ആർഎൽവി ലാൻഡിങ് പരീക്ഷണം ISRO
Science

വീണ്ടും ഐഎസ്ആർഒ കുതിപ്പ്; പുനരുപയോഗ വിക്ഷേപണ വാഹനത്തിന്റെ ലാൻഡിങ് പരീക്ഷണം വിജയകരം

വിക്ഷേപണ വാഹനങ്ങള്‍ പൂര്‍ണമായും പുനരുപയോഗിക്കാനാകുന്ന സാങ്കേതിക വിദ്യ, വാണിജ്യ വിക്ഷേപണ രംഗത്ത് ഐഎസ്ആർഒയ്ക്ക് മേൽക്കൈ നൽകും

വെബ് ഡെസ്ക്

ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക ചുവടുവച്ച് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒ. പുനരുപയോഗ വിക്ഷേപണ വാഹനത്തിന്‌റെ (RLV) സ്വയം നിയന്ത്രിത ലാന്‍ഡിങ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ഏയ്‌റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം. വിക്ഷേപണ വാഹനങ്ങള്‍ പൂര്‍ണമായും പുനരുപയോഗിക്കാനാകുന്ന സാങ്കേതിക വിദ്യ, ചെലവ് കുറഞ്ഞ ബഹിരാകാശ ദൗത്യത്തിന് സഹായകമാകും.

പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) യുടെയും ഇന്ത്യന്‍ വ്യോമസേനയുടെയും സഹകരണത്തോടെയാണ് പരീക്ഷണം നടത്തിയത്. പുനരുപയോഗ വിക്ഷേപണ വാഹനം ഉപയോഗിക്കുന്നതിലെ നിര്‍ണായക പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്ററില്‍ ആര്‍എല്‍വി നിശ്ചിത ഉയരത്തിലെത്തിക്കുകയും വിട്ടയക്കുകയുമായിരുന്നു. 30 മിനിറ്റിന് ശേഷം വിക്ഷേപണവാഹനം സ്വയം നിയന്ത്രിത ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കി.

Reusable Launch Vehicle Autonomous Landing Mission (RLV LEX) graphical representation

പുലര്‍ച്ചെ 7.10 നാണ് ആര്‍എല്‍വിയുമായി ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. 4.6 കിലോമീറ്റര്‍ ഉയരത്തിലായിരുന്നു ഹെലികോപ്റ്ററില്‍ നിന്ന് വിക്ഷേപണവാഹനം വേര്‍പ്പെടുത്തിയത്. ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തുന്നതിന് സമാനമായ സാഹചര്യങ്ങള്‍ പുനര്‍സൃഷ്ടിച്ചായിരുന്നു പരീക്ഷണം നടത്തിയത്. ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ച് സ്വയം ലാന്‍ഡ് ചെയ്യാന്‍ വിക്ഷേപണ വാഹനത്തിനായി. 7.40 നായിരുന്നു ലാൻഡിങ്. ഇതാദ്യമായാണ് സ്വയം നിയന്ത്രണ ലാന്‍ഡിങ് പരിശോധനയ്ക്ക് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.

നാസയുടെ സ്‌പേസ് ഷട്ടിലിന് സമാനമായ വിക്ഷേപണ വാഹനമാണ് ആര്‍എല്‍വി. ഉപഗ്രഹ വിക്ഷേപണത്തിന് ശേഷം ഭൂമിയില്‍ തിരിച്ചെത്തി പൂര്‍ണമായും പുനരുപയോഗിക്കാനുള്ള ആര്‍എല്‍വിയുടെ പരീക്ഷണമാണ് ഐഎസ്ആര്‍ഒ നടത്തിയത്. ഭാവിയില്‍ ബഹിരാകാശ ദൗത്യങ്ങളുടെ ചെലവ് കുറയ്ക്കാന്‍ പുനരുപയോഗ വിക്ഷേപണ വാഹനങ്ങളുടെ സാങ്കേതിക വിദ്യ സഹായകമാകും. വാണിജ്യ വിക്ഷേപണ രംഗത്ത് ഇന്ത്യയ്ക്കും ഐഎസ്ആര്‍ഒയ്ക്കും മേൽകൈ നൽകുന്നതാണ് പുനരുപയോഗ വിക്ഷേപണ വാഹനം. സ്പെസ് എക്സിന്റെ ഫാൽക്കൺ 9 അടക്കം ഈ ഗണത്തിൽ വരുന്ന വിക്ഷേപണ വാഹനമാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ