Science

വോയേജർ-2 പേടകം നിയന്ത്രണത്തിൽ; ബന്ധം പൂർണമായും പുനഃസ്ഥാപിച്ചതായി നാസ

ആശയവിനിമയം നഷ്‌ടപ്പെട്ടശേഷം കണ്‍ട്രോള്‍ സ്‌റ്റേഷനില്‍നിന്ന് നല്‍കുന്ന കമാൻഡുകള്‍ സ്വീകരിക്കാനോ നാസയുടെ ഡീപ് സ്‌പേസ് നെറ്റ്‌വർക്കിലേക്ക് ഡേറ്റ അയയ്ക്കാനോ പേടകത്തിന് സാധിച്ചിരുന്നില്ല

വെബ് ഡെസ്ക്

റോബോട്ടിക് ബഹിരാകാശ പേടകമായ വോയേജര്‍- 2 മായുള്ള ബന്ധം പൂർണമായും പുനഃസ്ഥാപിച്ചതായി അമേരിക്കൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ. തെറ്റായ കമാൻഡ് നൽകിയത് മൂലം ജൂലൈ 21 നാണ് വോയേജര്‍-2 വുമായുള്ള ബന്ധം നാസയ്ക്ക് നഷ്ടമായത്. ബന്ധം പുനഃസ്ഥാപിക്കാനായുള്ള ശ്രമങ്ങള്‍ക്കിടെ കഴിഞ്ഞ ചൊവ്വാഴ്ച പേടകത്തിൽ നിന്നുള്ള സിഗ്നലുകൾ ലഭിച്ചതായി നാസ അറിയിച്ചിരുന്നു. ഒക്ടോബറിൽ പേടകം സ്വയം റീസെറ്റ് ചെയ്യുമ്പോൾ ബന്ധം പുനഃസ്ഥാപിക്കാമെന്നായിരുന്നു പ്രതീക്ഷ. ഇന്റർസ്റ്റെല്ലാർ കമാൻഡ് നൽകിയാണ് ഇപ്പോൾ ബന്ധം പുനഃസ്ഥാപിച്ചിരിക്കുന്നത്.

വോയേജർ 2 ഭൂമിയിൽനിന്ന് കോടിക്കണക്കിന് മൈലുകൾ അകലെയായതിനാൽ 37 മണിക്കൂർ സമയമെടുത്താണ് ഇന്റർസ്റ്റെല്ലാർ കാമാൻഡിന്റെ പ്രതികരണം മിഷൻ കൺട്രോളറുകൾക്ക് ലഭിച്ചത്. ബഹിരാകാശ പേടകത്തിലേക്ക് സന്ദേശങ്ങൾ നൽകാൻ ഉപയോഗിക്കുന്ന ഉയർന്ന പവറുള്ള ട്രാൻസ്മിറ്റർ ആണിത്. അനുകൂല സാഹചര്യങ്ങൾ വിലയിരുത്തി കമാൻഡ് നൽകാൻ നാസ തീരുമാനിക്കുകയായിരുന്നു.

പേടകത്തിന്റെ ആന്റിന ഇപ്പോൾ ഭൂമിക്ക് അഭിമുഖമാണെന്ന് വോയേജർ പ്രോജക്റ്റ് മാനേജർ സുസെയ്ൻ ഡോഡ് എഎഫ്‌പിയോട് പറഞ്ഞു. തെറ്റായ കമാൻഡുകള്‍ നല്‍കുക വഴി, പേടകത്തിന്റെ ആന്റിനയുടെ ദിശ മാറിയതാണ് വിനയായത്. ആന്റിനയുടെ ദിശയില്‍ വെറും രണ്ട് ശതമാനത്തിന്റെ മാറ്റമാണ് ഉണ്ടായതെങ്കിലും വളരെ അകലെയായതിനാല്‍ ഭൂമിയുടെ ദിശയില്‍നിന്ന് മാറുകയായിരുന്നു.

ആശയവിനിമയം നഷ്‌ടപ്പെശേഷം കണ്‍ട്രോള്‍ സ്‌റ്റേഷനില്‍നിന്ന് നല്‍കുന്ന കമാൻഡുകള്‍ സ്വീകരിക്കാനോ നാസയുടെ ഡീപ് സ്‌പേസ് നെറ്റ്‌വർക്കിലേക്ക് ഡേറ്റ അയയ്ക്കാനോ പേടകത്തിന് സാധിച്ചിരുന്നില്ല. പേടകം സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഓഗസ്റ്റ് നാലിനാണ് ഏജൻസി സ്ഥിരീകരിച്ചത്. സാധാരണ ഓരോ വർഷവും ഒന്നിലധികം തവണ സ്ഥാനം പുനഃക്രമീകരിക്കാനായി പേടകം റീ സെറ്റ് ചെയ്യും. ഈ വർഷം ഇനി ഒക്ടോബർ 15-നാണ് ഇത് നടക്കുക. മറ്റെല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാൽ ഒക്ടോബറിൽ പേടകത്തിന്റെ സ്ഥാനം കണ്ടെത്താമെന്നായിരുന്നു നാസയുടെ പ്രതീക്ഷ.

സൗരയൂഥത്തിലെ ബാഹ്യ ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുന്ന റോബോട്ടിക് ബഹിരാകാശ പേടകമാണ് വോയേജര്‍- 2. 1977 ലാണ് പേടകം വിക്ഷേപിച്ചത്. 2018 ലാണ് നക്ഷത്രാന്തരീയ മേഖലയില്‍ (interstellar space) വോയേജര്‍-2 എത്തിയത്. വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂണ്‍ തുടങ്ങിയ ഗ്രഹങ്ങളെക്കുറിച്ചും സൗരയൂഥത്തിന്‌റെ അവസാന ഭാഗത്തെക്കുറിച്ചും പഠിക്കുകയാണ് പേടകത്തിന്‌റെ ദൗത്യം. ഭൂമിയില്‍നിന്ന് 1,900 കോടി കിലോമീറ്റര്‍ അകലെയാണ് പേടകത്തിന്റെ സ്ഥാനം. ഭൂമിക്ക് അകലെയുള്ള മനുഷ്യനിര്‍മിത വസ്തുക്കളില്‍ ദൂരം കൊണ്ട് രണ്ടാമതാണ് വോയേജര്‍-2.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ