ. സെക്കൻഡിൽ രണ്ട് കിലോമീറ്ററോളം വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തെ സെക്കൻഡിൽ 1-2 മീറ്റർ വേഗത്തിലേക്ക് നിയന്ത്രിച്ചാണ് സോഫ്റ്റ് ലാൻഡിങ് നടത്തുക. മുഴുവന്‍ സെന്‍സറുകളും രണ്ട് എഞ്ചിനും തകരാറിലായാലും സോഫ്റ്റ്ലാന്‍ഡിങ് വിജയകരമായി നടത്താനാകുംവിധം വിവിധ പരീക്ഷണങ്ങളും പരിശോധനകളും പൂര്‍ത്തിയാക്കിയാണ് ലാന്‍ഡര്‍ തയ്യാറാക്കിയിരിക്കുന്നത്.