ഇന്ത്യയുടെ അഭിമാന ബഹിരാകാശ യാത്ര പദ്ധതിയായ ഗഗൻയാനിൽ കേരളത്തിന് അഭിമാനമായി പാലക്കാട് സ്വദേശിയും. വ്യോമസേനയിൽ സുഖോയ് യുദ്ധവിമാനം പറത്തുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് സംഘത്തിന്റെ തലവൻ.
പാലക്കാട് നെന്മാറ കൂളങ്ങാട്ട് പ്രമീളയുടെയും വിളമ്പിൽ ബാലകൃഷ്ണന്റെയും മകനായ പ്രശാന്ത് ബി നായർ നാഷണൽ ഡിഫൻസ് അക്കാദമി(എൻഡിഎ)യിലെ പഠനത്തിനുശേഷമാണ് വ്യോമസേനയുടെ ഭാഗമാകുന്നത്. 1976 ഓഗസ്റ്റ് 26 ന് പാലക്കാട് തിരുവാഴിയാടാണ് ജനനം. പാലക്കാട് അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളേജിൽ പഠിക്കവേയായിരുന്നു എൻഡിഎ പ്രവേശനം.
നാൽപ്പത്തിയൊൻപതുകാരനായ പ്രശാന്ത് 1998 ൽ ഹൈദരാബാദ് വ്യോമസേന അക്കാദമിയിൽനിന്ന് സ്വേർഡ് ഓഫ് ഓണർ നേടി. അതേവർഷം ഡിസംബർ 19ന് വ്യോമസേനയിൽ കമ്മിഷൻ ചെയ്യപ്പെട്ടു.
ഊട്ടി വെല്ലിങ്ടണിലെ ഡിഫൻസ് സർവിസ് സ്റ്റാഫ് കോളേജ്, താംബരത്തെ ഫ്ലൈയിങ് ഇൻസ്ട്രേക്റ്റേഴ്സ് സ്കൂൾ എന്നിവിടങ്ങളിലെയും പൂർവ വിദ്യാർഥിയായ പ്രശാന്ത് യുഎസ് എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജിൽനിന്ന് ഒന്നാം റാങ്കോടെ ബിരുദവും നേടി.
എ കാറ്റഗറി ഫ്‌ളൈയിങ് ഇന്‍സ്ട്രക്ടറും ടെസ്റ്റ് പൈലറ്റുമായ പ്രശാന്ത് ഏകദേശം 3,000 മണിക്കൂര്‍ പറക്കല്‍ പരിചയമുള്ളയാണ്. സുഖോയ്-30 എംകെഐ, മിഗ്-21, മിഗ്-29, ഹോക്ക്, ഡോണിയര്‍ തുടങ്ങിയ വിമാനങ്ങൾ പറത്തിയിട്ടുണ്ട്. വ്യോമസേനയുടെ മുൻനിര യുദ്ധവിമാനമായ സുഖോയ്-30 സ്‌ക്വാഡ്രന്റെ കമാന്‍ഡറാണ്.
അഭിനേത്രി ലെനയുടെ പങ്കാളി കൂടിയാണ് ക്യാപ്റ്റൻ പ്രശാന്ത് നായർ. 2024 ജനുവരി 17 നാണ് ഇരുവരും വിവാഹിതരായത്.
ഗഗൻയാൻ ദൗത്യത്തിനായി നൂറു കണക്കിനുപേരെ പ്രാഥമിക ആരോഗ്യ-ശാരീരിക പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. കർശന പരിശോധനകളിൽ മിക്കവരും പരാജയപ്പെട്ടു. തുടർന്നുണ്ടാക്കിയ ചുരുക്കപ്പട്ടികയിൽനിന്നാണ് പ്രശാന്ത് ഉൾപ്പെടെ നാല് വ്യോമസേനാ പൈലറ്റുമാരെ അന്തിമമായി തിരഞ്ഞെടുത്തത്.
മൂന്നുവർഷം മുൻപാണ് നാല് യാത്രികരെയും ദൗത്യത്തിനായി ഐഎസ്ആർഒ തിരഞ്ഞെടുത്തത്. ഏത് പ്രതികൂല സാഹചര്യവും നേരിടുന്നതിനായി നാല് പേർക്കും കടുത്ത ശാരീരിക-മാനസിക പരിശീലനമാണ് നൽകിയത്. റഷ്യയിലും ഇന്ത്യയിലുമായിട്ടായിരുന്നു പരിശീലനം. ആദ്യ ഘട്ട പരിശീലനം റഷ്യയിലായിരുന്നു. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ ബഹിരാകാശ കേന്ദ്രത്തിൽ ഒന്നരവർഷം നീളുന്നതായിരുന്നു ഈ പരിശീലനം.
ബെംഗളുരു പ്രത്യേക കേന്ദ്രത്തിലായിരുന്നു രണ്ടാംഘട്ട പരിശീലനം. ഐഎസ്ഐർഒയ്ക്കു കീഴിലെ ഹ്യൂമൻ സ്പേസ് ഫ്ളൈറ്റ് സെന്ററിലെ പരിശീലനത്തിനൊടുവിലാണ് പ്രശാന്ത് ഉൾപ്പെടെയുള്ളവരെ രാജ്യത്തിനുമുൻപാകെ പരിചയപ്പെടുത്തിയത്. അതുവരെ ഇവരുടെ പേരുവിവരങ്ങൾ ഐഎസ്ആർഒ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. പ്രതികൂല സാഹചര്യങ്ങൾ അതിജീവിക്കാൻ ഏറ്റവും ഉചിതമായവർ എന്ന നിലയ്ക്കാണ് ദൗത്യത്തിൽ വ്യോമസേനാ പൈലറ്റുമാർക്ക് ഊന്നൽ നൽകിയത്.
അടുത്ത വർഷമാണ് മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിന് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ദൗത്യം വിജയിച്ചാൽ ഈ ലക്ഷ്യം കൈവരിക്കുന്ന നാലാമത്തെ മാത്രം രാജ്യമാകും ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഇതിനുമുൻപ് യാത്രികരെ ബഹിരാകാശത്ത് അയച്ച് സുരക്ഷിതമായി തിരിച്ചെത്തിച്ചത്.
യാത്രികരെ ഭൂമിക്ക് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് എത്തിക്കുക. എൽഎംവി 3 എന്ന ഐഎസ്ആർഒയുടെ ഏറ്റവും ആധുനിക റോക്കറ്റാണ് വിക്ഷേപണ വാഹനം. മനുഷ്യരെ വഹിക്കുന്നതിനുള്ള മാനദണ്ഡങ്ങളുടെ അന്തിമ പരീക്ഷണം ഹ്യൂമൻ റേറ്റഡ് എൽഎംവി 3 റോക്കറ്റ് കഴിഞ്ഞദിവസം വിജയരകമായി പൂർത്തിയാക്കിയിരുന്നു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് വിക്ഷേപിക്കുന്ന ഗഗൻയാൻ ദൗത്യ പേടകം മൂന്നുദിവസത്തിനുശേഷം കടലിൽ വീഴ്ത്തി വീണ്ടെടുക്കും. 8,000 കിലോഗ്രാം ഭാരമുള്ള പേടകം ഭ്രമണപഥത്തിൽനിന്ന് തിരിച്ചിറക്കി പാരച്യൂട്ടിന്റെ സഹായത്തോടെയാണ് കടലിൽ സുരക്ഷിതമായി വീഴ്ത്തുക. യാത്രികർക്ക് സുരക്ഷിതമായി കഴിയാൻ വേണ്ടി രൂപകല്പന ചെയ്ത ക്രൂ മൊഡ്യൂൾ, സർവീസ് മൊഡ്യൂൾ എന്നിങ്ങനെ രണ്ട് ഭാഗങ്ങൾ ഉൾപ്പെടുന്നതാണ് പേടകം.
ദൗത്യത്തിനിടെ അപ്രതീക്ഷിത തിരിച്ചടി നേരിട്ടാൽ യാത്രികരെ സുരക്ഷിതമാക്കുന്നതിനുള്ള പരീക്ഷണം ഐഎസ്ആർഒ വിജയമരമാക്കിയിരുന്നു. ക്രൂ എസ്‌കേപ്പ് സിസ്റ്റം ഉള്‍പ്പെടുന്ന ആദ്യ അബോര്‍ട്ട് പരീക്ഷണമായ ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍ -1 (ടിവി ഡി-1) ഒക്ടോബര്‍ 21നായിരുന്നു. ബഹിരാകാശത്തുവച്ച് റോക്കറ്റില്‍നിന്ന് ക്രൂ മൊഡ്യൂള്‍ മാതൃക ബംഗാള്‍ ഉള്‍ക്കടലില്‍ വീഴ്ത്തുകയും തുടര്‍ന്ന് വീണ്ടെടുക്കുകയും ചെയ്തതായിരുന്നു ഈ പരീക്ഷണം. ഇങ്ങനെ കടലിൽ വീഴ്ത്തുന്ന പേടകം ശരിയായ ദിശയിൽ പൊങ്ങിനിൽക്കുന്നത് ഉറപ്പാക്കുന്നതിനുള്ള ടിവി ഡി-2 പരീക്ഷണം ഉടന്‍ നടത്താനിരിക്കുകയാണ് ഐഎസ്ആര്‍ഒ. ഗഗന്‍യാന്റെ പാരച്യൂട്ട് സംവിധാനങ്ങളുടെ കാര്യക്ഷമത തെളിയിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പരീക്ഷണം.
മനുഷ്യരെ അയയ്ക്കുന്നതിനു മുന്നോടിയായി രണ്ട് ആളില്ലാ ദൗത്യങ്ങൾ വിക്ഷേപിക്കും. ആദ്യ ദൗത്യം ഈ വർഷമുണ്ടാവും. ആളില്ലാ ദൗത്യങ്ങളിലൊന്നിൽ വ്യോംമിത്രം എന്ന റോബോട്ടിനെ ബഹിരാകാശത്ത് അയയ്ക്കും.