ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒയുടെ ഏറ്റവും വലിയ വിക്ഷേപണ വാഹനമായ എല്‍വിഎം-3യുടെ നിര്‍ണായകമായ രണ്ടാം വിക്ഷേപണം മാര്‍ച്ച് 26 ന്. യുകെ ആസ്ഥാനമായുള്ള സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സ്ഥാപനമായ വണ്‍വെബ്ബിന്റെ 36 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിക്കുക. എല്‍വിഎം-3യുടെ രണ്ടാമത്തെ വാണിജ്യ വിക്ഷേപണം എന്നതിനൊപ്പം, വണ്‍വെബ്ബിന്‌റെ ഉപഗ്രഹ ഇന്‌റര്‍നെറ്റ് സേവനം ആഗോളതലത്തില്‍ എത്തിക്കുന്നതിനുള്ള ഉപഗ്രഹ വിക്ഷേപം ശൃംഖലയുടെ പൂര്‍ത്തീകരണവും നടക്കും.
മാര്‍ച്ച് 26 ന് രാവിലെ ഒന്‍പത് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാകും വിക്ഷേപണം. വണ്‍വെബ്ബാണ് ഇക്കാര്യ ട്വിറ്ററിലൂടെ അറിയിച്ചത്. ഉപഗ്രഹ ഇന്‌റര്‍നെറ്റ് സംവിധാനം ആഗോളതലത്തിലെത്തിക്കുന്നതിന് ഇതുവരെ 17 തവണയാണ് വണ്‍വെബ്ബിന്‌റെ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുള്ളത്. 18മത്തെ ദൗത്യമാണ് മാര്‍ച്ച് 26 ലേത്. ഐഎസ്ആഓയ്ക്ക് പുറമെ സ്പേസ് എക്സ്, ഏരിയന്‍സ് സ്പേസ് എന്നിവയുടെ സേവനങ്ങള്‍ ഇതിനായി ഉപയോഗിച്ചു.
ഐ എസ് ആര്‍ ഒ യുടെ വാണിജ്യ വിഭാഗമായ ന്യൂസ് സ്പേസ് ഇന്ത്യ ലിമിറ്റഡുമായാണ് വണ്‍വെബ്ബ് കരാറിലേര്‍പ്പെട്ടത്. 72 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാനാണ് കരാര്‍. ഇതില്‍ ആദ്യ 36 എണ്ണം കഴിഞ്ഞ ഒക്ടോബറില്‍ വിക്ഷേപിച്ചു. ഇതിന്‌റെ രണ്ടാം ഘട്ടമാണ് ഈ മാസം നടക്കുന്നത്. ഭൂമിയോടു ചേര്‍ന്നിട്ടുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹ ശൃംഖല തീര്‍ത്ത് ലോകം മുഴുവന്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്ന പദ്ധതി ലക്ഷ്യമിടുന്ന കമ്പനിയാണ് വണ്‍വെബ്ബ്.
ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായി നിര്‍മിച്ച ജിഎസ്എല്‍വി മാര്‍ക്-3യാണ് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്-3 എന്ന് പിന്നീട് പുനര്‍നാമകരണം ചെയ്തത്. 2022 ഒക്ടോബര്‍ വരെ ചന്ദ്രയാനടക്കം രാജ്യത്തിന്‌റെ വിക്ഷേപണ ദൗത്യം മാത്രമാണ് ജിഎസ്എല്‍വി, പിന്നീടാണ് വാണിജ്യ വിക്ഷേപണ രംഗത്തേക്ക് ചുവടുറപ്പിച്ചത്. ഈ വിക്ഷേപണ വാഹനത്തിന്റെ ആറാം വിക്ഷേപണമാണ് ഇത്.