Science

2035 ൽ ബഹിരാകാശ നിലയം, 2040 ൽ ഇന്ത്യൻ യാത്രികർ ചന്ദ്രനിൽ; ഐ എസ് ആർ ഒയ്ക്ക് മുന്നിൽ പുതിയ ലക്ഷ്യങ്ങളുമായി പ്രധാനമന്ത്രി

ശുക്രൻ, ചൊവ്വ എന്നി ഉൾപ്പെടെയുള്ള ഗ്രഹാന്തര ദൗത്യങ്ങൾ ആസൂത്രണം ചെയ്യാനും പ്രധാനമന്ത്രി അഭ്യർഥിച്ചു

വെബ് ഡെസ്ക്

ചന്ദ്രയാൻ-3ന്റെ വിജയവും ആദിത്യ എൽ1 ന്റെ കുതിപ്പുമായി മുന്നേറുന്ന ഐ എസ് ആർ ഒയ്ക്ക് മുന്നിൽ പുതിയ ബഹിരാകാശ ലക്ഷ്യങ്ങൾ മുന്നോട്ടുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം 2035 ഓടെയും ഇന്ത്യൻ യാത്രികരെ ചന്ദ്രനിലെത്തിക്കുന്നത് 2040 ഓടെയും യാഥാർഥ്യമാകണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. ശുക്രനെ വലംവയ്ക്കുന്നതും ചൊവ്വയിൽ ഇറങ്ങുന്നതും ഉൾപ്പെടെയുള്ള ഗ്രഹാന്തര ദൗത്യങ്ങൾ ആസൂത്രണം ചെയ്യാനും പ്രധാനമന്ത്രി ശാസ്ത്രജ്ഞരോട് അഭ്യർഥിച്ചു.

ഗഗൻയാൻ ദൗത്യത്തിന്റെ അവലോകനത്തിനും ഭാവി ബഹിരാകാശ പര്യവേഷണ പരിപാടികൾക്ക് രൂപം നൽകാനുമായി തന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് രാജ്യത്തിന്റെ ബഹിരാകാശക്കുതിപ്പിന് മുന്നിൽ പ്രധാനമന്ത്രി പുതിയ സ്വപ്നങ്ങൾ തുറന്നിട്ടത്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തെ നാഴികക്കല്ലായി മാറാൻ പോകുന്ന ഗഗൻയാൻ ദൗത്യം 2025ൽ വിക്ഷേപിക്കുമെന്ന് യോഗത്തിൽ സ്ഥിരീകരണമുണ്ടായി.

ഇന്ത്യക്കാരെ ഇന്ത്യൻ മണ്ണിൽനിന്ന് ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യത്തെക്കുറിച്ചുള്ള സമഗ്ര അവലോകനം ബഹിരാകാശ വകുപ്പ് യോഗത്തിൽ അവതരിപ്പിച്ചു. ഗഗൻയാൻ ദൗത്യത്തിന്റെ മുന്നോടിയായുള്ള ആളില്ലാ പേടക പരീക്ഷണങ്ങളുടെ തയ്യാറെടുപ്പുകൾ യോഗം വിലയിരുത്തി.

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുകയെന്നത് നിരവധി പ്രതിബന്ധങ്ങൾ കടന്ന് എത്തിച്ചേരേണ്ട ലക്ഷ്യമാണെന്നാണ് ഐ എസ് ആർ ഒ അവതരിപ്പിച്ച വിശദമായ പദ്ധതി വ്യക്തമാക്കുന്നത്. മനുഷ്യരെ സുരക്ഷിതമായി കൊണ്ടുപോകാൻ കഴിയുന്ന വാഹനം യാഥാർഥ്യമാക്കുകയാണെന്നതാണ് ഇക്കാര്യത്തിൽ ആദ്യ പടി.

ദൗത്യം യാഥാർഥ്യമാക്കുന്നതിന് മുന്നോടിയായി ഇരുപതോളം വ്യത്യസ്ത പരീക്ഷണങ്ങൾ വിജയകരമാക്കേണ്ടതുണ്ട്. ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിളി (എച്ച് എൽ വി എം3)ന്റെ മൂന്ന് ആളില്ലാ ദൗത്യങ്ങൾ ഇവയിൽ ഉൾപ്പെടുന്നു. ഈ പരീക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ദൗത്യം പരാജയപ്പെടുകയാണെങ്കിൽ യാത്രികരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ കഴിയുന്ന ക്രൂ എസ്കേപ്പ് സംവിധാനം യാഥാർഥ്യമാക്കുകയാണ്. ഇതിനുള്ള നാല് ഫ്ലൈറ്റ് ടെസ്റ്റ് വെഹിക്കിൾ അബോർട്ട് ദൗത്യങ്ങളിൽ ആദ്യത്തേതിന് സജ്ജമായിരിക്കുകയാണ് ഐ എസ് ആർ ഒ. 21ന് രാവിലെ ഏഴ് മുതൽ ഒൻപത് നീളുന്നതാണ് ഈ പരീക്ഷണം.

എന്താണ് വെഹിക്കിൾ അബോർട് മിഷൻ?

ബഹിരാകാശത്തേക്കുള്ള യാത്രയ്ക്കിടെ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ യാത്രികരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സ്വീകരിക്കുന്ന നടപടികളും അതിനുപയോഗിക്കുന്ന സാങ്കേതിക സന്നാഹങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പിക്കുന്നതാണ് ഈ ദൗത്യം. യാത്രികർ ഇരിക്കുന്ന ക്രൂ മൊഡ്യൂളുമായി കുതിച്ചുയരുന്ന റോക്കറ്റ് യാത്ര പകുതിയിൽ വച്ച് അവസാനിപ്പിക്കേണ്ട സാഹചര്യം സൃഷ്ടിക്കും. ഈ സാഹചര്യത്തെ സ്വാഭാവികമായി ക്രൂ എസ്കേപ്പ് സംവിധാനം കൈകാര്യം ചെയ്ത് സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

റോക്കറ്റ് 17 കിലോമീറ്റർ ഉയരത്തിലെത്തുമ്പോഴായിരിക്കും യാത്രികരെ തിരിച്ചിറക്കാനുള്ള പ്രക്രിയ ആരംഭിക്കുക. റോക്കറ്റിൽനിന്ന് വേർപെടുന്ന ക്രൂ എസ്‌കേപ്പ് സിസ്റ്റം സുരക്ഷിത അകലത്തിലേക്ക് മാറും. തുടർന്ന് അതിൽനിന്ന് യാത്രികർ ഇരിക്കുന്ന ക്രൂ മൊഡ്യൂൾ വേർപെടുകയും കടലിൽ പതിക്കാനുള്ള പ്രക്രിയ ആരംഭിക്കുകയും ചെയ്യും. പാരച്യൂട്ടുകളുടെ സഹായത്താടെ വേഗം നിയന്ത്രിച്ചാണ് ക്രൂ മൊഡ്യൂൾ ബംഗാൾ ഉൾക്കടലിൽ ശ്രീഹരിക്കോട്ടയിൽ നിന്ന് 10 കിലോമീറ്റർ അകലെ സുരക്ഷിതമായി പതിക്കുക. തുടർന്ന് ക്രൂ മൊഡ്യൂളിനെ നാവികസേനയുടെ കപ്പലിന്റെയും ഡൈവിങ് സംഘത്തിന്റെയും സഹായത്തോടെ വീണ്ടെടുക്കും.

എന്താണ് ഗഗൻയാൻ?

മൂന്ന് പേർ ഉൾപ്പെടുന്ന ഇന്ത്യൻ ബഹിരാകാശ യാത്രാ സംഘത്തെ 400 കിലോമീറ്റർ ഉയരത്തിൽ എത്തിക്കുന്ന പദ്ധതിയാണ് ഗഗൻയാൻ. ക്രൂ മൊഡ്യൂളിൽ മൂന്ന് ദിവസം ബഹിരാകാശത്ത് ചെലവഴിച്ച് വിവിധ പരീക്ഷണങ്ങൾ നടത്തുന്ന യാത്രികരെ തിരികെ കടലിൽ സുരക്ഷിതമായി ഇറക്കുന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. യാത്രികരെ കരയിൽ തിരിച്ചിറക്കാനുള്ള സംവിധാനം നിലവിൽ ഇന്ത്യയ്ക്ക് ഇല്ല. അതിനാലാണ് കടലിൽ ഇറക്കുന്നത്.

ഈ പരീക്ഷണങ്ങൾ തുടങ്ങുന്നതിനു മുമ്പ്, മനുഷ്യരെ വഹിക്കാൻ കഴിയുന്ന സുരക്ഷിത വാഹനങ്ങൾ യാഥാർഥ്യമാക്കണം. ഭൂമിയിലേതുപോലുള്ള സാഹചര്യം നിലനിർത്താൻ ആവശ്യമായ ലൈഫ് സപ്പോർട്ട് സംവിധാനങ്ങൾ ഉറപ്പാക്കണം. അടിയന്തര സാഹചര്യങ്ങളിൽ ക്രൂ അംഗങ്ങൾക്ക് തിരിച്ചിറങ്ങാനാവശ്യമായ പരിശീലനവും നൽകണം.

ഗഗൻ പദ്ധതി വിജയിച്ചാൽ അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന നാലാമത്തെ രജ്യമാകും ഇന്ത്യ.

ഭാവി ബഹിരാകാശ, ഗ്രഹാന്തര ദൗത്യങ്ങളുടെ കാര്യത്തിൽ പുതിയ കാഴ്ചപ്പാട് യാഥാർഥ്യമാക്കുന്നതിന് ബഹിരാകാശ വകുപ്പ് രൂപ മാർഗരേഖ തയാറാക്കുമെന്ന് ഇന്ന് ചേർന്ന അവലോകന യോഗത്തിനുശേഷം പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ചന്ദ്രയാൻ ദൗത്യങ്ങളുടെ പരമ്പര, അടുത്ത തലമുറ വിക്ഷേപണ വാഹനം (എൻ ജി എൽ വി), പുതിയ വിക്ഷേപണത്തറയുടെ നിർമാണം, ലബോറട്ടറികൾ സ്ഥാപിക്കൽ, അനുബന്ധ സാങ്കേതികവിദ്യകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുമെന്നും പ്രസ്താവനയിൽ പറയുന്നു.

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം