പുഷ്പക്  
Science

കൃത്യതയോടെ പറന്നിറങ്ങി 'പുഷ്പക്'; പുനഃരുപയോഗ വിക്ഷേപണ വാഹനത്തിന്റെ പരീക്ഷണം വീണ്ടും വിജയം

വെബ് ഡെസ്ക്

ഇന്ത്യയുടെ പുനഃരുപയോഗ വിക്ഷേപണ വാഹനമായ (റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍-ആര്‍എല്‍വി) പുഷ്പക്കിന്റെ പരീക്ഷണ ലാൻഡിങ് വിജയകരമാക്കി ഐഎസ്ആര്‍ഒ. കര്‍ണാടകയില്‍ ചിത്രദുര്‍ഗക്കു സമീപമുള്ള ചല്ലകെരയിലെ ഡിആര്‍ഡിഒയുടെ എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിൽ രാവിലെ ഏഴിനായിരുന്നു പരീക്ഷണം.

ആര്‍എല്‍വി എല്‍എക്‌സ്2 എന്ന പുഷ്പകിനെ വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നാലരക്കിലോമീറ്റര്‍ ഉയരത്തില്‍ എത്തിച്ച് സ്വതന്ത്രമാക്കി. തുടർന്ന് നാല് കിലോ മീറ്റർ അകലെനിന്ന് സ്വയം ദിശമാറ്റി വാഹനം ഐ എസ് ആർ ഒ ആസൂത്രണം ചെയ്തതുപോലെ റൺവേയിൽ കൃത്യമായി ഇറങ്ങുകയുമായിരുന്നു. ബ്രേക്ക് പാരച്യൂട്ട്, ലാൻഡിങ് ഗിയർ ബ്രേക്കുകൾ, നോസ് വീൽ സ്റ്റിയറിങ് സിസ്റ്റം എന്നിവ ഉപയോഗിച്ച് സ്വയം നിയന്ത്രിച്ചാണ് വാഹനം ലാൻഡ് ചെയ്തത്. ചെയർമാൻ എസ് സോമനാഥ് ഉൾപ്പെടെയുള്ള ഐ എസ് ആർ ഒ അധികൃതർ പരീക്ഷണം നേരിട്ട് വിലയിരുത്തി.

'' ഇസ്‌റോ അത് വീണ്ടും നേടി! സ്ഥിരതയില്ലാത്ത സ്ഥാനത്ത് എത്തിച്ച, ചിറകുള്ള വാഹനമായ പുഷ്പക് (ആർഎൽവി-ടിഡി) റൺവേയിൽ കൃത്യതയോടെ സ്വയം ലാൻഡ് ചെയ്തു," ഐ എസ് ആർ ഒ സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.

പുഷ്പകിന്റെ മൂന്നാമത്തെ പരീക്ഷണ ലാൻഡിങ്ങാണ് ഇന്നലെ നടന്നത്. കഴിഞ്ഞവർഷം ഏപ്രിലിൽ ഇന്നത്തേതിനു സമാനമായ റീ എൻട്രി പരീക്ഷണം ഐ എസ് ആർ ഒ നടത്തിയിരുന്നു. ചിനൂക് ഹെലികോപ്റ്റർ ഉപയോഗിച്ച് ആകാശത്തെത്തിച്ച വാഹനം ചിത്രദുർഗയിലെ റൺവേയിൽ ഇറക്കുകയായിരുന്നു. 2016ൽ ആയിരുന്നു ആദ്യ പരീക്ഷണം.

സങ്കീർണമായ സാഹചര്യങ്ങളിൽ റോബോട്ടിക് ലാൻഡിങ് കഴിവുകൾ മികച്ചതാക്കാൻ ലക്ഷ്യമിട്ടുള്ള പരീക്ഷണ പരമ്പരയുടെ ഭാഗമാണ് ഇന്നത്തെ ലാൻഡിങ്. ബഹിരാകാശത്തുനിന്ന് മടങ്ങുന്ന വാഹനം ഭൂമിയുടെ അന്തരീക്ഷത്തെ സുഗമമായി സമീപിക്കുന്നതും അതിവേഗ ലാന്‍ഡിങ്ങും വിജയകരമാകുമെന്ന് തെളിയിക്കുകയായിരുന്നു ലക്ഷം.

തിരുവനന്തപുരം തുമ്പയിലെ വിക്രം സാരാഭായി സ്പേസ് സെന്റർ (വി എസ് എസ് സി), വലിയമലയിലെ ലിക്വിഡ് പൊപ്പൽഷൻ സിസ്റ്റം സെന്റർ (എൽ പി എസ് സി), വട്ടിയൂർക്കാവിലെ ഐ എസ് ആർ ഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐ ഐ എസ് യു) എന്നിവ ചേർന്നാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. ഐഎഎഫ്, എഡിഇ, എഡിആര്‍ഡിഇ, സെമിലാക് എന്നിവയുള്‍പ്പെടെ വിവിധ ഏജന്‍സികളുടെ സഹകരണവും സഹായകമായിട്ടുണ്ടെന്ന് ഐഎസ്ആര്‍ഒ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ബഹിരാകാശത്തേക്ക് കുറഞ്ഞ ചെലവില്‍ പോയി തിരിച്ചെത്തുന്നതിന് പൂര്‍ണമായും പുനഃരുപയോഗിക്കാന്‍ പറ്റുന്ന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്ന ഐഎസ്ആര്‍ഒയുടെ ദൗത്യത്തിന്റെ ഭാഗമാണ് പുഷ്പക്. 10 വർഷം മുൻപാണ് പുനഃരുപയോഗ വിക്ഷേപണ വാഹനം എന്ന ആശയത്തിലേക്ക് ഐ എസ് ആർ ഒ കടക്കുന്നത്.

എക്‌സ്-33 അഡ്വാൻസ്‌ഡ് ടെക്‌നോളജി ഡെമോൺസ്‌ട്രേറ്റർ, എക്‌സ്-34 ടെസ്റ്റ്‌ബെഡ് ടെക്‌നോളജി ഡെമോൺസ്‌ട്രേറ്റർ, അപ്‌ഗ്രേഡ് ചെയ്‌ത ഡിസി-എക്‌സ് എ ഫ്ലൈറ്റ് ഡെമോൺസ്‌ട്രേറ്റർ തുടങ്ങി നിരവധി പ്രധാന ഘടകങ്ങൾ ഉൾപ്പെടുത്തിയ പൂർണമായും പുനരുപയോഗിക്കാവിക്കുന്ന സിംഗിൾ സ്റ്റേജ് ടു ഓർബിറ്റ് (എസ് എസ് ടി ഒ) വാഹനമായാണ് പുഷ്പക് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

പുഷ്പക് വാഹനം പൂർണമായും വികസിപ്പിക്കുന്നതിന് 100 കോടി രൂപയിലധികം രൂപ ചെലവ് വരും. ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യം പ്രദർശിപ്പിക്കുക മാത്രമല്ല ഈ പദ്ധതിയിലൂടെ ഐ എസ് ആർ ഒ ലക്ഷ്യമിടുന്നത്. 2035-ഓടെ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം (ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ) സ്ഥാപിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും പുഷ്പകിന്റെ വിജയം അനിവാര്യമാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും