Science

നാളെ നിർണായക ചുവടുവെപ്പ്; ആദിത്യ എൽ 1 അന്തിമ ഭ്രമണപഥത്തിലേക്ക്

വെബ് ഡെസ്ക്

സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ആദിത്യ എൽ1 നാളെ ലഗ്രാഞ്ച് പോയിന്റ് ഒന്നിന് (എൽ1) ചുറ്റുമുള്ള ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്ന് ഐ എസ് ആർ ഒ. വൈകിട്ടോടെയാണ് പേടകം സൂര്യ-ഭൗമ വ്യവസ്ഥയിലെ അഞ്ച് ലഗ്രാഞ്ച് പോയിന്റുകളിൽ ആദ്യത്തേതിന് ചുറ്റുമുള്ള 'ഹാലോ ഓർബിറ്റ്' എന്നറിയപ്പെടുന്ന ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുക.

ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകർഷണ സ്വാധീനം അനുഭവപ്പെടുന്ന സ്ഥലങ്ങളാണ് ലഗ്രാഞ്ച് പോയിന്റുകൾ. ആദിത്യ എൽ1 ഇതിനകം തന്നെ എൽ1 പോയിന്റ് സമീപം എത്തിക്കഴിഞ്ഞെന്നും ആറിന് അന്തിമ ഭ്രമണപഥത്തിൽ എത്തിക്കുമെന്നും ഐഎസ്ആർഒ വക്താക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് പേടകം എൽ1 പോയിന്റിനു ചുറ്റുമുള്ള ഭ്രമണപഥത്തിനു സമീപം എത്തിയിരിക്കുന്നത്. ഇറ്റലിക്കാരനായ ഗണിത ശാസ്ത്രജ്ഞൻ ജോസഫ് ലൂയി ലഗ്രാഞ്ചിന്റെ സ്മരണാർഥമാണ് ലഗ്രാഞ്ച് പോയിന്റുകൾക്ക് ആ പേര് ൽകിയിരിക്കുന്നത്.

മറ്റ് ലഗ്രാഞ്ച് പോയിന്റുകളെപ്പോലെ എൽ1, താരതമ്യേന സ്ഥിരതയുള്ള സ്ഥാനമാണെങ്കിലും ബഹിരാകാശ പേടകത്തെ ആ പ്രദേശത്ത് തന്നെ നിർത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. 'ഹാലോ ഓർബിറ്റ്' എന്ന് വിളിക്കപ്പെടുന്ന ഈ ബിന്ദുവിന് ചുറ്റുമുള്ള ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതാണ് പേടകത്തിന്റെ സുരക്ഷയ്ക്കും കൂടുതൽ കാര്യക്ഷമതയ്ക്കും നല്ലത്. ഇത് ആദിത്യ എൽ1 ന് സൂര്യനെ വിവിധ കോണുകളിൽനിന്ന് കാണാനുള്ള അവസരം നൽകുന്നു.

ഭ്രമണപഥത്തിലേക്ക് മാറ്റുന്നതിനിടെ സൂര്യനിൽനിന്ന് പുറത്തേക്കു വരുന്ന തീവ്രതയേറിയ രശ്മികളിൽനിന്ന് പേടകത്തിലെ പ്രധാനപ്പെട്ട ഉപകരണങ്ങളായ വിസിബിൾ എമിഷൻ ലൈൻ കോറോണഗ്രാഫും (വിഇഎൽസി) സോളാർ അൾട്രാവയലെറ്റ് ഇമേജിങ് ടെലെസ്‌കോപ്പും (എസ് യു ഐ ടി) സംരക്ഷിക്കുകയെന്നത് ശ്രമകരമായ ദൗത്യമാണ്.

വിക്ഷേപിച്ച് 127 -ാം ദിവസമാണ് ആദിത്യ എൽ1 അവസാന ലക്ഷ്യസ്ഥാനമായ ഹാലോ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നത്. സെപ്തംബർ രണ്ടിന് വിക്ഷേപിച്ച പേടകം സെപ്റ്റംബർ 18 മുതൽ, സൂര്യനെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കാനും സൂര്യനെ ചിത്രീകരിക്കാനും തുടങ്ങിയിരുന്നു.

സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, കൊറോണ എന്നിവയെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണ്. സൂര്യന്റെ പ്രതലത്തെക്കുറിച്ചും അന്തരീക്ഷത്തെ കുറിച്ചും പഠിക്കുക, സൂര്യന്റെ കാന്തിക വലയത്തെ മനസിലാക്കുക, അതിനു ഭൂമിയുടെ മേലുള്ള സ്വാധീനം തിരിച്ചറിയുക എന്നതൊക്കെയാണ് ആദിത്യ എൽ1ന്റെ പ്രധാന ലക്ഷ്യങ്ങൾ.

ഏഴ് ഉപകരണങ്ങൾ (പേലോഡുകൾ) അടങ്ങുന്നതാണ് ആദിത്യ എൽ - 1 പേടകം. എല്ലാ ഉപകരണങ്ങളും ഇന്ത്യ തദ്ദേശീയമായി നിർമിച്ചതാണ്. ഇതിൽ നാല് ഉപകരണങ്ങൾ സൂര്യനെക്കുറിച്ചും മൂന്ന് ഉപകരണങ്ങൾ ലഗ്രാഞ്ച് -1 ന്റെ പ്രത്യേകതകളെക്കുറിച്ചും പഠിക്കും. അഞ്ച് വർഷവും രണ്ടു മാസവുമാണ് ദൗത്യകാലാവധി.

ഭൂമിയുടെ സ്വാധീനമണ്ഡലത്തിൽനിന്ന് ഐഎസ്ആർഒ പുറത്തുകടത്തുന്ന രണ്ടാമത്തെ പേടകമാണ് ആദിത്യ എൽ 1. ചൊവ്വയെക്കുറിച്ച് പഠിക്കാൻ അയച്ച മംഗൾയാൻ പേടകമാണ് ഇതിനു മുൻപ് ഭൂമിയുടെ സ്വാധീനവലയം ഭേദിച്ചത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം