ബഹിരാകാശ പര്യവേക്ഷണം ശക്തിപ്പെടുത്തുന്നതിനും ബഹിരാകാശ ഗവേഷണരംഗത്ത് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഐഎസ്ആര്‍ഒ - നാസ ധാരണ. നാസയുമായുള്ള ആര്‍ട്ടെമിസ് കരാറില്‍ ഐഎസ്ആര്‍ഒ ഒപ്പുവെച്ചു. കരാറുകള്‍ പ്രകാരം ഇന്ത്യയും യുഎസും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് മനുഷ്യനെ എത്തിക്കാനുളള ബഹിരാകാശ ദൗത്യത്തിലും പങ്കാളികളാകും. ഇന്ത്യയുടെ ബഹിരാകാശ നയത്തെ യുഎസുമായി യോജിപ്പിക്കുന്നതിനായാണ് പ്രധാനമായും ആര്‍ട്ടെമിസ് ഉടമ്പടി ഒപ്പിടുന്നത്.
യുഎസുമായി ഇത്തരമൊരു ഉഭയകക്ഷി ഉടമ്പടിയില്‍ ഒപ്പുവെക്കുന്ന 27-ാമത്തെ രാജ്യമാണ് ഇന്ത്യ. ബഹിരാകാശ വസ്തുക്കളുടെ കര്‍ശനമായ രജിസ്‌ട്രേഷന്‍, മെച്ചപ്പെട്ട അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യല്‍, ജൈവ മലിനീകരണം ഒഴിവാക്കല്‍, ശാസ്ത്രീയ അറിവ് പങ്കിടല്‍, ബഹിരാകാശ ഏജന്‍സികള്‍ക്കിടയില്‍ അനുയോജ്യമായ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവ കരാര്‍ ആവശ്യപ്പെടുന്നു. പര്യവേക്ഷണത്തില്‍ ഇരുരാജ്യങ്ങള്‍ക്കും പങ്കാളിത്തമുണ്ട്. ചൈന ചെയ്തതുപോലെ ഉപഗ്രഹങ്ങളെ നശിപ്പിക്കല്‍, ബഹിരാകാശനിലയത്തില്‍ അവശിഷ്ടങ്ങള്‍ സൃഷ്ടിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുല്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഉടമ്പടിയില്‍ ഒപ്പുവെച്ച രാജ്യങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. ചൈനയും റഷ്യയും കരാര്‍ ഒപ്പിട്ടിട്ടില്ല.
കരാര്‍ ഒപ്പുവെക്കുന്ന രാജ്യങ്ങള്‍ക്ക് നാസയുടെ ആര്‍ട്ടെമിസ് മിഷനില്‍ പങ്കെടുക്കാം. ഇത് ചന്ദ്രനിലേക്കും അതിന് ചുറ്റുമുള്ള ഭ്രമണപഥത്തിലേക്കും നിരവധി സങ്കീര്‍ണ്ണമായ മനുഷ്യ ദൗത്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സഹായിക്കും. കരാറിന്റെ ഭാഗമായ രാജ്യങ്ങള്‍ എയ്റോസ്പേസ് വിതരണ ശൃംഖലയുടെ ഭാഗമാകുകയും ആര്‍ട്ടെമിസ് വികസിപ്പിക്കുന്ന ശാസ്ത്ര സാങ്കേതികതയിലേക്ക് പ്രവേശനം നേടുകയും ചെയ്യുന്നു.
മനുഷ്യന്റെ ബഹിരാകാശ യാത്രയെയും ബഹിരാകാശത്തെ സുസ്ഥിര സാന്നിധ്യം ഉറപ്പിക്കുക എന്നതാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ ഇന്ത്യയുടെ ബഹിരാകാശ നയത്തിലെ പ്രധാന ലക്ഷ്യം. ബഹിരാകാശ നിലയങ്ങളിലും ചന്ദ്രനിലും മനുഷ്യ സാന്നിധ്യം നിലനിര്‍ത്തുന്നതിനുള്ള സാങ്കേതികവിദ്യയും അടിസ്ഥാന സൗകര്യങ്ങളും ഐഎസ്ആര്‍ഒ വികസിപ്പിക്കും. ബഹിരാകാശത്തെ വിഭവ വിനിയോഗം പഠിക്കാനും വെള്ളത്തിനും ധാതുക്കള്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ നടത്തുന്നതിലേക്കും ഐഎസ്ആര്‍ഒയുടെ പങ്ക് വിപുലമാകും.
ബഹിരാകാശത്തിലേക്ക് മനുഷ്യനെ എത്തിക്കുകയെന്ന ദൗത്യത്തിലേക്ക് ഐഎസ്ആര്‍ഒയെ സഹായിക്കാന്‍ നാസയുമായുള്ള പുതിയ പങ്കാളിത്തം കൊണ്ട് സാധിക്കും. മനുഷ്യര്‍ക്ക് സുരക്ഷിതമായ ബഹിരാകാശ പരിതസ്ഥിതികള്‍ നിര്‍മ്മിക്കുന്നതില്‍ ഐഎസ്ആര്‍ഒയ്ക്ക് നിലവില്‍ വൈദഗ്ധ്യമില്ല. ബഹിരാകാശത്തേക്ക് റോക്കറ്റുകള്‍ അയക്കുന്നത് പോലെയല്ല ചെറിയ സമയത്തേക്ക് പോലും മനുഷ്യരെ അയയ്ക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെന്നപോലെ കൂടുതല്‍ സമയത്തേക്ക് ആളുകളെ അയയ്ക്കുന്നത് കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാണ്. ചന്ദ്രനിലും അതിന് ചുറ്റുമുള്ള ഭ്രമണപഥത്തിലും സ്ഥിരമായ ഒരു ആവാസവ്യവസ്ഥ സ്ഥാപിക്കുകയാണ് ആര്‍ട്ടിമിസ് മിഷന്‍ ലക്ഷ്യമിടുന്നത്. ഇത് വലിയ വെല്ലുവിളികള്‍ നിറഞ്ഞതാണ്.
ഹ്രസ്വകാലത്തേക്ക് പോലും ബഹിരാകാശത്ത് ജീവിക്കാന്‍ മനുഷ്യര്‍ക്ക് ഓക്‌സിജനും ജലവിതരണവും ശരീര മാലിന്യങ്ങള്‍ നിര്‍വീര്യമാക്കാനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കണം. കടുത്ത ചൂടില്‍ നിന്നും തണുപ്പില്‍ നിന്നും ഉയര്‍ന്ന തോതിലുള്ള റേഡിയേഷനില്‍ നിന്നും ബഹിരാകാശയാത്രികരെ സംരക്ഷിക്കണം ഇത്തരം നിരവധി സങ്കീര്‍ണതകള്‍ നിറഞ്ഞ ദൗത്യമാണിത്.
തുടക്കത്തില്‍, ബഹിരാകാശയാത്രികരെ റഷ്യയിലേക്ക് പരിശീലനത്തിനായി അയക്കുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചിരുന്നു (1984 ല്‍ സോവിയറ്റ് ദൗത്യത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ് ബഹിരാകാശത്തെത്തിയ ആദ്യത്തെ ഇന്ത്യക്കാരനായ രാകേഷ് ശര്‍മ്മ അവിടെ പരിശീലനം നേടിയിരുന്നു). കൂടാതെ, സെമി ക്രയോജനിക് എഞ്ചിനുകള്‍ പോലുള്ള പുതിയ സാങ്കേതികവിദ്യകള്‍ ഉക്രെയ്‌നില്‍ പരീക്ഷിക്കാന്‍ ഐഎസ്ആര്‍ഒ ശ്രമിച്ചിരുന്നു. ആ പദ്ധതികളാണ് ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. ഐഎസ്ആര്‍ഒയ്ക്ക് ആവശ്യമായ സാങ്കേതികവിദ്യകള്‍ വേഗത്തില്‍ മനസ്സിലാക്കാനും ഇന്ത്യയുടെ ബഹിരാകാശ വ്യവസായത്തിന് പുതു ജീവന്‍ നല്‍കാനും നാസയുടെ ആര്‍ട്ടെമിസ് ഉടമ്പടിയുടെ സഹകരണം സഹായിക്കും.