സൂര്യന്റെ ഉപരിതലത്തില്‍ ഭൂമിയേക്കാൾ 20 മടങ്ങ് വലിപ്പമുള്ള ദ്വാരം കണ്ടെത്തി ഗവേഷകർ. സൗരപ്രഭാമണ്ഡലദ്വാരം (കൊറോണൽ ഹോൾ) എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതേ തുടര്‍ന്ന് ശക്തമായ സൗരക്കാറ്റിന് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ ഏജൻസിയായ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോഫെറിക് അഡ്മിനിസ്‌ട്രേഷന്‍ (എന്‍ഒഎഎ) മുന്നറിയിപ്പ് നല്‍കി.
നാസയുടെ സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററി (എസ്ഡിഒ) മാർച്ച് 23നാണ് സൂര്യന്റെ ദക്ഷിണധ്രുവത്തിനടുത്ത് കൊറോണൽ ഹോൾ കണ്ടെത്തിയത്. കറുത്ത നിറത്തില്‍ ഭീമന്‍ ദ്വാരം കാണപ്പെട്ടതോടെ സൂര്യന്റെ ഒരു ഭാഗം അപ്രത്യക്ഷമായതിന് സമാനമായാണ് അനുഭവപ്പെടുന്നതെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. . ഇതിനുമുൻപ് പല തവണ കൊറോണൽ ദ്വാരങ്ങൾ സൂര്യനിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത്രയും വലുപ്പമുള്ളത് ഇതാദ്യമാണ്.
ദ്വാരത്തിന്റെ വലിപ്പം കണക്കിലെടുത്താണ് ഭൗമകാന്തിക കൊടുങ്കാറ്റുകൾക്ക് (geomagnetic storms) നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോഫെറിക് അഡ്മിനിസ്‌ട്രേഷന്‍ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ദ്വാരത്തിലൂടെ 2.9 ദശലക്ഷം കിലോമീറ്റർ വേഗതയില്‍ സൗരക്കാറ്റ് (solar winds) ഭൂമിയിലേക്കെത്തുമെന്നാണ് മുന്നറിയിപ്പ്. രണ്ട് ദിവസത്തിനകം ഇത് ഭൂമിയിൽ പതിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
ദ്വാരത്തിന്റെ സാന്നിധ്യം സൗരക്കാറ്റ് ബഹിരാകാശത്തേക്ക് കൂടുതൽ വേഗത്തില്‍ കടക്കുന്നതിന് കാരണമാകും. സൗരവാതം ഭൂമിയെ എങ്ങനെ ബാധിക്കുമെന്നത് വിലയിരുത്താൻ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. സൂര്യനിൽ നിന്നുള്ള വാതകങ്ങളുടെ തുടർച്ചയായ പ്രവാഹം ഭൂമിയുടെ കാന്തിക ശക്തിയേയും ഉപഗ്രഹങ്ങളേയും മൊബൈൽ ഫോണുകളെയും ജിപിഎസിനേയും വരെ ബാധിച്ചേക്കാമെന്നാണ് കണക്കുകൂട്ടൽ.
സൂര്യന്റെ പ്രതത്തിലെ ഇരുണ്ട പ്രദേശങ്ങളായാണ് കൊറോണൽ ദ്വാരങ്ങൾ കാണപ്പെടുന്നത്. തണുത്തതും പ്ലാസ്മയേക്കാള്‍ സാന്ദ്രത കുറഞ്ഞതുമായ പ്രദേശങ്ങളിൽ രൂപപ്പെടുന്നതുകൊണ്ടാണ് അവ ഇരുണ്ടതായി കാണുന്നത്. ഈ ദ്വാരങ്ങൾ സൂര്യനിൽ ഏത് സമയത്തും ഏത് സ്ഥലത്തും രൂപപ്പെടാം. എന്നാൽ ഉത്തര ദക്ഷിണ ധ്രുവങ്ങളിലാണ് കൂടുതലും കാണപ്പെടുന്നത്.