ചന്ദ്രയാന്‍ 3 ന് ശേഷം നിര്‍ണായകമായ അടുത്ത ദൗത്യത്തിന് ഒരുങ്ങി ഐഎസ്ആര്‍ഒ. സിംഗപ്പൂരിനായുള്ള വാണിജ്യ വിക്ഷേപണം ജൂലൈ 30 ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് പുലര്‍ച്ചെ 6.30നാണ് വിക്ഷേപണം.
സിംഗപ്പൂരിന്‌റെ ഡിഎസ്- എസ്എആര്‍ ഉപഗ്രഹവും മറ്റ് ആറ് ചെറു ഉപഗ്രഹങ്ങളുമാണ് പിഎസ്എല്‍വി -സി 56 ദൗത്യത്തിലുള്ളത്. ഭൂമിയില്‍ നിന്ന് 535 കിലോമീറ്റര്‍ അകലെയുള്ള നിയര്‍ ഇക്വറ്റോറിയല്‍ ഓര്‍ബിറ്റിലിലേക്കാണ് ഉപഗ്രഹം വിക്ഷേപിക്കുക. സിംഗപ്പൂരിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഡിഎസ്- എസ്എആറിന് 360 കിലോഗ്രാമാണ് ഭാരം.
ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ന്യൂ സ്‌പെയ്‌സ് ഇന്ത്യയും സിംഗപ്പൂര്‍ സര്‍ക്കാരും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് വിക്ഷേപണം. സിംഗപ്പൂരിലെ വിവിധ സര്‍വകാലാശലകളുടെയും സ്വകാര്യമേഖലയുടെയും സർക്കാർ വകുപ്പുകളുടെയും ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. വെലോക്‌സ് എഎം, ആര്‍കേഡ്, സിംഗപ്പൂരിലെ നന്യാങ് സങ്കേതിക സര്‍വകലാശാലയുടെ സ്‌കൂബ്-2, സിംഗപ്പൂര്‍ ദേശീയ സര്‍വകലാശാലയുടെ ഗലാസിയ-2, നുസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡിന്‌റെ നുലിയോണ്‍, അലീന പ്രൈവറ്റ് ലിമിറ്റഡിന്‌റെ ഓര്‍ബ് 12 എന്നിവയാണ് ആറ് ചെറു ഉപഗ്രഹങ്ങള്‍.
ഏപ്രിലില്‍ വിജയകരമായി പൂര്‍ത്തിയ സി 55 ദൗത്യത്തിന് ശേഷം പിഎസ്എല്‍വിയുടെ അടുത്ത വിക്ഷേപണമാണ് ഇത്. സി-55 ന് സമാനമായി സി56 ലും പിഎസ്എല്‍വിയുടെ കോര്‍- എലോണ്‍ വേരിയേഷന്‍ ആണ് ഉപയോഗിക്കുന്നത്.