ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക ക്യാപ്റ്റന്‍ സുനിതാ വില്യംസ് പൈലറ്റായുള്ള ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനര്‍ മെയ് പത്തിന് വിക്ഷേപിക്കും. ബഹിരാകാശ വാഹനത്തിന്റെ സാങ്കേതിക തകരാറുകള്‍ മൂലം ഇന്നത്തെ വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു. നാസയാണ് പുതുക്കിയ തീയതി അറിയിച്ചത്.
ഓക്‌സിജന്‍ വാല്‍വില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം മാറ്റിവച്ചത്. അറ്റ്‌ലസ് 5 റോക്കറ്റിന്റെ സെൻ്റ്വര്‍ അപ്പര്‍ സ്റ്റേജിലെ ലിക്വിഡ് ഓക്‌സിജന്‍ ടാങ്കിലെ റെഗുലേഷന്‍ വാല്‍വിന്റെ സമ്മര്‍ദത്തിന്റെ ഡാറ്റാ വിശകലനം പൂര്‍ത്തിയാക്കാനും ആവശ്യമെങ്കില്‍ മറ്റൊരു വാല്‍വ് സ്ഥാപിക്കാനും ഇത്രയും സമയം ആവശ്യമാണെന്നും നാസ വ്യക്തമാക്കി.
സുനിത വില്യംസിനെ കൂടാതെ ബുച്ച് വില്‍മോറും വിക്ഷേപണത്തിനായി പേടകത്തില്‍ പ്രവേശിച്ചിരുന്നു. വിക്ഷേപണം മാറ്റിവച്ചതോടെ ഇരുവരെയും പേടകത്തില്‍ നിന്ന് തിരിച്ചിറക്കി ബഹിരാകാശ യാത്രികരുടെ ക്വാര്‍ട്ടേര്‍സിലേക്ക് മാറ്റി. യുണൈറ്റഡ് ലോഞ്ച് അലയന്‍സാണ് അറ്റ്‌ലസ് 5 റോക്കറ്റ് നിര്‍മിച്ചത്.
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് ഇന്ന് രാവിലെ ഇന്ത്യന്‍ സമയം രാവിലെ 8.34നായിരുന്നു പേടകത്തിന്റെ വിക്ഷേപണം തീരുമാനിച്ചിരുന്നത്. 'ക്രൂ ഫ്ലൈറ്റ് ടെസ്റ്റ്' എന്നറിയപ്പെടുന്ന ദൗത്യത്തിന്റെ ലക്ഷ്യം നാസയുടെ ബഹിരാകാശയാത്രികരായ ബുച്ച് വില്‍മോര്‍, സുനിത വില്യംസ് എന്നിവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുകയായിരുന്നു. ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിന്റെ പ്രഥമ ദൗത്യത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ സുനിതയാണ്. പുതിയ പേടകത്തിന്റെ ദൗത്യത്തില്‍ പറക്കുന്ന ആദ്യ വനിതയെന്ന ബഹുമതിയും സുനിതയ്ക്ക് തന്നെ. സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര കൂടിയായിരുന്നു സ്റ്റാര്‍ലൈനറിന്റേത്.
സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണിനൊപ്പം ബഹിരാകാശയാത്രികരെ ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള മറ്റൊരു സാധ്യത എന്ന നിലയ്ക്ക് നാസയുടെ ചരിത്രപ്രധാനമായ ദൗത്യമാണിത്. ഏഴ് ബഹിരാകാശയാത്രികരെ വഹിക്കാന്‍ കഴിയുന്ന സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകം ഭാഗികമായി പുനരുപയോഗിക്കാവുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ബഹിരാകാശത്തേക്ക് മനുഷ്യരെ എത്തിക്കാനുള്ള ബോയിങ്ങിന്റെ ശേഷി വികസിപ്പിക്കുന്നതില്‍ സുപ്രധാനമായ അടയാളപ്പെടുത്തല്‍ കൂടിയാണ് ഈ ദൗത്യം. ലോകമെമ്പാടുമുള്ള വിമാനങ്ങള്‍, റോട്ടര്‍ക്രാഫ്റ്റുകള്‍, റോക്കറ്റുകള്‍, ഉപഗ്രഹങ്ങള്‍, മിസൈലുകള്‍ എന്നിവ രൂപകല്‍പ്പന ചെയ്യുകയും നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന അമേരിക്ക ആസ്ഥാനമായ ബഹുരാഷ്ട്ര കോര്‍പറേഷനാണ് ബോയിങ് കമ്പനി.