Science

റോയല്‍ സ്വീഡിഷ് അക്കാദമിയുടെ അശ്രദ്ധ; രസതന്ത്ര നൊബേല്‍ ജേതാക്കളുടെ പേര് ചോര്‍ന്നത് ഇമെയില്‍ വഴി

വെബ് ഡെസ്ക്

രസതന്ത്ര മേഖലയിലെ സംഭാവനകള്‍ക്കുള്ള നൊബേല്‍ പുരസ്‌കാര ജേതാക്കളുടെ പേര് ചോര്‍ന്നത് റോയല്‍ സ്വീഡിഷ് അക്കാദമിയുടെ അശ്രദ്ധയിലൂടെ. അക്കാദമിയുടെ മീഡിയ സെല്‍ ഓഫീസില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് അബദ്ധവശാല്‍ അയച്ച ഇമെയിലില്‍ നിന്നാണ് പുരസ്‌കാര ജേതാക്കളുടെ പേരുവിവരങ്ങള്‍ പുറത്തുപോയതെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. സ്വീഡിഷ് ദിനപത്രമായ 'അഫ്‌ടോൺബ്ലാഡെറ്റ്' ആണ് മോംഗി ജി ബവേൻഡി, ലൂയിസ് ഇ ബ്രസ്, അലക്സി എൽ എകിമോവ് എന്നീ മൂന്ന് പുരസ്‌കാര ജേതാക്കളുടെ പേരുവിവരങ്ങൾ പ്രഖ്യാപനത്തിനും മണിക്കൂറുകൾക്ക് മുൻപ് പുറത്തുവിട്ടത്. അക്കാദമിയിൽ നിന്നുള്ള ഇമെയിലിന്റെ പകർപ്പും തങ്ങളുടെ റിപ്പോര്‍ട്ടിനൊപ്പം ഇവര്‍ പ്രസിദ്ധീകരിച്ചിരുന്നു.

അർധചാലക നാനോ ക്രിസ്റ്റലുകളുടെ കണ്ടെത്തലിനും സമന്വയത്തിനുമാണ് പുരസ്‌കാരം ലഭിച്ചത്. ഇത് അഫ്‌ടോൺബ്ലാഡെറ്റ് പുറത്തുവിട്ട റിപ്പോർട്ടിലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചോർച്ച നടന്നെന്ന ആരോപണം അക്കാദമി നിഷേധിച്ചിരുന്നു. പുറത്തുവന്ന വിവരം തെറ്റാണെന്നും വിജയികളെ ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നുമായിരുന്നു അക്കാദമിയുടെ രസതന്ത്രത്തിനുള്ള നോബൽ കമ്മിറ്റി ചെയർമാനായ ജോഹാൻ അക്വിസ്റ്റ് റോയിട്ടേഴ്സിനോട് പറഞ്ഞത്.

"ഇത് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസിന്റെ അബദ്ധവശാൽ സംഭവിച്ചതാണ്. ഞങ്ങളുടെ മീറ്റിംഗ് 9:30 (സെൻട്രൽ യൂറോപ്യൻ സമയം ) മണിക്കാണ് ആരംഭിക്കുക. അതിനാൽ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. വിജയികളെ തിരഞ്ഞെടുത്തിട്ടില്ല," പ്രഖ്യാപനത്തിന് മുൻപ് ജോഹാൻ അക്വിസ്റ്റ് വ്യക്തമാക്കി.

എൽഇഡി ലൈറ്റുകളിലും ടിവി സ്ക്രീനുകളിലും നാനോപാർട്ടിക്കിളുകളും ക്വാണ്ടം ഡോട്ടുകളും ഉപയോഗിക്കുന്നുവെന്നും, കൂടാതെ കാൻസർ ടിഷ്യു നീക്കം ചെയ്യുമ്പോൾ ശസ്ത്രക്രിയാവിദഗ്ധരെ നയിക്കാനും ഇത് ഉപയോഗിക്കാമെന്നും ചോർന്ന ഇമെയിൽ സന്ദേശത്തിൽ പറഞ്ഞിരുന്നു. '

ഫ്രഞ്ച്, ടുണീഷ്യന്‍ വംശജനായ അമേരിക്കന്‍ രസതന്ത്രജ്ഞനാണ് മോംഗി ഗബ്രിയേല്‍ ബവേൻഡി. റഷ്യന്‍ റരസതന്ത്ര ശാസ്ത്രജ്ഞനാണ് അലക്‌സി ഇവാനോവിച്ച് എകിമോവ്.

മോംഗി ജി ബവേൻഡി മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറും ലൂയിസ് ഇ ബ്രസ് മിച്ചല്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി പ്രൊഫസറും ആണ്. അലക്സി എൽ എകിമോവ് നാനോക്രിസ്റ്റൽസ് ടെക്‌നോളജിയിലാണ് ജോലി ചെയ്യുന്നത്. കൊളോയ്ഡല്‍ സെമി-കണ്ടക്ടര്‍ നാനോക്രിസ്റ്റലുകളുടെ കണ്ടുപിടുത്തക്കാരനാണ് അദ്ദേഹം. വാവിലോവ് സ്റ്റേറ്റ് ഒപ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണത്തില്‍ അര്‍ദ്ധചാലക നാനോക്രിസ്റ്റലുകള്‍ കണ്ടെത്തലുകൾ നടത്തിയ ആളാണ് എകിമോവ്.

സാഹിത്യത്തിനുള്ള പുരസ്‌കാരം നാളെയും സമാധാനത്തിനുള്ള പുരസ്‌കാരം ആറിനും പ്രഖ്യാപിക്കും. സാമ്പത്തികശാസ്ത്രത്തിനുള്ളത് ഒന്‍പതിനാണ് പ്രഖ്യാപിക്കുക. 1895ല്‍ മരിച്ച സ്വീഡിഷ് ശാസ്ത്രഞ്ജന്‍ ആല്‍ഫ്രഡ് നൊബേലിന്റെ ഓര്‍മയ്ക്കായാണ് നൊബേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്. 1895 ല്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ആദ്യം സമ്മാനിച്ചത് 1901 ലാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും