Science

ബഹിരാകാശത്ത് വൈദ്യുതി ഉൽപ്പാദിപ്പിച്ച് ഐഎസ്ആർഒ; ഫ്യൂവൽ സെൽ പരീക്ഷണ വിജയം നൽകുന്നത് വൻ പ്രതീക്ഷ

തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വി എസ് എസ് സി) നിര്‍മിച്ച ഫ്യൂവല്‍ സെല്‍ പവര്‍ സിസ്റ്റം ഉത്പാദിപ്പിച്ചത് 180 വാട്ട് വൈദ്യുതി

വെബ് ഡെസ്ക്

ബഹിരാകാശത്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഐഎസ്ആര്‍ഒയുടെ പരീക്ഷണം വിജയം. പോളിമര്‍ ഇലക്ട്രോലൈറ്റ് മെംബ്രന്‍ ഫ്യൂവല്‍ സെല്‍ അധിഷ്ഠിത പവര്‍ സിസ്റ്റം (എഫ് സി പി എസ്) പരീക്ഷണമാണ് വിജയിച്ചത്. ജനുവരി ഒന്നിന് വിക്ഷേപിച്ച പിഎസ്എല്‍വി-സി58ന്റെ ഭാഗമായാണ് ഫ്യൂവല്‍ സെല്‍ പരീക്ഷിച്ചത്.

തമോഗര്‍ത്തങ്ങളെക്കുറിച്ച് പഠിക്കാന്‍ ലക്ഷ്യമിട്ടുള്ള എക്സ്‌പോസാറ്റ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നതിനായാണ് പിഎസ്എല്‍വി-സി58 റോക്കറ്റ് വിക്ഷേപിച്ചത്. റോക്കറ്റിന്റെ അവസാന ഘട്ടത്തില്‍ പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്സ്പിരിമെന്റല്‍ മൊഡ്യൂള്‍-3 (പോയം-3) ഉള്‍പ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഫ്യൂവല്‍ സെല്‍ പരീക്ഷണം നടത്തിയത്.

എക്സ്‌പോസാറ്റിനെ 650 കിലോ മീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ചശേഷം റോക്കറ്റിന്റെ അവസാന ഘട്ടത്തെ 350 കിലോ മീറ്ററിലേക്ക് താഴ്ത്തുകയായിരുന്നു. ഇവിടെ വച്ചാണ് പോയത്തിന്റെ ഭാഗമായുള്ള ഫ്യൂവല്‍ സെല്‍ ഉള്‍പ്പെടെയുള്ള പേലോഡുകളുകളുടെ പരീക്ഷണം നടത്തിയത്. നാല് ഘട്ടങ്ങളിലായാണ് പിഎസ്എല്‍വി റോക്കറ്റ് പ്രവര്‍ത്തിക്കുന്നത്. ദൗത്യത്തിനിടെ ആദ്യ മൂന്ന് ഘട്ടങ്ങള്‍ കത്തി സമുദ്രത്തിലേക്ക് വീഴും. അവസാന ഘട്ടത്തിലാണ് പോയം ഉള്‍പ്പെട്ടത്.

180 വാട്ട് വൈദ്യുതിയാണ് ഫ്യൂവല്‍ സെല്‍ ബഹിരാകാശത്ത് ഉല്‍പ്പാദിപ്പിച്ചത്. ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഈ ഇന്ധന സെല്ലുകള്‍ തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വി എസ് എസ് സി) ആണ് നിര്‍മിച്ചത്. ഭാവി ദൗത്യങ്ങള്‍ക്കുള്ള സംവിധാനങ്ങളുടെ രൂപകല്പന സുഗമമാക്കുന്നതിന് ബഹിരാകാശത്തെ പ്രവര്‍ത്തനത്തിലൂടെ ഡേറ്റ ശേഖരിക്കുക എന്നതായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യം. വൈദ്യുതി ഉത്പാദിപ്പിക്കുമ്പോള്‍ ഇവ ശുദ്ധജലവും ചൂടും പുറംതള്ളും.

മനുഷ്യര്‍ സഞ്ചരിക്കുന്നത് ഉള്‍പ്പെടെയുള്ള ഭാവി ബഹിരാകാശ ദൗത്യങ്ങളുടെ കാര്യത്തില്‍ വളരെ പ്രതീക്ഷ നല്‍കുന്നതാണ് ഐഎസ്ആര്‍ഒയുടെ ഫ്യൂവല്‍ സെല്‍ പരീക്ഷണത്തിന്റെ വിജയം. ഇത്തരം ദൗത്യങ്ങളില്‍ വൈദ്യുതി, വെള്ളം, ചൂട് എന്നിവ അനിവാര്യമാണ്. അതിനാല്‍ ഒരൊറ്റ സംവിധാനത്തിന് ദൗത്യത്തില്‍ ഒന്നിലധികം ആവശ്യകതകള്‍ നിറവേറ്റാന്‍ കഴിയുമെന്നത് ഫ്യൂവല്‍ സെല്ലുകളുടെ പ്രധാന്യം വര്‍ധിപ്പിക്കുന്നു. ബഹിരാകാശ ദൗത്യങ്ങളില്‍ കരുതല്‍ ഇന്ധനസംവിധാനമായും ഇത്തരം ഫ്യൂവല്‍ സെല്ലുകള്‍ ഉപയോഗിക്കാന്‍ കഴിയും.

നിരത്തിലോടുന്ന വാഹനങ്ങളുടെ കാര്യത്തിലും ഇത്തരം ഇന്ധന സെല്ലുകള്‍ക്ക് പ്രയോഗ സാധ്യതകളുണ്ട്. വാഹനങ്ങളുടെ എഞ്ചിനുകള്‍ മാറ്റിസ്ഥാപിക്കുന്നതിനും സ്റ്റാന്‍ഡ്‌ബൈ പവര്‍ സംവിധാനങ്ങള്‍ പവര്‍ ചെയ്യുന്നതിനുമുള്ള ഏറ്റവും ഉചിതമായ പരിഹാരമായും അവ കണക്കാക്കപ്പെടുന്നു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് എക്സ്പോസാറ്റിനെയും വഹിച്ചുകൊണ്ടാണ് പിഎസ്എല്‍വി-സി58 ജനുവരി ഒന്നിന് വിക്ഷേപിക്കുന്നത്. എക്സ്പോസാറ്റ് ദൗത്യത്തിനിടെ, സ്റ്റാര്‍ട്ടപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഐഎസ്ആര്‍ഒ എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്ത മറ്റ് പത്ത് പേലോഡുകളുടെ ലക്ഷ്യം നിറവേറ്റുന്നതിനായാണ് പേലോഡുകള്‍ വഹിക്കുന്ന പോയം (പിഎസ്എല്‍വി ഓര്‍ബിറ്റല്‍ പരീക്ഷണ മോഡ്യൂള്‍) എന്ന ഉപഗ്രഹം എക്സ്‌പോസാറ്റിനൊപ്പം ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ